മകനെ നേരിൽക്കണ്ടപ്പോൾ ആ അമ്മയ്ക്ക് വാക്കുകളിടറി, പുതുജന്മത്തെപ്പറ്റി പറഞ്ഞുതുടങ്ങിയപ്പോൾ നളിനാക്ഷനും

• കുവൈത്തിലെ ഫ്ളാറ്റിലുണ്ടായ തീപ്പിടിത്തത്തിൽനിന്ന് രക്ഷപ്പെട്ട് തൃക്കരിപ്പൂർ ഒളവറയിലെ വീട്ടിലെത്തിയ ടി.വി. നളിനാക്ഷൻ അമ്മ യശോദയ്ക്കൊപ്പം | ഫോട്ടോ: രാമനാഥ് പൈ
• കുവൈത്തിലെ ഫ്ളാറ്റിലുണ്ടായ തീപ്പിടിത്തത്തിൽനിന്ന് രക്ഷപ്പെട്ട് തൃക്കരിപ്പൂർ ഒളവറയിലെ വീട്ടിലെത്തിയ ടി.വി. നളിനാക്ഷൻ അമ്മ യശോദയ്ക്കൊപ്പം | ഫോട്ടോ: രാമനാഥ് പൈ

തൃക്കരിപ്പൂർ: നിറഞ്ഞ കണ്ണുകളും പൂക്കളുമായി തന്നെ സ്വീകരിക്കാനെത്തിയ അമ്മയെ കണ്ടപ്പോൾ നളിനാക്ഷന്റെ ഹൃദയം നിറഞ്ഞു. കണ്ണുനിറഞ്ഞൊഴുകി. അമ്മ യശോദയെ ചേർത്തുനിർത്തി സ്നേഹം പങ്കുവെച്ചു. ഒളവറയിലെ 'ടി.വി. നിവാസിൽ' സന്തോഷവും ആശ്വാസവും അലയടിച്ചു. ഒളവറയിലെ ടി.വി. നളിനാക്ഷനിത് പുതുജന്മമാണ്. കുവൈത്തിൽ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽനിന്ന് രക്ഷപ്പെട്ട നളിനാക്ഷൻ രണ്ടുമാസത്തിനു ശേഷമാണ് അമ്മയ്ക്കരികിലെത്തുന്നത്.

മകനെ നേരിൽക്കണ്ടപ്പോൾ ഇടറിയ വാക്കുകൾകൊണ്ട് അമ്മ ടി.വി. യശോദ ചേർത്തുനിർത്തി. പുതുജന്മത്തെപ്പറ്റി പറഞ്ഞുതുടങ്ങിയപ്പോൾ നളിനാക്ഷന് വാക്കുകളിടറി. ഒരദ്‌ഭുതംപോലെ തിരിച്ചുകിട്ടിയ ജീവിതത്തെ കൈപിടിച്ചുയർത്തിയത്‌ എൻ.ബി.ടി.സി. കമ്പനി ഉടമയും സഹപ്രവർത്തകരുമാണെന്ന് നളിനാക്ഷൻ. ഒട്ടും പ്രതീക്ഷിക്കാതെ ഭാര്യ ബിന്ദുവിനെയും മകൻ ആദർശിനെയും കുവൈത്തിൽ എത്തിച്ചതും നാട്ടിലെത്താൻ എല്ലാ സഹായവും ചെയ്തതും കമ്പനി തന്നെ. നടക്കാൻ തുടങ്ങിയപ്പോൾ വീട്ടുകാരെ കാണാനുള്ള ആഗ്രഹത്തിൽ നാട്ടിലെത്തിയതാണ് അദ്ദേഹം.

തീ കവർന്നെടുത്തത് പ്രിയപ്പെട്ടവരെയെന്ന് നളിനാക്ഷൻ പറഞ്ഞു. 13-ന്‌ അപകടം നടന്ന് രണ്ടുമാസം തികയുകയാണ്. എന്നാലും പ്രിയപ്പെട്ടവരുടെ വേർപാടുണ്ടാക്കിയ മുറിവ് മാഞ്ഞിട്ടില്ലെന്നും നളിനാക്ഷൻ പറഞ്ഞു. ഏതാവശ്യത്തിനും വിളിച്ചിരുന്ന കേളു പൊന്മലേരിയും അടുത്തിടപഴകിയിരുന്ന എം.പി. രഞ്ജിത്തും ഇല്ലെന്ന എന്ന യാഥാർഥ്യം നളിനാക്ഷന് ഉൾകൊള്ളാനായിട്ടില്ല. വയക്കരയിലെ നിതിനെക്കുറിച്ച് പറഞ്ഞപ്പോൾ വാക്കുകളിടറി. പ്രിയപ്പെട്ടവൻ വരുന്നുണ്ടെന്നറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും ഒന്നടങ്കമാണ് ഒളവറയിലെ വീട്ടിലെത്തിയത്.

Content Highlights: nalinakshan reach kerala after mass fire in kuwait