വിവാദ ഉത്തരവ് പിന്‍വലിക്കും മുമ്പേ മരംലോബിക്ക് വിവരംചോര്‍ന്നു

കല്പറ്റ: പട്ടയഭൂമിയിലെ വൃക്ഷവില അടച്ച് റിസര്‍വ് ചെയ്ത ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ റവന്യൂ വകുപ്പിന്റെ ഉത്തരവ് റദ്ദാക്കുന്ന വിവരം മരം ലോബിക്ക് ചോര്‍ന്നുകിട്ടി. ഇതിനെത്തുടര്‍ന്നാണ് മുറിച്ചിട്ട പരമാവധി മരങ്ങള്‍ ഫെബ്രുവരി ആദ്യവാരം കടത്തിയതെന്നാണ് സംശയം. മരങ്ങള്‍ മുറിക്കാന്‍ അനുമതിനല്‍കുന്ന 2020 ഒക്ടോബര്‍ 24-ന് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ വിവാദ ഉത്തരവ് 2021 ഫെബ്രുവരി രണ്ടിനാണ് റദ്ദുചെയ്യുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ഉത്തരവ് അഞ്ചാം തീയതിയോടെയാണ് കളക്ടര്‍മാര്‍ക്കും വനംവകുപ്പിനും കിട്ടിയത്.
വയനാട് മുട്ടില്‍ സൗത്ത് വില്ലേജ് പരിധിയില്‍നിന്ന് മുറിച്ചു കടത്തിയ 15 കോടിയോളം രൂപ വിലമതിക്കുന്ന ഈട്ടിത്തടികള്‍ മൂന്നാംതീയതി പുലര്‍ച്ചെയാണ് എറണാകുളത്തെത്തിച്ചത്. മില്ലധികൃതര്‍ക്ക് സംശയം തോന്നി അനുമതിയുടെ പകര്‍പ്പ് ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വ്യാജ ഡിപ്പോപാസ് കാണിച്ചപ്പോള്‍ മില്ലുകാര്‍ വനംവകുപ്പ് അധികൃതര്‍ക്ക് വിവരം നല്‍കി. എട്ടാംതീയതിയാണ് മരത്തടികള്‍ പിടിച്ചെടുത്തത്. ആറാംതീയതി തൃശ്ശൂരില്‍നിന്ന് തേക്കുതടികള്‍ പിടിച്ചെങ്കിലും വിവരങ്ങള്‍ വേണ്ട രീതിയില്‍ പുറത്തുവന്നിരുന്നില്ല. മറ്റിടങ്ങളില്‍നിന്നൊന്നും മരം പിടിച്ചെടുക്കാനായിട്ടില്ല.
മരംകൊള്ളയ്ക്ക് സാഹചര്യമൊരുക്കാന്‍ ആസൂത്രിതമായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അതു പിന്‍വലിച്ചതിന്റെ പിറ്റേന്ന് പുലര്‍ച്ചെ മരം കടത്തിയത്.
വനം മേധാവി പറഞ്ഞിട്ടും പിടിച്ചില്ല; കൂട്ടുനിന്നവര്‍ക്കുനേരെ നടപടിയുമില്ല
മുറിച്ചുകടത്തിയ മരങ്ങള്‍ പിടിച്ചെടുക്കാന്‍ വനംവകുപ്പ് മേധാവി ഉത്തരവിട്ടെങ്കിലും ഉദ്യോഗസ്ഥര്‍ അനങ്ങിയില്ല. പിടികൂടിയ കേസില്‍ പ്രതികളെ സഹായിച്ച ഉദ്യോഗസ്ഥനുനേരെ വനംമേധാവിക്ക് റിപ്പോര്‍ട്ടു നല്‍കിയെങ്കിലും അദ്ദേഹവും അനങ്ങിയില്ല.
മരം കടത്താന്‍ ചില വനം ഉദ്യോഗസ്ഥരും ഒത്താശ ചെയ്തിട്ടുണ്ടാവാമെന്നും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു. റവന്യൂവകുപ്പിന്റെ വിവാദ ഉത്തരവ് റദ്ദാക്കിയ ശേഷമാണ് ഈ സര്‍ക്കുലര്‍ അയച്ചത്. സര്‍ക്കാര്‍ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ഈട്ടി, തേക്ക് തുടങ്ങിയ വിലപിടിപ്പുള്ള മരങ്ങള്‍ സ്വകാര്യഭൂമികളില്‍നിന്ന് കടത്തിക്കൊണ്ടു പോകാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാരിന് ഇതു ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഈ ഉത്തരവ് പാലിക്കപ്പെട്ടിരുന്നുവെങ്കില്‍ തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍നിന്ന് കടത്തിയവ പിടികൂടാമായിരുന്നു. വയനാട്ടില്‍ മരത്തടികള്‍ പിടികൂടിയ സംഭവത്തില്‍ പ്രതികളെ രക്ഷിക്കാനായി ഗൂഢാലോചന നടത്തിയെന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയ കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ എന്‍.ടി. സാജനുനേരെ നടപടിയെടുക്കാനും വകുപ്പ് തയാറായിട്ടില്ല.
Content Highlights: Muttil Timber traderm Wood lobby was informed before the controversial order was withdrawn
Content Highlights: