മുട്ടിൽ മരംമുറി: കുറ്റപത്രം മടക്കിയതിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് എതിരെ നടപടി

കൽപറ്റ: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ വനംവകുപ്പ് നൽകിയ കുറ്റപത്രം കോടതി മടക്കിയ സംഭവത്തിൽ നടപടി. രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് വനംവകുപ്പ് കാരണംകാണിക്കൽ നോട്ടീസ് നൽകി. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി സെപ്റ്റംബർ 22-നായിരുന്നു ബത്തേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം മടക്കിയത്. തുടർന്ന് പുതുക്കിയ കുറ്റപത്രം വനംവകുപ്പ് സമർപ്പിച്ചു.
എന്നാൽ, സംഭവം വലിയ വിവാദമായതോടെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. രേഖകൾ കൃത്യമായി കോടതിയിൽ സമർപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി ഈ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. അതേസമയം, ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിച്ചുകൊണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിൽമാത്രം നടപടിയൊതുക്കിയതിൽ വകുപ്പിനുള്ളിൽനിന്ന് വലിയ വിമർശനമാണ് ഉയരുന്നത്. കുറ്റപത്രത്തിലെ പിഴവുകൾ ബോധപൂർവം പ്രതികളെ സഹായിക്കാനാണോ അല്ലയോ എന്നത് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പിസിസിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
മുട്ടിലിൽനിന്ന് മുറിച്ചുകടത്തിയ തടികൾ എറണാകുളം കരിമുകളിൽനിന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട വഞ്ചനാ കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് നൽകിയ കുറ്റപത്രമായിരുന്നു കോടതി മടക്കിയത്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ നിലനിൽക്കുന്ന ഈ വഞ്ചനാ കേസിൽ വനംവകുപ്പ് കുറ്റപത്രം നൽകിയിട്ടില്ലെന്ന വാദം പ്രതികൾ ഉന്നയിച്ചിരുന്നു. ഇതോടെയാണ് തിരക്കിട്ട് ഈ ഒരു കേസിൽ വനംവകുപ്പ് കുറ്റപത്രം നൽകിയത്.
ഇതാദ്യമായല്ല മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ വനംവകുപ്പിന് വീഴ്ച സംഭവിക്കുന്നത്. മുറിച്ചെടുത്ത തടികൾ വനംവകുപ്പ് നേരത്തെ കണ്ടുകെട്ടിയിരുന്നു. ഇതിനെതിരെ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ കൽപറ്റ കോടതിയെ സമീപിച്ചപ്പോൾ തടികൾ പ്രതികളുടേതെന്ന് തെളിയിക്കാൻ യാതൊരു തെളിവും ഹാജരാക്കിയില്ലെന്ന് കാണിച്ച് ഹർജി തള്ളി. തടി സർക്കാരിന്റേതാണെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഇവിടെ കൃത്യമായി വിവരം എത്തിക്കുന്നതിൽ വനംവകുപ്പിന് വീഴ്ചപറ്റി. ഇതോടെ തടികൾ കണ്ടുകെട്ടുന്ന നടപടി കോടതി സ്റ്റേ ചെയ്തു.
അതേസമയം, പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രധാന കുറ്റപത്രം നൽകിയിരിക്കുന്നത്. 45 കേസുകളിലായി ആയിരത്തിലധികം പേജുള്ള കുറ്റപത്രം 2023-ലാണ് സമർപ്പിച്ചത്. ഇതിൽ വിചാരണ നടപടികൾ തുടങ്ങാനിരിക്കുകയാണ്.