‘ജമാഅത്തെ ഇസ്ലാമിയുമായി ആശയപരമായി യോജിക്കാനാവില്ല, അവരുമായി ബാന്ധവവുമില്ല’

#കെ.പി. ഷൗക്കത്തലി
എം.കെ.മുനീര്‍ |ഫോട്ടോ:മാതൃഭൂമി
എം.കെ.മുനീര്‍ |ഫോട്ടോ:മാതൃഭൂമി

ജമാഅത്തെ ഇസ്ലാമിക്ക് എത്ര ആൾബലമുണ്ടെന്ന് എല്ലാവർക്കുമറിയാം. സി.പി.എം. അവരെ പർവതീകരിക്കുകയാണ് ചെയ്യുന്നത്. അവരുമായി ആശയപരമായി ഒരിക്കലും മുസ്ലിംലീഗിന് യോജിക്കാനാവില്ല. ആ വിയോജിപ്പ് എന്നും തുടരും. മുസ്ലിംലീഗ് നേതാവ് ഡോ. എം.കെ. മുനീർ മാതൃഭൂമി ലേഖകൻ കെ.പി. ഷൗക്കത്തലിയോട് നിലപാട് വ്യക്തമാക്കുന്നു

യു.ഡി.എഫ്. അധികാരത്തിൽവരുമെന്നാണ് എല്ലാനേതാക്കളും ആത്മവിശ്വാസത്തോടെ പറയുന്നത്. എന്താണ് യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന് കാരണം

കേരളത്തിൽ ഇപ്പോൾനടന്ന എല്ലാ വികസനങ്ങളുടെയും അടിത്തറപാകിയത് യു.ഡി.എഫ്. സർക്കാരുകളാണ്. എൽ.ഡി.എഫിന്റെ ആദ്യ അഞ്ചുവർഷം പി.ആർ. വർക്കിലുടെ ദുരന്തങ്ങളെയുപയോഗപ്പെടുത്തുകയാണ് ചെയ്തത്. പിന്നീടുവന്ന വർഷങ്ങളിൽ വികസനത്തെക്കാൾ കൂടുതൽ ആരോപണങ്ങളും വിവാദങ്ങളുമാണുണ്ടായിരിക്കുന്നത്.

വർഗീയകലാപങ്ങളില്ലാത്ത പത്തുവർഷമെന്നാണ് സർക്കാരിന്റെ പരസ്യവാചകം. അടുത്തതവണ അധികാരത്തിൽവരുമ്പോഴും അത് ഉറപ്പുനൽകുന്നു

കേരളത്തിൽ ഏറ്റവും കൂടുതൽ വർഗീയധ്രുവീകരണമുണ്ടായത് ഏതുകാലത്താണ്. ജാതി-മത അടിസ്ഥാനത്തിൽ മന്ത്രിമാരും പാർട്ടി നേതാക്കളും വർഗീയത സംസാരിച്ച ഒരു കാലം ഇതിനുമുൻപ് ഉണ്ടായിട്ടുണ്ടോ. മുഖ്യമന്ത്രിതന്നെ ഒരു പ്രത്യേകസമുദായത്തിൽപ്പെട്ടവരാണ് കള്ളക്കടത്തുനടത്തുന്നത് എന്ന ധ്വനിയാണല്ലോ നൽകിയത്. ബി.ജെ.പി.ക്കുവേണ്ട മുദ്രാവാക്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്ന പണിയാണ് മാർക്സിസ്റ്റ് പാർട്ടി ചെയ്തത്.

ഇക്കാര്യത്തിൽ മുസ്ലിംലീഗിനെപ്പോലെ പരാതി കാന്തപുരത്തിനും ഇ.കെ. വിഭാഗം സമസ്തയ്ക്കുമില്ല. മുഖ്യമന്ത്രിക്കും എൽ.ഡി.എഫിനും യഥാർഥത്തിൽ അവർക്കിടയിൽ സ്വീകാര്യത ലഭിക്കുന്നില്ലേ

അത് സ്വീകാര്യതയല്ല. അതിനപ്പുറം സർക്കാരെന്നനിലയിലുള്ള ബന്ധംമാത്രമാണ്. അതിനെ ഞങ്ങൾ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് പിന്തുണകൊടുക്കുന്നതായി കാണരുതെന്ന് സമസ്തതന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ചുകഴിഞ്ഞാൽ അദ്ദേഹത്തെ കാണാൻപോവുകയെന്നത് ഏതുകാലത്തും ഉണ്ടാവുന്നതാണ്. അത് പിണറായി വിജയന്റെ കാലത്തുമാത്രമല്ല.

പിണറായി വിജയന്റേത് വർഗീയതയെ പിന്തുണയ്ക്കുന്ന നിലപാടല്ല എന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾതന്നെ വ്യക്തമാക്കിയതാണ്. അത് പിന്തുണയല്ലേ?

മതസംഘടന എന്നനിലയ്ക്ക് സർക്കാരിനെതിരേ ഇത്തരംകാര്യങ്ങളിൽ പ്രസ്താവന നടത്താറില്ല. വെള്ളാപ്പള്ളിക്കെതിരേ ഒരുകാലത്ത് പിണറായിയാണ് സംസാരിച്ചത്. അതേ പിണറായിതന്നെ അദ്ദേഹത്തെ (അടുത്തകാലത്തെ പ്രസ്താവനകൾ) വെള്ളപൂശുന്നതിനെക്കുറിച്ചാണ് ഞങ്ങൾ പറയുന്നത്. ഞങ്ങൾക്ക് വെള്ളാപ്പള്ളിയോട് ഒരു വ്യക്തിവൈരാഗ്യവുമില്ല. വെള്ളാപ്പള്ളിയെ മോശംവ്യക്തിയായി ചിത്രീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുമില്ല.

യു.ഡി.എഫ്. അധികാരത്തിൽവന്നാൽ, ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈയാളുമെന്നാണ് എ.കെ. ബാലൻ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിയുടെ ആൾബലം എത്രയാണെന്ന് നമുക്കെല്ലാവർക്കുമറിയാം. അങ്ങനെയുള്ള പ്രസ്ഥാനം കേരളം ഭരിക്കുമെന്ന് പറയുമ്പോ ജമാഅത്തെ ഇസ്ലാമിയെ അവർ പർവതീകരിക്കുകയാണ്.

മുസ്ലിംലീഗ് ഒരുകാലത്ത് ശക്തമായി ജമാഅത്തെ ഇസ്ലാമിയെ എതിർത്തിരുന്നു. ഇപ്പോൾ അവരുമായി സൗഹൃദമുണ്ടാക്കുന്നു. തിരഞ്ഞെടുപ്പിൽ ധാരണയുണ്ടാക്കുന്നു. ലീഗിന്റെ ജമാഅത്തെ ഇസ്ലാമിയോടുള്ള നിലപാടിൽ മാറ്റംവന്നോ

മാർക്സിസ്റ്റ് പാർട്ടി നടത്തിയ പ്രചാരണങ്ങളൊഴിച്ച് എവിടെയാണ് ധാരണയുണ്ടായത്. ഞങ്ങളുടെ പ്രത്യയശാസ്ത്രം ഒരിക്കലും ജമാഅത്തെ ഇസ്ലാമിയുമായി യോജിച്ചുപോവുന്നതല്ല എന്ന് പി.കെ. കുഞ്ഞാലിക്കുട്ടിതന്നെ വ്യക്തമാക്കിയതാണ്. രാഷ്ട്രീയമായി സമുദായം സംഘടിക്കേണ്ടതില്ല എന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമി മുൻപ് സ്വീകരിച്ചത്. അന്ന് ഖാഇദേ മില്ലത്ത് ഇസ്മായിൽ സാഹിബ് പറഞ്ഞു. സമുദായം രാഷ്ട്രീയമായി സംഘടിക്കണമെന്നുമാത്രമല്ല. രാഷ്ട്ര പുനർനിർമാണത്തിൽ പങ്കാളികളാവുകയും ഭരണണഘന അനുസൃതമായ എല്ലാസ്ഥാപനങ്ങളിലും പങ്കാളിത്തംവഹിക്കുകയും വേണമെന്ന്. അവരുടെ ഭരണഘടനയും നമ്മുടെ ഭരണഘടനയും യോജിച്ചുപോവുന്നതല്ല. നമ്മൾ എന്നും വിശ്വസിച്ചുപോന്നത് ജനാധിപത്യപ്രക്രിയയിൽ പങ്കാളിത്തംവഹിക്കുകയെന്നതാണ്. ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയപ്രസ്ഥാനമായി രംഗത്തുവരുകയും മത്സരിക്കാൻതുടങ്ങുകയും ചെയ്തത് വളരെ അടുത്തകാലത്താണ്.

