മീനുകളെ ഗ്രേഡുകളായി തിരിച്ചിട്ടില്ല, പിണറായിയേക്കുറിച്ചുള്ള പരാമർശം ഓർമക്കുറവുമൂലമാകാം- ശിവൻകുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മീൻ പ്രിയത്തെക്കുറിച്ചുള്ള സിപിഐ നേതാവിന്റെ പരാമർശത്തോട് പ്രതികരിച്ച് മന്ത്രി വി. ശിവൻകുട്ടി. സി. ദിവാകരന്റെ പരാമർശം ഓർമ്മക്കുറവുകൊണ്ടായിരിക്കാം. എ ക്ലാസ് മീൻ, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞു.
'മീനിനെ ഗ്രേഡുകളായി തിരിച്ചിട്ടില്ല. എല്ലാ മീനും കഴിക്കും. ചില ആളുകൾക്ക് ചിലത് ഇഷ്ടമുണ്ടാകും, ചിലത് ഇഷ്ടമുണ്ടാകില്ല. ചില ആൾക്കാർ ബീഫ് കഴിക്കും, ചിലർ ചിക്കൻ, ചിലർ പോത്ത്, ചിലർ മട്ടൺ ഒക്കെ കഴിക്കും... അത് ഓരോരുത്തരുടെ ഇഷ്ടമാണ്. അത് വ്യക്തിപരമായ ഇഷ്ടമാണ്. അതിനെപ്പറ്റി ചർച്ചചെയ്യേണ്ട ആവശ്യമില്ല. ചിലർക്ക് അലർജി ഉണ്ടാകും. ചില മീനുകൾ ഞാൻ കഴിക്കില്ല', മന്ത്രി പറഞ്ഞു.
പിണറായി വിജയൻ മത്സ്യം കഴിക്കുന്നതിനേപ്പറ്റി മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സിപിഐ നേതാവ് സി. ദിവാകരൻ നടത്തിയ പരാമർശം വലിയ ചർച്ചയായിരുന്നു. ഒന്നാം ക്ലാസ് മീനുകൾ മാത്രമേ പിണറായി കഴിക്കുകയുള്ളൂ എന്നും വിളമ്പിയ മീൻ ഇഷ്ടപ്പെടാത്തതുമൂലം അദ്ദേഹം എഴുന്നേറ്റ് പോയിട്ടുണ്ടെന്നും ദിവാകരൻ പറഞ്ഞിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായി. തുടർന്നാണ് മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം.
താൻ നടത്തിയ പരാമർശങ്ങൾ വെറും 'കൗതുകവാർത്ത' മാത്രമാണെന്നും അതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും സി. ദിവാകരൻ പിന്നീട് പ്രതികരിച്ചു. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Minister V. Sivankutty responds to CPI leader C. Divakaran`s remarks on CM Pinarayi Vijayan`s fish choices. Clarifies no `class` in fish, it`s personal preference.