മുട്ടിൽ മരംമുറികേസ് പ്രതികളിൽനിന്ന് കടുത്ത സമ്മർദം; അന്വേഷണത്തിൽനിന്ന് ഒഴിവാക്കണമെന്ന് ഡി.വൈ.എസ്.പി

തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസിലെ അന്വേഷണസംഘത്തില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് താനൂര്‍ ഡി.വൈ.എസ്.പി. വി.വി. ബെന്നി സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന് കത്തുനല്‍കി. അനാവശ്യ വിവാദങ്ങളുണ്ടാക്കി പ്രതികള്‍ അന്വേഷണം വഴിതിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ തല്‍സ്ഥാനത്ത് തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്.
കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ പലരീതിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. വിവാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേസ് അട്ടിമറിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് നീക്കങ്ങള്‍ നടക്കുന്നു. ഈ കടുത്ത സമ്മര്‍ദം അതിജീവിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കില്ല. അതിനാല്‍ തനിക്കുപകരം മറ്റൊരു ഉദ്യോഗസ്ഥനെ കേസന്വേഷണച്ചുമതല ഏല്‍പ്പിക്കണമെന്നാണ് ബെന്നി കത്തില്‍ ഉയര്‍ത്തിയിട്ടുള്ള ആവശ്യം.
മുട്ടില്‍ മരംമുറിക്കേസ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയത് താനൂര്‍ ഡി.വൈ.എസ്.പി. ബെന്നിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഗസ്റ്റിന്‍ സഹോദരന്മാരെ ബെന്നി അറസ്റ്റുചെയ്തിരുന്നു. രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേയാണ് സ്ഥാനത്ത് തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നറിയിച്ചുള്ള കത്ത് ഡി.ജി.പി.ക്ക് നല്‍കിയിരിക്കുന്നത്.
താനൂരില്‍ എം.ഡി.എം.എ. കേസില്‍ എസ്.പി.യുടെ കീഴിലുള്ള ഡാന്‍സഫ് പിടിച്ച സംഘത്തിലെ താമിര്‍ ജിഫ്രി എന്നയാള്‍ ആഴ്ചകള്‍ക്കുമുന്‍പ് കസ്റ്റഡിയില്‍വെച്ച് മരണപ്പെട്ടിരുന്നു. സംഭവത്തില്‍ താനൂര്‍ എസ്.ഐ. കൃഷ്ണലാലിനും ഡാന്‍സഫ് സംഘത്തിനുമെതിരേ നടപടിയുണ്ടായി. ഈ കേസുമായി ബന്ധപ്പെട്ടുകൊണ്ട് ഡിവൈ.എസ്.പി. ബെന്നിയിലേക്ക് അന്വേഷണം വഴിതിരിച്ചുവിടാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഈ നീക്കമാണ് ബെന്നിയെ സമ്മര്‍ദത്തിലാക്കിയതെന്നാണ് സൂചന.
കേസില്‍ സുപ്രധാനമായ പല തെളിവുകളും ശേഖരിച്ചുകഴിഞ്ഞിരുന്നു. മരങ്ങളുടെ അവശേഷിച്ച കുറ്റിയും മുറിച്ചുുകടത്തിയ മരത്തടിയും ചേര്‍ത്തുള്ള ഡി.എന്‍.എ. പരിശോധന, മറ്റു ശാസ്ത്രീയ പരിശോധനകള്‍ എന്നിവയെല്ലാം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് പ്രവേശിച്ചിരുന്നു. ഇതിനിടെയാണ് പ്രതികളില്‍നിന്ന് സമ്മര്‍ദം താങ്ങാനാവുന്നില്ലെന്നറിയിച്ച് അന്വേഷണോദ്യോഗസ്ഥന്റെ അപ്രതീക്ഷിത നീക്കം.
Content Highlights: muttil wood cutting case, heavy pressure fromn acused, dysp vv benny