മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ നിർത്തിവെക്കണമെന്ന ഹർജി തള്ളി

#മാതൃഭൂമി ന്യൂസ്
മുട്ടില്‍ മരംമുറി കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ | ഫയല്‍ചിത്രം | ഫോട്ടോ: ശ്രീജിത് പി.രാജ്/ മാതൃഭൂമി
മുട്ടില്‍ മരംമുറി കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ | ഫയല്‍ചിത്രം | ഫോട്ടോ: ശ്രീജിത് പി.രാജ്/ മാതൃഭൂമി

ചോറ്റാനിക്കര: വിവാദമായ മുട്ടിൽ മരമുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കോടതിയിൽ നിന്ന് തിരിച്ചടി. കേസിന്റെ വിചാരണ നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതടക്കമുള്ള വിചാരണ നടപടികൾ സെപ്റ്റംബർ ഏഴിന് തന്നെ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.

വയനാട് മുട്ടിൽ ഭാഗത്തുനിന്നും അനധികൃതമായി മുറിച്ചുകടത്തിയ ഈട്ടിമരങ്ങൾ, വനവകുപ്പിന്റെ പാസ് ഉണ്ടെന്ന് വ്യാജമായി കാണിച്ചുകൊണ്ട് എറണാകുളത്തെ ഒരു വ്യവസായിക്ക് മറിച്ചുവിറ്റ കേസാണിത്.

കേസ് താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർ മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം വിചാരണക്കോടതിയായ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിൽ തന്നെ ഉന്നയിക്കാനായിരുന്നു ഹൈക്കോടതി നൽകിയ നിർദ്ദേശം.

തുടർന്ന് പ്രതികൾ ചോറ്റാനിക്കര കോടതിയിൽ സമർപ്പിച്ച ഹർജിയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്.

അഗസ്റ്റിൻ സഹോദരങ്ങൾ ആരും തന്നെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായിരുന്നില്ല. എന്നാൽ, സെപ്റ്റംബർ ഏഴിന് കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന ദിവസം കേസിലെ ഒന്നാം പ്രതിയായ റോജി അഗസ്റ്റിൻ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി കർശന നിർദ്ദേശം നൽകി. മറ്റ് രണ്ട് സഹോദരന്മാർക്ക് ഓൺലൈൻ മുഖേന ഹാജരാകാനും കോടതി അനുമതി നൽകിയിട്ടുണ്ട്.

മേപ്പാടി ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് കേസ് നടപടികൾ തടയണമെന്ന ആവശ്യവുമായി അഗസ്റ്റിൻ സഹോദരന്മാർ മുൻപും ഹൈക്കോടതിയെ അടക്കം സമീപിച്ചിരുന്നെങ്കിലും ഈ ആവശ്യങ്ങളെല്ലാം കോടതികൾ നിരാകരിക്കുകയായിരുന്നു. എറണാകുളത്തെ വ്യവസായിക്ക് വ്യാജപാസ് കാണിച്ച് മരം വിറ്റ കേസിന്റെ വിചാരണയുമായി മുന്നോട്ടുപോകാൻ തന്നെയാണ് കോടതിയുടെ ഇപ്പോഴത്തെ തീരുമാനം.

Content Highlights: Chottanikkara Magistrate Court rejected the stay petition filed by the Augustine brothers., Trial and chargesheet reading will proceed as scheduled on September 7., The case involves illegal felling and smuggling of rosewood using fake forest passes., Prime accused Roji Augustine has been ordered to appear in person on the hearing date.