ആ നാട് ഇന്നുമുതൽ പുനർജനിക്കും; തിരികെ വരട്ടെ ആൾത്തിരക്കും ആരവങ്ങളുമൊക്കെയുണ്ടായിരുന്ന ചൂരൽമല

ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടിയ പ്രദേശം, സർക്കാർ നിർമ്മിക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പ്
ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടിയ പ്രദേശം, സർക്കാർ നിർമ്മിക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പ്

കല്പറ്റ: വെള്ളരിമലയുടെ താഴ്‌വാരങ്ങളിൽ പുന്നപ്പുഴയുടെ അരികുചേർന്നുറങ്ങിയ നാട് ഇന്നുമുതൽ കല്പറ്റയിൽ പുനർജനിക്കും. മുണ്ടക്കൈ-ചൂരൽമല അതിജീവിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പണിയുന്ന ടൗൺഷിപ്പിന് വ്യാഴാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. ദുരന്തമുണ്ടായി എട്ടുമാസത്തിനിപ്പുറം മലയാളിയുടെ സാഹോദര്യത്തിന്റെ നേർസാക്ഷ്യവുമായി മറ്റൊരു അതിജീവനഗാഥയാണ് കല്പറ്റ എൽസ്റ്റണിൽ ഉയരുന്നത്.

  • കല്പറ്റ ബൈപ്പാസിനോട് ചേർന്നുള്ള 64 ഹെക്ടർഭൂമിയിലാണ് ടൗൺഷിപ്പ് ഉയരുക.
  • ഏഴുസെന്റ് വീതമുള്ള പ്ലോട്ടുകളിലായി ആയിരം ചതുരശ്രയടി വിസ്തീർണത്തിലായിരിക്കും വീടുകൾ.
  • ഒരുനിലയായി പണിയുന്ന വീടുകളിൽ ഭാവിയിൽ രണ്ടുനില പണിയാനുള്ള ബലത്തിൽ അടിത്തറയൊരുക്കും.
  • ആരോഗ്യകേന്ദ്രം, ആധുനിക അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ എന്നിവയും ഒരുക്കും.
  • എൽസ്റ്റൺ എസ്റ്റേറ്റിലെ ടീ ഫാക്ടറി ശക്തിപ്പെടുത്തി പുനരുപയോഗിച്ചാണ് കമ്യൂണിറ്റി സെൻററായി ഉപയോഗിക്കുക.
  • ടൗൺഷിപ്പിൽ വീടിന് താത്പര്യപ്പെടാത്ത ഗുണഭോക്താക്കൾക്ക് 15 ലക്ഷം രൂപ
  • ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലാണ് വീടും സാമ്പത്തികസഹായവും ലഭിക്കുക. പ്രായപൂർത്തിയാകാത്ത കുട്ടികളാണെങ്കിൽ പ്രായപൂർത്തിയായശേഷം കുട്ടിയുടെ പേരിലേക്കും ഉടമസ്ഥാവകാശം ലഭിക്കും.

തിരികെവരണം ചൂരൽമലയും

ചൂരൽമല : ആൾത്തിരക്കും ആരവങ്ങളുമൊക്കെയുണ്ടായിരുന്ന ചൂരൽമല അങ്ങാടി ഇന്ന് ഓർമ്മകളിൽ മാത്രമാണ്. പ്രിയപ്പെട്ടവരിൽ പലരും ഇന്നില്ല. ഉരുൾ ദുരന്തത്തിൽ ജീവൻമാത്രം ബാക്കിയായവർക്ക് ജന്മനാടിനോട് നിർബന്ധപൂർവം യാത്രപറയേണ്ടിയുംവന്നു. ഒടുവിൽ ആൾത്തിരക്കൊഴിഞ്ഞൊരു അങ്ങാടിയായി ചൂരൽമല മാറി. ബെയ്‍ലിപാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്ന ശബ്ദമൊഴിച്ചാൽ ബാക്കിയെല്ലാം നിശബ്ദവുമാണ്.