ആശയപരമായി അവരുമായുള്ള വിയോജിപ്പ് തുടരുമോ, തിരഞ്ഞെടുപ്പിൽ പിന്തുണ സ്വീകരിക്കുമോ

അവരോടുള്ള വിയോജിപ്പ് തുടരും. പിന്തുണ രാഷ്ട്രീയപരമല്ല, ഒരു സ്ഥാനാർഥിക്ക് ആ മണ്ഡലത്തിലുള്ള എല്ലാവരും വോട്ടർമാരാണ്. എല്ലാവരോടും ഒരുമിച്ചാണ് വോട്ടുചോദിക്കുക. നിങ്ങൾ നമ്മുടെ ആശയത്തിനെതിരാണ്, അതുകൊണ്ട് നിങ്ങൾ ചെയ്യരുത്. നിങ്ങളുടെ വോട്ട് ഞങ്ങൾക്ക് സ്വീകരിക്കാൻപറ്റില്ല എന്ന് പറയാൻപറ്റുമോ.

വി.ഡി. സതീശൻ പറഞ്ഞത് ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്നാണല്ലോ, അങ്ങനെ ഉപേക്ഷിച്ചിട്ടുണ്ടോ

ജമാഅത്തെ ഇസ്ലാമിയുടെ അമീർ പറഞ്ഞു, ഞങ്ങൾ മതരാഷ്ട്രവാദം ഉപേക്ഷിച്ചിരിക്കുന്നു എന്ന്. അതിനെയാണ് വി.ഡി. സതീശൻ എടുത്തുപറഞ്ഞത്. ഇത്തവണ പലസ്ഥലത്തും വെൽഫെയർ പാർട്ടിയും ഞങ്ങളും നേർക്കുനേരാണ് മത്സരിച്ചത്. മതരാഷ്ട്രവാദം ഉപേക്ഷിച്ചോ ഇല്ലയോ എന്ന് സമൂഹത്തിന് ക്ലാരിറ്റികൊടുക്കേണ്ടത് ജമാഅത്തെ ഇസ്ലാമിയാണ്. ഇതുവരെ കൊടുത്തു എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

മതത്തിന്റെ നേട്ടത്തിനുവേണ്ടിയാണോ എം.എൽ.എ.യും മന്ത്രിയുമാവുന്നത്, മതമാണോ ഏറ്റവും വലിയ പ്രശ്നം. ഇക്കാര്യത്തിൽ കെ.എം. ഷാജിയുടെ പരാമർശത്തോട് യോജിക്കാൻകഴിയുമോ

കെ.എം. ഷാജി മതനിരാസത്തിനെതിരേയാണ് ആ പ്രസംഗം ചെയ്തത്. മതമല്ല പ്രശ്‌നമെന്ന് നിങ്ങൾ പറയുമ്പോൾ മതമുള്ളവർക്ക് മതമാണ് പ്രശ്‌നമെന്നാണ്‌ പറഞ്ഞത്. അതിൽ മുസ്ലിം മതം എന്ന് പറയുന്നില്ല. ആ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതാണ്.

അപ്പോൾ ലീഗിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതിൽ സി.പി.എം. വിജയിച്ചു എന്നാണോ

അതിൽ വിജയിച്ചാൽ കുറച്ചുകഴിഞ്ഞാൽ അവർ പറയുക മുസ്ലിംലീഗിന്റെ സ്ഥാനാർഥികൾ കേരളത്തിൽ നിൽക്കുന്നത് അപകടരമാണ് എന്നാവും. 1992-ൽ ബാബരി മസ്ജിദ് തകർത്തപ്പോൾ ലീഗ് എടുത്ത നിലപടെന്താണ്. സമാധാനത്തിന്റെ താരാട്ടുപാടി സമുദായത്തെ ഉറക്കുകയാണോ എന്നാണ് തീവ്രമായി ചിന്തിക്കുന്ന സംഘടനകൾ അന്ന് ചോദിച്ചത്. അതിന് ശിഹാബ് തങ്ങൾ നൽകിയ മറുപടി ''അങ്ങിനെ വൈകാരികമായി ചിന്തിക്കാത്ത 15 പേർ കൂടെയുണ്ടെന്നുവെച്ചോളൂ. ഞങ്ങൾക്ക് ആ 15 പേർ മതി, ബാക്കി എല്ലാവർക്കും പോവാം''. ആ നിലപാടിൽത്തന്നെയാണ് ലീഗ് ഇപ്പോഴും.

സി.എച്ച്. മുഹമ്മദ്‌കോയ മുഖ്യമന്ത്രിയായിട്ടുണ്ട്. ലീഗിൽനിന്ന് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാമുണ്ടായിട്ടുണ്ട്. പക്ഷേ, ലീഗിൽനിന്ന് ഉപമുഖ്യമന്ത്രി എന്ന ചർച്ചനടത്താൻപോലും ഇപ്പോൾ ഭയപ്പെടുകയാണ്

ആഭ്യന്തരം വേണം, ഉപമുഖ്യമന്ത്രിസ്ഥാനം എന്നൊന്നും ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, ഏതെങ്കിലും കാരണത്താൽ അങ്ങനെയുണ്ടാവുന്ന സാഹചര്യങ്ങളെ മുഴുവൻ പേടിപ്പിച്ചില്ലാതാക്കുക എന്നതാണ് മാർക്സിസ്റ്റ് പാർട്ടി നടത്തുന്ന ശ്രമം. എന്റെ പിതാവ് ആഭ്യന്തരമന്ത്രിയായപ്പോൾ അന്ന് മാർക്സിസ്റ്റ് പാർട്ടി തലശ്ശേരിഭാഗത്ത് നടത്തിയ പ്രചാരണം എന്തായിരുന്നു എന്നത് വിതയത്തിൽ കമ്മിഷൻ റിപ്പോർട്ടിൽ സി.പി.ഐ. മൊഴിയായി നൽകിയിട്ടുണ്ട്. അന്നും എന്നും അവർ നടത്തിയത് മുസ്ലിംലീഗ് ആഭ്യന്തരം കൈയാളിയാൽ മാറാട് ആവർത്തിക്കപ്പെടും, മുസ്ലിംലീഗ് ഉപമുഖ്യമന്ത്രിയായാൽ രാജ്യം ധ്രുവീകരിക്കപ്പെടും, മുസ്ലിം നിയന്ത്രണത്തിലേക്ക് ഈ സംസ്ഥാനം മാറും എന്നീ പ്രചാരണങ്ങളാണ്. ഞങ്ങൾ എത്രകാലം ഇവിടെ ഭരിച്ചു. ഞങ്ങളൊക്കെ ജയിക്കുന്നത് മുസ്ലിംവോട്ടിലാണോ. ക്രിസ്ത്യനും ഹിന്ദുവും വോട്ടുചെയ്യാതിരുന്നാൽ ഞങ്ങൾക്ക് ജയിക്കാൻപറ്റുമോ.

മുസ്ലിംലീഗിൽ കഴിവുറ്റ വനിതകളുണ്ട്. പക്ഷേ, ഇതുവരെ വനിതാ എം.എൽ.എ.യുണ്ടായിട്ടില്ല. വനിതകൾക്ക് എന്തുകൊണ്ടാണ് വിജയസാധ്യതയുള്ള സീറ്റ് കൊടുക്കാത്തത്?

നിർത്താത്തതുകൊണ്ടല്ല. പക്ഷേ, പരാജയപ്പെട്ടുപോയി. വനിതകളെ നിർത്തുന്നതിനോട് എതിർപ്പുള്ളവരല്ല. ഇനിയും പാർട്ടി അത് പരിഗണിച്ചുകൂടായ്കയില്ല.

പാർട്ടി നിർത്തുന്നത് ജയിക്കാനാണ്. കോഴിക്കോട് സൗത്ത് നല്ല സീറ്റായിരുന്നു. നല്ലസ്ഥാനാർഥിയായിരുന്നു അവർ. തോൽക്കാൽവേണ്ടി വനിതാസ്ഥാനാർഥിയെ നിർത്തിയെന്നുപറയുന്നത് ശരിയല്ല.

പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭയിലേക്ക് വീണ്ടും മത്സരിക്കുമോ

അതിപ്പോൾ പറയാനാവില്ല. സ്ഥാനാർഥിനിർണയമേ തുടങ്ങിയിട്ടില്ല. അത് ഭാവനാത്മകമായ ചോദ്യമാണ്. പാർട്ടിയാണ് തീരുമാനിക്കേണ്ടത്. വിജയസാധ്യതയാണ് പ്രധാനഘടകം. സീറ്റുനിഷേധിക്കാനുള്ള പൂർണ അവകാശം പാർട്ടിക്കുണ്ട്. പരിഗണിക്കാനുള്ള അവകാശവും പാർട്ടിക്കുണ്ട്.

Content Highlights: UDF is confident of winning as it laid the foundation for all recent development in Kerala