മുട്ടിൽ മരം മുറിക്കേസ് അട്ടിമറിച്ചതിൽ ദുരൂഹത! ആഭ്യന്തരവകുപ്പ് അന്വേഷിക്കണമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അട്ടിമറിച്ച സംഭവത്തിൽ വലിയ ദുരൂഹത നിലനിൽക്കുന്നതിനാൽ വിഷയത്തിൽ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. റിപ്പോർട്ടർ ടിവി ഓഫീസിൽ വെച്ച് കേസിലെ മൂന്ന് പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തിയതായി ഒരു മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെയും വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തിൽ കേസിലെ ദുരൂഹമായ സാഹചര്യങ്ങൾ മുഴുവൻ പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മരംമുറിയുമായി ബന്ധപ്പെട്ട് നിലവിൽ 41 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ വനഭൂമിയിൽ നിന്നാണ് മരം പിടിച്ചതെന്ന നിഗമനത്തിൽ എല്ലാത്തിലും ഒ.ആർ (ഒക്യുറൻസ് റിപ്പോർട്ട്) രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ അതിനുശേഷം റവന്യൂ ഭൂമിയിൽ നിന്നാണോ അതോ വനഭൂമിയിൽ നിന്നാണോ മരങ്ങൾ കടത്തിയതെന്ന വിഷയത്തിൽ സുൽത്താൻ ബത്തേരി അടക്കമുള്ള പ്രദേശങ്ങളിൽ കേസുകൾ നടന്നു വരികയാണ്. ചാനൽ മേധാവിയുടെ ഓഫീസിൽ വെച്ച് നടന്ന ഗൂഢാലോചനയ്ക്ക് അന്നത്തെ ഒരു മാധ്യമപ്രവർത്തകൻ നേരിട്ട് ദൃക്‌സാക്ഷിയായിരുന്നുവെന്നാണ് വെളിപ്പെടുത്തലിൽ പറയുന്നത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് താൻ നിർദ്ദേശം നൽകിയതെന്ന് മന്ത്രി വിശദീകരിച്ചു.
വിവാദമായ ഉത്തരവിലേക്ക് കാര്യങ്ങൾ എങ്ങനെ എത്തിപ്പെട്ടുവെന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ടെന്നും സംഭവത്തിൽ 100 ശതമാനം വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മരംമുറിക്ക് സാഹചര്യം ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചിട്ടും ഉത്തരവിറക്കിയത് പ്രതികൾക്ക് കേസിൽ നിന്ന് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടാതെ, മോളിയുടെയും ജോസിന്റെയും പറമ്പിൽ നിന്ന് മുറിച്ചുവെന്ന് പറയപ്പെടുന്ന ഒമ്പത് മരങ്ങൾ അവിടു നിന്നല്ല മുറിച്ചതെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇത് അന്നത്തെ നടപടിക്രമങ്ങളിലെ വീഴ്ചകളാണ് ചൂണ്ടിക്കാണിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നടപടിക്രമങ്ങളിൽ സംഭവിച്ച വീഴ്ചകൾ യാദൃശ്ചികമാണോ അതോ ബോധപൂർവ്വം ചെയ്തതാണോ എന്ന് പഠിച്ച് റിപ്പോർട്ട് നൽകാൻ വനം വകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനമന്ത്രി അറിയിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണത്തിന്റെ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വീഴ്ച ആരുടെ ഭാഗത്തുനിന്നുണ്ടായാലും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടായിരിക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ നികേഷ് കുമാറിനെതിരെ
റിപ്പോർട്ടർ ടിവി ഓഫീസിൽ വെച്ച് കേസിലെ മൂന്ന് പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തിയതായി ഒരു മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തിയത് നികേഷ് കുമാറിനെതിരെയാണ്. നികേഷ് കുമാർ റിപ്പോർട്ടർ ടിവി മേധാവിയായിരുന്നു സമയത്താണ് അദ്ദേഹത്തിന്റെ ഓഫീസിൽവെച്ച് ഗൂഢാലോചന നടന്നതെന്നാണ് മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ.