CPM നേതാക്കളെ പ്രതിസ്ഥാനത്ത് നിർത്താനുള്ള രാഷ്ട്രീയപ്രേരിതമായ കേസാണ് എക്‌സാലോജിക്ക്- ബിനീഷിന് ജയരാജന്റെ മറുപടി

കണ്ണൂർ: ബിനീഷ് കോടിയേരിക്ക് മറുപടിയുമായി സിപിഎം നേതാവ് എം.വി. ജയരാജൻ. എക്‌സാലോജിക് കേസ്, സിപിഎം നേതാക്കളെ വേട്ടയാടാനാണ് ഉപയോഗിച്ചതെന്നും ബിനീഷിന്റെ കേസിൽ കോടിയേരി ബാലകൃഷ്ണനെതിരേ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയം വ്യക്തിപരമായി നേരിടുമെന്ന് കോടിയേരി പറഞ്ഞത് അതുകൊണ്ടാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
‘ബിനീഷിന്റെ കേസിൽ കോടിയേരിക്കെതിരായി ഒരു റിപ്പോർട്ടും, റിമാൻഡ് റിപ്പോർട്ടോ അന്വേഷണ റിപ്പോർട്ടോ ഒന്നുമുണ്ടായിരുന്നില്ലെന്ന് ജയരാജൻ പറഞ്ഞു. അതുകൊണ്ടുതന്നെയാണ് ഈ കേസ് ബിനീഷ് വ്യക്തിപരമായി നേരിടുമെന്ന് സിപിഎമ്മിന്റെ അന്നത്തെ സെക്രട്ടറിയായിരുന്ന കോടിയേരി സുവ്യക്തമായി പറഞ്ഞത്. അത് ശരിയാണെന്ന് തെളിഞ്ഞു, അദ്ദേഹം കൂട്ടിച്ചേർത്തു.
‘അതുകൊണ്ട് രണ്ടും രണ്ട് കേസാണ് (ബിനീഷ് കോടിയേരിയുടെ കേസും എക്‌സാലോജിക് കേസും). എന്നാൽ എക്‌സാലോജിക് കേസ് സിപിഎമ്മിനെയും അതിന്റെ രാഷ്ട്രീയനേതൃത്വത്തെയും പ്രതിസ്ഥാനത്ത് നിർത്തുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയപ്രേരിതമായ കേസാണ്. ഈ കേസിനെയും നിയമപരമായി നേരിടുന്നുണ്ട്, ജയരാജൻ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ ചരമവാർഷികദിനത്തിൽ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ, തനിക്കെതിരേ കേസുകൾ വന്നപ്പോൾ പാർട്ടിയെ കവചമാക്കാൻ അച്ഛൻ നിന്നില്ല എന്നൊരു പരാമർശം ബിനീഷ് നടത്തിയിരുന്നു. 'ഇത്രയും കേസുകൾ ഓരോന്നായി വന്നപ്പോഴും അക്ഷോഭ്യനാവാതെ അതിനെ ചിരിച്ചു കൊണ്ട് നേരിടുകയാണ് കോടിയേരി ചെയ്തത്....മുകളിൽ പറഞ്ഞ ഇത്രയൊക്കെ കേസുകൾ വന്നപ്പോഴും ഒരിക്കൽ പോലും പാർട്ടിയെ കവചമാക്കാൻ അച്ഛൻ നിന്നില്ല, എല്ലാം സ്വയം നേരിടണം എന്ന പക്ഷക്കാരനായിരുന്നു കോടിയേരി. ഞാൻ എന്റെ ജീവിതത്തിൽ അത് അക്ഷരംപ്രതി പാലിച്ചിട്ടുണ്ട് എന്ന് ശിരസ്സുയർത്തി എനിക്ക് പറയുവാൻ പറ്റും, എന്നായിരുന്നു ബിനീഷിന്റെ കുറിപ്പിലെ വാക്കുകൾ.
Content Highlights: MV Jayarajan clarifies that Bineesh Kodiyeri's case and the Exalogic case are entirely different., Claims the Exalogic case is politically motivated to target CPM leaders., Responds to Bineesh Kodiyeri's social media post regarding Kodiyeri Balakrishnan's death anniversary.