‘ഓർമ്മയായി ഒതുങ്ങിപ്പോകരുത് ചുരൽമലയ്ക്ക് തിരികെ വരണം’ അവശേഷിക്കുന്നവരുടെയും വന്നു‍പോകുന്നവരുടെയുമെല്ലാം ആഗ്രഹമാണിത്. തൊഴിൽ, സാമ്പത്തികമേഖലകൾ ശക്തമായ ചൂരൽമല നമ്മുടെ നിലനിൽപ്പിന് അനിവാര്യമാണ്. “പഴയ ചൂരൽമലയെ പുതിയ ഭാവത്തിൽ നമുക്ക് തിരികെക്കൊണ്ടുവരണം” പി.വി. ജിജിത്തിന്റെ വാക്കുകളിൽ പ്രതീക്ഷകളായിരുന്നു. ദുരന്തബാധിതരുടെ പുനരധിവാസത്തിനൊപ്പം പാലം, റോഡ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളാണ് ചൂരൽമലയ്ക്ക് പ്രതീക്ഷനൽകുന്നത്. പുഴയ്ക്ക് വീതികൂട്ടി പൂർവസ്ഥിതിയിലാക്കണം, പാലം നിർമാണത്തിനുള്ള നടപടികൾ വേഗത്തിലാക്കണം, വെള്ളാർമല സ്കൂൾ ചൂരൽമലയിൽ നിർമിക്കണം, മഴക്കാലത്ത് മാറിത്താമസിക്കാനുള്ള ഷെൽട്ടറുകൾവേണം, തേയില ഫാക്ടറികൾ പ്രവർത്തിപ്പിക്കണം. തിരിച്ചുവരവിന്റെ പാതയിൽ ചൂരൽമലയുടെ ആവശ്യങ്ങളിതൊക്കെയാണ്. ചൂരൽമലയെ തിരികെ കൊണ്ടുവരാനായി റി-ബിൽഡ് ചൂരൽമല എന്ന കൂട്ടായ്മയും സജീവമാണ്.

“എന്റെ വീട്ടിൽനിന്ന് നോക്കിയാൽ ദുരന്തഭൂമി കാണാം. ദുരന്തം ഓർത്തുകൊണ്ടാണ് ഒരോദിവസവും തുടങ്ങുന്നത് വലിയ സങ്കടമാണത്. പാലവും റോഡുമൊക്കെയായി ചൂരൽമലയിൽ ആൾത്തിരക്കുണ്ടാവണം പഴയപോലെ ആവണം” മാങ്കുന്നിലെ ടി.പി. ലളിത പറഞ്ഞു. പ്രദേശത്ത് കൃഷിചെയ്തിരുന്ന ഭൂരിഭാഗംപേരും ഇപ്പോൾ താത്കാലിക പുനരധിവാസത്തിൽ പലപ്രദേശങ്ങളിലാണ്. കൃഷിയിടങ്ങൾ തിരികെകിട്ടിയാൽ ഉപജീവനമാർഗവുമാവും ചൂരൽമല അങ്ങാടിക്കും ഗുണമാവും-കെ.എം. തമ്പി പറഞ്ഞു.

തിരികെവരും അതാണ് പ്രതീക്ഷ

വികസനപാതയിൽ മുന്നോട്ടു പോകുന്നതിനിടെയാണ് ചൂരൽമല ഇല്ലാതായിപ്പോയത്. ആൾത്തിരക്കില്ലാത്തതിനാൽ കച്ചവടമൊക്കെ നഷ്ടത്തിലാണ്. ഇത് താത്കാലികമാണ്. റോഡും, പാലവുമൊക്കെയായി വികസനംവരുമ്പോൾ ചൂരൽമല സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

അഷ്റഫ് കാഞ്ഞിരപ്പള്ളി

തിരികകൊണ്ടുവരും

സമയമെടുത്തായാലും കൂടുതൽ സൗകര്യങ്ങളോടെ പഴയ ചൂരൽമലയെ തിരികെ കൊണ്ടുവരുകയാണ് ലക്ഷ്യം. ശ്രമത്തിന്റെ ഭാഗമായാണ് റീ-ബിൽഡ് ചൂരൽമല കൂട്ടായ്മ രൂപവത്കരിച്ചത്. അടുത്ത പത്തുവർഷത്തേക്ക് ചൂരൽമല എങ്ങനെ വികസിപ്പിക്കണം എന്ന കാഴ്ചപ്പാടോടെയാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്.

