‘വിധി കേൾക്കാൻ നിൽക്കാതെ പിതാവ് നേരത്തെ മരിച്ചത് നന്നായി, അമ്മയോട് എന്ത് പറയണമെന്നറിയില്ല’

ശ്രീകണ്ഠാപുരം(കണ്ണൂർ): 23 വർഷത്തെ കാത്തിരിപ്പിന് ഒടുവിലും തനിക്കും കുടുംബത്തിനും അനുജന്റെ രക്തസാക്ഷിത്വത്തിൽ നീതി ലഭിച്ചില്ലെന്ന് മുത്തങ്ങയിൽ കൊല്ലപ്പെട്ട പോലീസുകാരൻ വിനോദിന്റെ സഹോദരൻ കെ.വി ബാബു. വിധി കേൾക്കാൻ നിൽക്കാതെ പിതാവ് നേരത്തെ മരിച്ചത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു. അല്ലെങ്കിൽ തനിക്ക് ഒന്നും പറയാനുണ്ടാകുമായിരുന്നില്ല. മരണം വരെ കേസ് എന്തായി, ശിക്ഷിക്കപ്പെടില്ലേ എന്ന് എപ്പോഴും ചോദിക്കുമായിരുന്നുവെന്നും ബാബു പറഞ്ഞു.
മകനെ കുരുതി കൊടുത്തു എന്ന തോന്നലാണ് രക്ഷിതാക്കൾക്കുണ്ടായത്. 23 വർഷമായി എന്റെ വൃദ്ധമാതാവ് വിധി ദിനം കാത്തിരിക്കുകയാണ്. അവരോട് എന്ത് പറയണമെന്നറിയില്ല. ആദ്യകാലം മുതൽക്ക് തന്നെ കേസുമായി ബന്ധപ്പെട്ട് കുടുംബത്തിന് ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. സർവീസിലിരിക്കെ മരണപ്പെടുന്ന ഒരു പോലീസുകാരന് ലഭിക്കേണ്ട പ്രധാനപ്പെട്ട രണ്ട് ആനുകൂല്യങ്ങളാണ് മാതാപിതാക്കൾക്ക് ലഭിക്കേണ്ട കുടുംബ പെൻഷനും ആശ്രിത നിയമനവും. കുടുംബപെൻഷൻ ലഭിക്കാൻ ഒരുപാട് പിറകെ നടക്കേണ്ടി വന്നു.
ആശ്രിത നിയമനം നൽകിയില്ല. ഞാനും സഹോദരിയും സർക്കാർ ജീവനക്കാരാണ് എന്നാണ് സാങ്കേതികമായി പറഞ്ഞ കാര്യം. നിലവിലുള്ള വ്യവസ്ഥ കാരണം പറ്റില്ല എന്നാണ് പറഞ്ഞത്. പക്ഷെ എല്ലാവരും വിചാരിച്ചിരിക്കുന്നത് സഹോദരന്റെ ജോലിയാണ് തനിക്ക് കിട്ടിയത് എന്നാണ്. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടാണ് ജോലി കിട്ടിയത്. വിധി കേരള പോലീസിനും കേരളത്തിലെ സമൂഹത്തിനും സമർപ്പിക്കുകയാണെന്നും വിനോദ് വ്യക്തമാക്കി.
കേസിന്റെ നടത്തിപ്പിൽ സംതൃപ്തരായിരുന്നില്ല. എന്താണ് അന്ന് നടന്നത് എന്നത് പോലും ഞങ്ങൾക്ക് വ്യക്തമായിരുന്നില്ല. അന്നത്തെ ദിവസം വിനോദിനൊപ്പം ഉണ്ടായിരുന്ന സഹപ്രവർത്തകനോട് സംസാരിച്ച അറിവ് മാത്രമാണ് എനിക്കും ഉള്ളത്. പിന്നീട് നടന്ന കേസന്വേഷണ നാൾവഴി തനിക്ക് അറിയില്ലെന്നും വിനോദ് ചൂണ്ടിക്കാട്ടി. നീതിയുടെ പോരാട്ടം അനിവാര്യമാണ്. സർക്കാർ തലത്തിൽ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ വ്യക്തിപരമായും പോരാടും. ഇരയാക്കപ്പെട്ടത് കുടുംബാംഗങ്ങളാണ്. അവർക്ക് നീതി ലഭിക്കേണ്ടതുണ്ട്. വിധി നിരാശാജനകമാണെന്നും വിനോദ് പറഞ്ഞു.
Content Highlights: 23 years after the Muthanga incident, the brother of slain policeman Vinod calls the verdict disappointing.