അന്‍സി കബീറിന്റെ മരണം: 22 ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് പിതാവ്

തിരുവനന്തപുരം: മുന്‍ മിസ് കേരള അന്‍സി കബീര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് അവരുടെപിതാവ്. അന്‍സി മരിച്ചിട്ട് 22 ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നും അന്‍സിയുടെ പിതാവ് കബീര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രിയെ കാണുന്നത്. അപകട സമയത്ത് ഒരാള്‍ പിന്തുടര്‍ന്നുവെന്ന് പറയുന്നു. അയാള്‍ ഒളിവിലാണ്. ഇതുവരെ പിടികൂടിയിട്ടില്ല. മാത്രമല്ല സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ കാണാതായി. ഇതൊക്കെ സംശയങ്ങള്‍ക്ക് ഇടയാക്കുന്നു. അന്വേഷണത്തില്‍ തൃപ്തിക്കുറവൊന്നുമില്ല. പക്ഷെ അന്വേഷണത്തില്‍ പോസിറ്റീവായി ഒന്നും അനുഭവപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ഉന്നത ഇടപെടലുണ്ടായി എന്നുള്ള കാര്യങ്ങളില്‍ സംശയിക്കുന്നില്ല. ഒരു വ്യക്തിയെയും പ്രത്യേകം സംശയിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ മുന്നില്‍ ആവശ്യങ്ങള്‍ രേഖാമൂലം അറിയിക്കുമെന്ന് ബന്ധുവായ നസീം പറഞ്ഞു. ആനുകൂലമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ''നിലവില്‍ ഉയരുന്ന ആരോപണങ്ങളില്‍ സത്യമൊന്നും ഇല്ലെങ്കില്‍ ഞങ്ങള്‍ക്കും വിഷമമില്ല. പക്ഷെ ഏറെ കഴിവുള്ള കുട്ടിയാണ്. കരിയര്‍ തുടങ്ങിയിട്ടേയുള്ളു. അതിന്റെ ഇടയിലാണ് ഈ സംഭവമുണ്ടാകുന്നത്. അതിന്റെ സത്യാവസ്ഥ ഞങ്ങള്‍ക്ക് അറിയണം. മരണം നടന്നതുമുതല്‍ ഒരുപാട് കാര്യങ്ങള്‍ കേട്ടു. അതിന്റെ സത്യാവസ്ഥ അറിയണം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം'' - നസീം പറഞ്ഞു.
Content Highlights: