‘വോട്ടുവാങ്ങി ജയിച്ചത് മറക്കരുത്’; 11-ാം നാൾ വീട്ടിലെത്തിയ മന്ത്രിമാരോട് കാണാതായ ജോണിന്റെ മകൾ

#ന്യൂസ് ഡെസ്ക്
ജോണിൻ്റെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളോട് സംസാരിക്കുന്നു | Photo: screengrab/mathrubhumi news
ജോണിൻ്റെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളോട് സംസാരിക്കുന്നു | Photo: screengrab/mathrubhumi news

തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന പരാതി ശക്തമാകുന്നതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറും മത്സ്യത്തൊഴിലാളികളുടെ വീട് സന്ദർശിച്ചു. പുല്ലുവിള സ്വദേശി ജോൺ, അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ എന്നിവരുടെ വീടാണ് സന്ദർശിച്ചത്. ഇരുവരെയും കടലിൽ കാണാതായിട്ട് 11 ദിവസം പിന്നിട്ടു.

വിഴിഞ്ഞത്തെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടും ഫിഷറീസ് മന്ത്രിയോടും കാണാതായ ജോണിന്റെ മകൾ ജിജി രൂക്ഷമായി പ്രതികരിച്ചു. മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നും അതിന് മാപ്പ് പറയണമെന്നും ജിജി ആവശ്യപ്പെട്ടു. ഉന്നത പദവികളിൽ ഇരിക്കുന്നവർ ഒരു വിഭാഗം ആൾക്കാരെ കുറ്റപ്പെടുത്തുന്ന രീതിയിലോ അവരെ അടിച്ചമർത്തുന്ന രീതിയിലോ സംസാരിക്കുന്നത് ശരിയല്ല. തങ്ങളുടെകൂടി വോട്ട് വാങ്ങിയാണ് മന്ത്രിമാർ ഈ പദവികളിൽ എത്തിയതെന്ന് മറക്കരുതെന്നും ജിജി പറഞ്ഞു.

ജോണിന്റെ വീട്ടിലെ സന്ദർശനത്തിന് ശേഷം മന്ത്രിമാർ അഞ്ചുതെങ്ങിലെ ഷിജിന്റെ വീട്ടിലുമെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഇതിനിടെ മുതലപ്പൊഴി സന്ദർശിച്ച മന്ത്രിമാർ, തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തുമെന്നും ഡ്രഡ്ജിങ്ങിനായി ഉത്തരവ് നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

Content Highlights: Home and Fisheries ministers visited the families of missing fishermen John and Shijin on the 11th day., John's daughter Jiji strongly criticized the ministers and demanded an apology from the Chief Minister for derogatory remarks., Ministers visited Muthalappozhi and announced scientific solutions and dredging orders to address recurring accidents.