മുട്ടിൽ മരംമുറി; വിവാദ ഉത്തരവ് ആദ്യം കിട്ടിയത്കളക്ടർക്കോ പ്രതികൾക്കോ

കോഴിക്കോട്: പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്ന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലകിന്റെ വിവാദ ഉത്തരവ് അന്നത്തെ വയനാട് കളക്ടർക്ക് കിട്ടുന്നതിനുമുൻപ് റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ലഭിച്ചെന്ന് സൂചന.
ജയതിലക് ഒപ്പിട്ട സർക്കാർ ഉത്തരവ് കാണിച്ച് ഇതുപ്രകാരം വീട്ടി മരങ്ങൾ മുറിക്കാൻ സാധിക്കുമോയെന്ന് ആരാഞ്ഞ് പ്രതികൾ തന്നെ സമീപിച്ചുവെന്നാണ് അന്നത്തെ കളക്ടർ അദീല അബ്ദുള്ള പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് നൽകിയ മൊഴി. ഉത്തരവിൽ വ്യക്തതക്കുറവുള്ളതിനാൽ തീരുമാനം പറയാതെ എ.ഡി.എമ്മിനെ കാണാൻ നിർദേശിക്കുകയായിരുന്നുവെന്നും അവരുടെ മൊഴിയിലുണ്ട്. ഉത്തരവ് വൈകാതെ റദ്ദാകുമെന്നും മരംമുറിക്കാൻ അനുമതി വേണമെന്നുമാവശ്യപ്പെട്ട് പ്രതികൾ സമീപിച്ചതായി വനം ഉദ്യോഗസ്ഥരും എസ്.ഐ.ടി.ക്ക് മൊഴി നൽകിയിട്ടുണ്ട്. മുട്ടിൽ മരംമുറിക്കേസിനുപിന്നാലെ ഉത്തരവിറങ്ങിയതിലെ ഗൂഢാലോചന അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെട്ടു.
മരംമുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട് ഡി.വൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണംമാത്രമാണു നടന്നത്. പ്രതികൾക്കെതിരേ 2023-ൽ ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം ഏഴുകോടിരൂപ പിഴയടയ്ക്കാൻ അന്നത്തെ കളക്ടർ നോട്ടീസ് നൽകിയിരുന്നു. അതിന് സർക്കാർ തലത്തിൽ വിലക്കുവന്നു.
പതിനായിരം ക്യൂബിക് മീറ്റർ മരം നൽകുമെന്നാണ് അഗസ്റ്റിൻ സഹോദരങ്ങൾ എറണാകുളം കരിമുകളിലെ മില്ലുടമയോട് പറഞ്ഞിരുന്നത്. അവർക്ക് 204 ക്യുബിക് മീറ്റർ മരങ്ങളെ മുറിച്ചുകടത്താൻ കഴിഞ്ഞുള്ളൂ. ഉത്തരവ് റദ്ദാവുംമുൻപ് വൻതോതിലുള്ള മരംമുറിയാണ് ലക്ഷ്യമിട്ടിരുന്നതെന്നാണ് ഇത് വ്യക്തമാവുന്നത്. 2020 ഒക്ടോബർ 10-നാണ് വിവാദ ഉത്തരവിറങ്ങുന്നത്. 2021 ഫെബ്രുവരി രണ്ടിന് റദ്ദാക്കി.
അന്ന് മരം കണ്ടുകെട്ടിയ ഉദ്യോഗസ്ഥർ മാറിയശേഷം അഞ്ചരവർഷത്തോളം പ്രതികൾക്കനുകൂലമായാണ് വനം വകുപ്പ് പ്രവർത്തിച്ചത്. അഗസ്റ്റിൻ സഹോദരങ്ങളുടെ വീട്ടുവളപ്പിൽ മുറിച്ചിട്ട മരങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. കുറ്റപത്രം വൈകിപ്പിച്ചു എന്നു മാത്രമല്ല നൽകിയപ്പോൾ ഗുരുതര വീഴ്ചവരുത്തുകയും ചെയ്തു.
ജയതിലകിന്റെ ഉത്തരവിന്റെ മറവിൽ കേരളത്തിലാകെ വനംകൊള്ള നടന്നിട്ടുണ്ട്. സൗത്ത് വയനാടിനു പുറമേ നേര്യമംഗലം, മച്ചാട്, പട്ടിക്കാട്, തട്ടേക്കാട്, മുള്ളരിങ്ങാട് ഫോറസ്റ്റ് റെയ്ഞ്ചുകളിൽ നിന്നായി 1680 തേക്ക് മരങ്ങളാണ് പട്ടയഭൂമിയിൽനിന്ന് മുറിച്ചത്. അതിൽ വയനാട്ടിൽ നിന്നുൾപ്പെടെ ആകെ 628 ക്യുബിക് മീറ്റർ മരം മാത്രമാണ് പിടിച്ചെടുത്തത്.
ആന്റോ സഹോദരങ്ങൾ കൊണ്ടുവന്ന ഉത്തരവ് വായിച്ചപ്പോൾ വ്യക്തതക്കുറവുണ്ടായിരുന്നുവെന്ന് മുൻ കളക്ടറുടെ മൊഴി
Content Highlights: Accused Augustine brothers received the controversial tree-felling order even before the Wayanad District Collector., Former Collector Adeela Abdulla stated that the accused approached her seeking clarification on the ambiguous order., The Crime Branch probe into the conspiracy behind the order was allegedly sabotaged., Massive timber smuggling occurred across Kerala under the guise of the 2020 government order.