മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴി: മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻ മണ്ണ് വാടയിൽ വീട്ടിൽ പ്രവീൻ എന്ന് വിളിക്കുന്ന തോമസ് (37) ആണ് മരിച്ചത്. മുതലപ്പൊഴി താഴംപള്ളി ലേലഹാളിന് സമീപം കായലിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഫിഷറീസ് വാർഡന്മാർ കരയ്ക്കെത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച വൈകുന്നേരം 5:30 ഓടെയാണ് അപകടം സംഭവിച്ചത്. താഴംപള്ളി ലേലഹാളിന് സമീപം കായലിൽ മത്സ്യവിൽപനയ്ക്ക് ശേഷം വള്ളം വൃത്തിയാക്കാനായി പോയതായിരുന്നു തോമസ്. അഞ്ചുതെങ്ങ് സ്വദേശി അൽഫോൺസിൻ്റെ ഉടമസ്ഥതയിലുള്ള വള്ളത്തിലാണ് ഇയാൾ ജോലിക്കെത്തിയത്. ഇയാളോടൊപ്പം മറ്റ് മൂന്ന് തൊഴിലാളികൾ കൂടി വള്ളത്തിലുണ്ടായിരുന്നുവെങ്കിലും ജോലി ചെയ്യുന്നതിനിടെ തോമസ് വള്ളത്തിൽനിന്ന് കായലിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
അപകടത്തിന് പിന്നാലെ ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർഫോഴ്സ് സ്കൂബ സംഘവും മത്സ്യത്തൊഴിലാളികളും ഒരു മണിക്കൂറിലധികം തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവ് കാരണം ഇന്നലെ രാത്രി തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ ലേലഹാളിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.
Content Highlights: Body of 37-year-old fisherman Thomas found in the kayal at Muthalapozhi., Fell from the boat while cleaning it near Thazhampally auction hall., Search operations resumed in the morning after being suspended due to poor light., Body shifted to Chirayinkeezhu Taluk Hospital.