പി.വി. ജിജീഷ്
കൺവീനർ, റീ-ബിൽഡ് ചൂരൽമല

മേപ്പാടിയിൽ പുതിയ പുലരികൾ - മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീടുകളും ഭൂമിയും നഷ്ടപ്പെട്ടവർക്കായി സംസ്ഥാനസർക്കാർ നിർമിക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ നിർമാണം ഇന്നാരംഭിക്കുകയാണ്‌. അതിതീവ്ര ദുരന്തമുണ്ടായാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക്‌ യൂണിയൻ സർക്കാർ അർഹിക്കുന്ന നഷ്ടപരിഹാരം നൽകുന്നതാണ്‌ പതിവ്‌. ഉരുൾപൊട്ടലുണ്ടായത്‌ ജൂലായ്‌ 30-ന്‌ ആണെങ്കിൽ, ഓഗസ്റ്റ്‌ 17-നു തന്നെ കേരളം ആദ്യത്തെ മെമ്മോറാണ്ടം നൽകി. വിദഗ്‌ധർ തയ്യാറാക്കിയ വിശദമായ പിഡിഎൻഎ റിപ്പോർട്ടും നിശ്ചിത കാലാവധിക്കു മുൻപ്‌ സമർപ്പിച്ചു. എന്നാൽ, യൂണിയൻ സർക്കാർ ഇനിയും സഹായം ലഭ്യമാക്കിയിട്ടില്ല. എങ്കിലും സുമനസ്സുകളുടെ സഹായത്തോടെ ഒരുമയുള്ള കേരളം വളരെ വേഗത്തിൽ പ്രതിബന്ധങ്ങളെ അതിജീവിക്കുകയാണ്‌.

402 കുടുംബങ്ങൾക്കാണ്‌ മേപ്പാടിയിൽ വാസസ്ഥലം ഒരുക്കുന്നത്‌. വാസയോഗ്യമാണെങ്കിലും ദുരന്തമേഖലയിൽ ഒറ്റപ്പെട്ടുപോയ 73 കുടുംബങ്ങളെക്കൂടി ഉൾപ്പെടുത്തിയാണ്‌ ടൗൺഷിപ്പ്‌ നിർമിക്കുന്നത്‌. ഒന്നാംഘട്ട പട്ടികയിൽ താമസസ്ഥലം പൂർണമായും നഷ്ടമായി മറ്റെവിടെയും വീടില്ലാത്ത 242 കുടുംബങ്ങളാണുള്ളത്‌. വാസയോഗ്യമല്ലാത്ത ഇടങ്ങളിൽ വീടുള്ളവരാണ്‌ രണ്ടാംഘട്ട പട്ടിക എ ലിസ്റ്റിലുള്ള 67 കുടുംബങ്ങൾ.

കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലാണ്‌ ടൗൺഷിപ്പ്‌ ഒരുങ്ങുന്നത്‌. നഗരപ്രദേശത്തോടു ചേർന്ന് ഏഴുസെന്റിൽ ഒരുവീട്. വൈദ്യുതി, കുടിവെള്ളം, ശുചിത്വസംവിധാനങ്ങൾ എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങൾ. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്‌, കമ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ്‌ ഹാൾ, കളിസ്ഥലം, ലൈബ്രറി, സ്പോർട്സ്‌ ക്ലബ്‌, ഓപ്പൺ എയർ തിയേറ്റർ തുടങ്ങിയവയാണ്‌ അനുബന്ധ സൗകര്യങ്ങൾ.

