നവീൻബാബുവിന്റെ മരണം: പമ്പിന് പിന്നിൽ ആര്? പുറത്തുവരാതിരിക്കാൻ പങ്കാളിത്തക്കരാർ രേഖ മുക്കിയെന്ന് സൂചന

പത്തനംതിട്ട: കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ പെട്രോൾ പമ്പിന്റെ അനുമതിക്ക് സമർപ്പിച്ച രേഖകളിലെ പങ്കാളിത്തക്കരാർ (പാർട്ണർഷിപ്പ് ഡീഡ്) രേഖ മുക്കിയതായി സൂചന. 2024 മാർച്ച് 30-ന് തളിപ്പറമ്പ് തഹസിൽദാർ, അന്നത്തെ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പങ്കാളിത്തക്കരാർ ഉള്ളടക്കം ചെയ്തിട്ടുണ്ടെന്ന് കാണിച്ചിട്ടുണ്ട്. എന്നാൽ, അത്തരമൊരു കരാർ ലഭ്യമല്ലെന്ന വിവരമാണ്, നവീൻ ബാബുവിന്റെ മരണം വിവാദമായപ്പോൾ കളക്ടറേറ്റിൽനിന്ന് ലഭിച്ചത്.
പെട്രോൾ പമ്പിന് അപേക്ഷിച്ച പ്രശാന്തൻ, ഒന്നോ അതിൽ കൂടുതലോ ആൾക്കാരുമായി ഉണ്ടാക്കിയ പങ്കാളിത്തക്കരാറാണ് തഹസിൽദാർ ഉള്ളടക്കം ചെയ്തിരുന്നത്.
പമ്പിനുപിന്നിൽ ആരാണെന്നത് പുറത്തുവരാതിരിക്കാനായി കരാർ രേഖ മുക്കിയതാണോയെന്ന സംശയമാണുയരുന്നത്. പമ്പിന്റെ അനുമതിക്ക് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ചയാളാണ് പ്രശാന്തൻ. ഈ പെട്രോൾ പമ്പിന്റെ അനുമതിയുമായി ബന്ധപ്പെട്ടാണ്, 2024 ഒക്ടോബർ 14-ന് നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ക്ഷണിക്കാതെ എത്തിയതും അദ്ദേഹത്തെ ആക്ഷേപിച്ച് സംസാരിച്ചതും.
ഇതിന്റെ പിറ്റേന്ന് രാവിലെയാണ് നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന്റെ കുടുംബം, ഈ പെട്രോൾ പമ്പിന്റെ ഉടമസ്ഥാവകാശം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Content Highlights: Discrepancies found in the documentation of the petrol pump linked to the Naveen Babu case., A partnership deed mentioned in a March 2024 report is currently missing from collectorate records., Suspicions arise regarding the concealment of the actual stakeholders behind the petrol pump., The controversy links the petrol pump approval to the events preceding Naveen Babu's death on October 15, 2024.