എം.കെ. മുനീറിന് മുസ്ലിംലീഗ് സീറ്റ് നിഷേധിച്ചത് ജമാഅത്തെ ഇസ്ലാമിയെ എതിർത്തതിനാൽ- എളമരം കരീം

കോഴിക്കോട്: ഡോ. എം.കെ. മുനീറിന് മുസ്ലിംലീഗ് സീറ്റ് നിഷേധിച്ചത് ജമാഅത്തെ ഇസ്ലാമിയെ എതിർത്തതുകൊണ്ടാണെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും സി.ഐ.ടി.യു. അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ എളമരം കരീം.
''അനാരോഗ്യമല്ല പ്രശ്‌നം. ജമാഅത്തെ ഇസ്ലാമിയുമായി ആശയപരമായി യോജിക്കാനാവില്ലെന്ന് മുനീർ മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയിരുന്നു. അതാണ് സീറ്റ് നിഷേധിക്കാൻ കാരണം. അദ്ദേഹത്തിന്റെ നിലപാടുകൾ ലീഗ് നേതൃത്വത്തിന് അസംതൃപ്തിയുണ്ടാക്കിയിരിക്കാം. അങ്ങനെയൊരാൾ സ്ഥാനാർഥിയായി വരാൻ പാടില്ലെന്ന് ആരാണ് തീരുമാനിച്ചതെന്ന് നിങ്ങൾക്ക് അന്വേഷിക്കാം. മുനീറിന് അങ്ങനെ വലിയ ആരോഗ്യപ്രശ്‌നങ്ങളില്ല. വളരെ ആരോഗ്യവാനായിട്ടാണ് മാധ്യമങ്ങളോട് സംസാരിച്ചത്. പ്രഖ്യാപനത്തിന്റെ തലേദിവസംവരെ മത്സരിക്കാൻ സന്നദ്ധനാണെന്നാണ് മുനീർ സുഹൃത്തുക്കളോട് പറഞ്ഞത്. ജമാഅത്തെ ഇസ്ലാമി അത്രവലിയ സംഘടനയൊന്നുമല്ല. പക്ഷേ, പാൽപ്പായസം കേടാവാൻ കുറച്ച് മണ്ണെണ്ണ മതി'' -എളമരം കരീം പറഞ്ഞു.
മുനീറിനെ സാമ്പത്തികത്തകർച്ചയിലേക്ക് എത്തിച്ചത് ലീഗ് നേതൃത്വമാണ്. വർഷങ്ങൾക്കുമുൻപ് ഇന്ത്യാവിഷനിൽ വിവാദപരമായ വാർത്തകൾ നൽകിയതിന്റെ പേരിൽ അദ്ദേഹം അനുഭവിച്ച യാതനകളാണ് അദ്ദേഹത്തെ കടത്തിലാക്കിയതെന്നും എളമരം കരീം ആരോപിച്ചു.
കോഴിക്കോട്ടെ യു.ഡി.എഫ്. റാലിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും രാഹുൽഗാന്ധിയും അവരുടെ പദവിക്ക് ഒട്ടും ചേരാത്ത നിലവാരത്തിലാണ് സംസ്ഥാനസർക്കാരിനെ വിമർശിച്ചത്. മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് അറസ്റ്റുചെയ്തില്ലെന്നാണ് രാഹുലിന്റെ ആവലാതി. രാഹുൽ പ്രതിയായ നാഷണൽ ഹെറാൾഡ് കേസ് ഗുരുതരമായ കേസാണ്.
എന്നിട്ടും എന്തുകൊണ്ടാണ് രാഹുലിനെ അറസ്റ്റുചെയ്യാത്തത്. ഇലക്ഷൻ ബോണ്ടിലൂടെ ബി.ജെ.പി.ക്ക് 180 കോടി കൊടുത്തതുകൊണ്ടാണ് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയെ അറസ്റ്റുചെയ്യാത്തത് -അദ്ദേഹം പറഞ്ഞു. സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം എ. പ്രദീപ്കുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: Elamaram Kareem claims MK Muneer's seat denial is linked to his anti-Jamaat-e-Islami stance., Rejection of health issues as a reason for Muneer's exclusion from the candidate list., Allegations regarding the financial downfall of Muneer attributed to League leadership., Criticism of Rahul Gandhi and Mallikarjun Kharge's statements regarding the Kerala government.