തൃപ്രയാര്‍ ക്ഷേത്രം സന്ദര്‍ശിച്ച് പ്രധാനമന്ത്രി മോദി; മീനൂട്ട് നടത്തി, വേദാര്‍ച്ചനയില്‍ പങ്കെടുത്തു

തൃശ്ശൂര്‍: ദക്ഷിണേന്ത്യയിലെ പ്രമുഖ ശ്രീരാമക്ഷേത്രമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദര്‍ശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് ചടങ്ങിലും അദ്ദേഹം പങ്കാളിയായി. ക്ഷേത്രക്കുളക്കടവിലെത്തിയ അദ്ദേഹം മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കി. ഭഗവാന്‍ ഇവിടെ മത്സ്യങ്ങളുടെ രൂപത്തിലെത്തുമെന്നും അവയ്ക്ക് ഭക്ഷണം കൊടുക്കുന്നത് സര്‍വ്വ ദുരിതങ്ങളും അകറ്റി ഐശ്വര്യം ലഭിക്കാന്‍ കാരണമാകുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. ക്ഷേത്രത്തിലെ വേദാര്‍ച്ചനയിലും ഭജനയിലും പ്രധാനമന്ത്രി പങ്കെടുത്തു. ആദ്യമായാണ് രാജ്യത്തെ ഒരു പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തുന്നത്.
ഏറെ ഐതീഹ്യപ്രാധാന്യമുള്ള ക്ഷേത്രമാണ് തൃപ്രയാര്‍. ദ്വാരകയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇവിടുത്തെ വിഗ്രഹമാണ് പൂജിച്ചത് എന്നതാണ് ഭക്തരുടെ വിശ്വാസം. കാലക്രമേണ ഈ വിഗ്രഹം കടലെടുത്തു. പിന്നീട് മത്സ്യത്തൊഴിലാളികള്‍ക്ക് ഈ വിഗ്രഹം കിട്ടിയെന്നും അത് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചുവെന്നുമാണ് വിശ്വസിക്കുന്നത്.
Content Highlights: modi in triprayar temple