വീടുമില്ല വാടകയുമില്ല; ദുരിതംതീരാതെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ

കല്പറ്റ: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിലെ രണ്ടാംഘട്ട വീടുനിർമാണത്തിൽ പുരോഗതിയില്ലെന്നാരോപിച്ച് ദുരന്തബാധിതർ രംഗത്ത്. രണ്ട് എ, രണ്ട് ബി. ഗുണഭോക്തൃപട്ടികകളിൽ ഉൾപ്പെട്ട 156 കുടുംബങ്ങളുടെ കൂട്ടായ്മയായ ‘ദുരന്തബാധിതരാണ്’ വീടുകളുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതായും ഈ മാസം വീട്ടുവാടക ലഭിച്ചില്ലെന്നും ആരോപിച്ച് രംഗത്തെത്തിയത്.
വീടു കിട്ടാത്തവർ സമരങ്ങളും പ്രതിഷേധവുമെല്ലാം നടത്തിയതോടെ ഒക്ടോബർ 30-നകം നിർമാണം പൂർത്തീകരിച്ച് വീടുകൾ കൈമാറുമെന്ന് മന്ത്രി ടി. സിദ്ദിഖ് ഉറപ്പു നൽകിയിരുന്നു. മന്ത്രി എ.പി. അനിൽകുമാർ നവംബർ ഒന്നിനകം വീടുനൽകുമെന്നും പറഞ്ഞു. എന്നാൽ, ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം എങ്ങുമെത്തിയിട്ടില്ലെന്ന് കുടുംബങ്ങളെ പ്രതിനിധാനംചെയ്ത പി. പ്രദീപ് പറഞ്ഞു. രണ്ടായിരത്തിലധികം തൊഴിലാളികൾ ജോലി ചെയ്തിരുന്നിടത്തിപ്പോൾ വെറും അഞ്ഞൂറോളംപേർ മാത്രമാണുള്ളത്. അതും റോഡുകളുടെയും പൊതുസ്ഥാപനങ്ങളുടെയും പണിക്കാണ് ഇപ്പോൾ പ്രാധാന്യംനൽകുന്നത്. നിർവഹണച്ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും സർക്കാർ സംവിധാനങ്ങളുടെയും ഭാഗത്തുനിന്ന് നിർമാണം വേഗത്തിലാക്കാനുള്ള ഇടപെടലുകൾ ഉണ്ടാവുന്നില്ലെന്നും അവർ ആരോപിച്ചു.
സെപ്റ്റംബർ 28-ന് മന്ത്രി ടി. സിദ്ദിഖുമായി മേപ്പാടി ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ കേരളപ്പിറവിദിനം വീടുകൾ കൈമാറുമെന്നും വീടുകളുടെ നറുക്കെടുപ്പിനും മറ്റും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പു നൽകിയിരുന്നുവെന്ന് ദുരന്തബാധിതർ പറഞ്ഞു. മന്ത്രിയുടെ വാക്കുവിശ്വസിച്ച് കളക്ടറെ സമീപിച്ചപ്പോൾ വീടിന്റെ നിർമാണം പൂർത്തിയാക്കാതെ നറുക്കെടുപ്പിനെ സംബന്ധിച്ച് തനിക്ക് അറിയില്ലെന്നാണു പറഞ്ഞത്. എന്ന് നിർമാണം പൂർത്തിയാകും എന്നതിൽ കളക്ടർക്കും വ്യക്തതയില്ലെന്നും അവർ ആരോപിക്കുന്നു.
ദുരന്തബാധിത പ്രദേശത്തെ മുഴുവൻ പേരുടെയും വായ്പകൾ എഴുതിത്തള്ളുമെന്ന സർക്കാർ പ്രഖ്യാപനവും പാലിക്കപ്പെട്ടിട്ടില്ല. മൈക്രോപ്ലാനിൽ ഉൾപ്പെടുത്തി സ്റ്റാർട്ടപ്പുകൾക്ക് രണ്ടുലക്ഷം രൂപ സഹായം നൽകുമെന്നവാക്കും പാതിവഴിയിലാണ്. ദുരന്തത്തിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ട വ്യാപാരികൾക്കും കെട്ടിടമുടമകൾക്കുമുള്ള സഹായവും ഇതുവരെയും നൽകിയിട്ടില്ല.
വീട്ടുവാടകയും മുടങ്ങി
എല്ലാമാസവും മൂന്നാംതീയതിയാണ് ദുരന്തബാധിതർക്കുള്ള വീട്ടുവാടകയും ദിനബത്തയും ബാങ്ക് അക്കൗണ്ടുകളിലേക്കെത്തുന്നത്. എന്നാൽ, രണ്ടാഴ്ച പിന്നിട്ടിട്ടും ഒക്ടോബർമാസത്തിലെ പണം ലഭിച്ചിട്ടില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പണം കൊടുത്തുതീർക്കുമെന്നും നവംബർവരെ തുടരാൻ ചീഫ് സെക്രട്ടറിക്ക് നിർദേശംനൽകി എന്നുമായിരുന്നു മന്ത്രി ടി. സിദ്ദിഖ് ഒക്ടോബർ പത്തിന് മാധ്യമങ്ങളോട് പറഞ്ഞത്. ആ വാക്കും പാഴ്വാക്കായെന്ന് വിജയൻ മഠത്തിൽ ആരോപിച്ചു.
നിലവിൽ 6000 രൂപയാണ് ദുരന്തബാധിതർക്ക് സർക്കാർ നൽകുന്ന വാടക തുക. എന്നാൽ, ഈ തുകയ്ക്ക് ആർക്കുംതന്നെ വീടുകൾ ലഭ്യമല്ല. കുറഞ്ഞത് 12,000 രൂപനൽകാതെ വീടുകൾ ലഭ്യമല്ലെന്നാണ് ദുരന്തബാധിതർ പറയുന്നത്. ദുരന്തംസംഭവിച്ച് ഉടനെ മാറിത്താമസിക്കേണ്ടിവന്നതിനാൽ പലരുടെ വീടിനും വേണ്ട സൗകര്യങ്ങളില്ല. വീട്ടുടമകൾ ആവശ്യപ്പെടുമ്പോൾ വീടൊഴിഞ്ഞുനൽകേണ്ടതും ഇവർക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. രണ്ടുവർഷത്തിനിടെ നാലുവീടുകൾ മാറിത്താമസിക്കേണ്ടിവന്നു എന്ന് ദുരന്തബാധിതനായ പി.എച്ച്. മുഹമ്മദലി പറഞ്ഞു. ഒക്ടോബർ 30-നകം വീടുകളുടെ നിർമാണം പൂർത്തിയാക്കി നറുക്കെടുപ്പ് നടത്തി പട്ടയം നൽകിയില്ലെങ്കിൽ കളക്ടറേറ്റിനുമുൻപിൽ സമരമിരിക്കാനാണ് തീരുമാനമെന്ന് ദുരന്തബാധിത കൂട്ടായ്മയുടെ ട്രഷററായ കെ. ശിവാനന്ദനും പറഞ്ഞു.
Content Highlights: Beneficiaries of the Mundakkai-Chooralmala disaster township project in Wayanad protested against delayed house construction and unpaid monthly rent allowances, threatening to strike in front of the Collectorate.