കോട്ടയം എസ്.എം.ഇയിൽ പ്രതിഷേധവുമായി അധ്യാപകരും വിദ്യാർഥികളും; എം.ജി സർവകലാശാല പരിശോധന തടഞ്ഞു

#ന്യൂസ് ഡെസ്ക്

കോട്ടയം: സി.പാസിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ പരിശോധനക്കെത്തിയ മഹാത്മാഗാന്ധി സർവകലാശാല ഉദ്യോഗസ്ഥരെ തടഞ്ഞ് അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും. എം.ജി സർവകലാശാല രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കായി ക്യാമ്പസിലെത്തിയത്. സർവകലാശാലയുടെ നടപടിക്കെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധമുയർത്തിയതോടെ ഉദ്യോഗസ്ഥർ പരിശോധന നടത്താനാകാതെ മടങ്ങി.

സർവകലാശാലക്ക് കീഴിലുണ്ടായിരുന്ന സ്വാശ്രയ സ്ഥാപനങ്ങൾ 2017-ലാണ് സി.പാസ് (Centre for Professional and Advanced Studies) എന്ന സൊസൈറ്റിയുടെ കീഴിലേക്ക് 10 വർഷത്തെ കരാർ കാലാവധിയിൽ മാറ്റിയത്. ഈ കരാർ കാലാവധി വരുന്ന ജൂണിൽ അവസാനിക്കുകയാണ്. തുടർന്ന് ഈ സ്വാശ്രയ സ്ഥാപനങ്ങൾ തിരികെ ഏറ്റെടുക്കാൻ സർവകലാശാല തീരുമാനിച്ചിരുന്നു. ഇതിന്റെ മുന്നോടിയായാണ് ഉദ്യോഗസ്ഥർ കേന്ദ്രത്തിൽ പരിശോധനയ്ക്കായി എത്തിയത്.

എന്നാൽ, സ്ഥാപനങ്ങൾ സി.പാസ് സൊസൈറ്റിക്ക് കീഴിൽ തന്നെ നിലനിർത്തണമെന്നാണ് ഇവിടെയുള്ള അധ്യാപകരുടെയും ജീവനക്കാരുടെയും ആവശ്യം. നിലവിൽ എസ്.എം.ഇ ഡയറക്ടർ സ്ഥലത്തില്ലാത്തതിനാൽ, അദ്ദേഹം തിരിച്ചെത്തിയ ശേഷം വീണ്ടും പരിശോധന നടത്തുമെന്ന് രജിസ്ട്രാർ അറിയിച്ചു. ഡയറക്ടറുടെ അസാന്നിധ്യത്തിൽ കൂടിയായിരുന്നു പ്രതിഷേധം ശക്തമായത്.

Content Highlights: MG University officials faced protests and were blocked during an inspection at the School of Medical Education (SME) in Kottayam., The protest was led by students under the SFI, along with teachers and staff working under the CPAS society., The 10-year contract transferring self-financing institutions to CPAS in 2017 is set to expire this coming June., The university plans to take back these institutions, but staff and teachers demand that they remain under CPAS., The registrar stated that inspections will resume once the SME Director returns.