ഒരു ക്ലസ്റ്ററിൽ 20 വീടുകൾ. തുടക്കമെന്ന നിലയിൽ ആദ്യം ഒരു മാതൃകാ വീടിന്റെ നിർമാണം. ടൗൺഷിപ്പിനുപുറത്ത്‌ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ 15 ലക്ഷമാണ് നൽകുന്നത്‌. അഞ്ച്‌ എസ്‌ടി കുടുംബങ്ങൾക്ക്‌ അവരുടെ താത്‌പര്യപ്രകാരമുള്ള പുനരധിവാസം ഉറപ്പാക്കുന്നത് വിലയിരുത്താൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടങ്ങുന്ന നിരീക്ഷണക്കമ്മിറ്റിയുണ്ടാക്കി. ഒറ്റ രാത്രികൊണ്ട്‌ അനാഥമായ ജീവിതങ്ങൾക്കും സ്വന്തമായതും സ്വരുക്കൂട്ടിയതും നഷ്ടപ്പെട്ടവർക്കും ഒപ്പമാണ്‌ ഈ സർക്കാർ. അതുകൊണ്ടാണ്‌ ഒൻപതു മാസം കൊണ്ടുതന്നെ ദുരന്തബാധിതരായവരുടെ ജീവിതം കെട്ടുറപ്പുള്ളതാക്കുന്ന ടൗൺഷിപ്പിന്‌ നമ്മൾ ആരംഭം കുറിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ്; ഡിസംബറോടെ വീടുപണി പൂർത്തിയാകും

കല്പറ്റ : മുണ്ടക്കൈ-ചൂരൽമല അതിജീവിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പണിയുന്ന ടൗൺഷിപ്പിൽ വീടുകളുടെ പണി ഡിസംബറോടെ പൂർത്തിയായേക്കും. നിലവിൽ ഹൈക്കോടതി നിർദേശപ്രകാരം കോടതിയിൽ തുക കെട്ടിവെച്ച് താത്കാലികാനുമതിയിലാണ് ഭൂമിയേറ്റെടുത്തത്. ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയാൽ ഡിസംബറോടെ വീടുകളുടെ പണി പൂർത്തിയാക്കാനാകുമെന്ന് നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചീഫ് ഓപ്പറേറ്റീവ് ഓഫീസർ അരുൺബാബു പറഞ്ഞു. ഇതിനാവശ്യമായ നിർമാണസാമഗ്രികൾ ഉൾപ്പെടെ സജ്ജമാണെന്നും കാലതാമസമുണ്ടാവില്ലെന്നും അറിയിച്ചു. കിഫ്‌കോണാണ്‌ കൺസൽട്ടന്റ് ഏജൻസി.

ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, ഒ.ആർ. കേളു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാർ, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പ്രിയങ്കാ ഗാന്ധി എംപി എന്നിവർ പങ്കെടുക്കും.

വീട് ഇങ്ങനെ

ആയിരം ചതുരശ്രയടിയിൽ ഒരുനില വീട്. ഏഴുസെന്റ് സ്ഥലം. പ്രധാനമുറി, രണ്ടുമുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ.

ഗുണഭോക്താക്കൾ

  • മുണ്ടക്കൈ-ചൂരൽമല സ്വദേശികളായ 402 കുടുംബങ്ങളാണ് ഗുണഭോക്തൃപട്ടികയിലുള്ളത്. ഇതിൽ ഇതുവരെ 244 കുടുംബങ്ങൾ വീടിനായും 79 കുടുംബങ്ങൾ സാമ്പത്തികസഹായത്തിനും താത്പര്യമറിയിച്ചു. ശേഷിക്കുന്ന കുടുംബങ്ങൾ ഏപ്രിൽ മൂന്നിനകം സമ്മതപത്രം നൽകും.
  • മാനദണ്ഡങ്ങൾക്കനുസരിച്ച് ഗുണഭോക്തൃപട്ടിക തയ്യാറാക്കിയപ്പോൾ ദുരന്തഭൂമിയിൽ ഒറ്റപ്പെട്ടുപോയ 17 കുടുംബങ്ങളെയും ദുരന്തഭൂമിയോട് ചേർന്നുള്ള റാട്ടപ്പാടി, മുണ്ടക്കൈപ്പാടി, പടവെട്ടിക്കുന്ന്, അട്ടമല എന്നിവിടങ്ങളിലെ കുടുംബങ്ങളെയും പദ്ധതിയിൽ ഉൾക്കൊള്ളിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

Content Highlights: mundakkai chooralmala landslide township