‘എംജിയിലെ പഠനബോർഡ് പുനഃസംഘടന അക്കാദമിക് സുതാര്യത നഷ്‌ടമാക്കും, അധ്യാപകരിലേറെയും പുറമേനിന്നുള്ളവർ’

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ പഠനബോർഡുകളുടെ പുനഃസംഘടന ‘അക്കാദമിക് സുതാര്യത’ നഷ്‌ടപ്പെടുത്തുമെന്ന വിമർശനവുമായി സിൻഡിക്കേറ്റ്. ഇവിടെ പല പഠനബോർഡുകളിലേക്കായി ചാൻസലർ നിർദേശിച്ച അധ്യാപകരിൽ ഭൂരിഭാഗവും എം.ജി. സർവകലാശാലാ പരിധിക്ക് പുറത്തുനിന്നുള്ളവരാണെന്നാണ് സിൻഡിക്കേറ്റിന്റെ പ്രധാന ആക്ഷേപം.
പല പഠനബോർഡുകളിലും ഭൂരിഭാഗം അംഗങ്ങളും സ്വയംഭരണ കോളേജുകളിലെ അധ്യാപകരാണെന്നാണ് മറ്റൊരു വിമർശനം. പഠനബോർഡുകളിൽ ഭൂരിഭാഗം പേരും സർവകലാശാലയിലെയോ സർവകലാശാലാ പരിധിയിലെ അഫിലിയേറ്റഡ് കോളേജുകളിലെയോ അധ്യാപകരാകുമെന്നതാണ് കീഴ്‌വഴക്കം.
അഫിലിയേറ്റഡ് കോളേജുകളിലെയോ സർവകലാശാലാ വകുപ്പുകളിലെയോ വകുപ്പ് മേധാവികളാകും അതത് വിഷയത്തിലെ പഠനബോർഡിൽ ചെയർപേഴ്‌സൺ. ഇത് രണ്ടും ഇത്തവണ പാലിച്ചിട്ടില്ല. പല ബോർഡുകളുടെയും ചെയർപേഴ്സൺ സ്വയംഭരണ കോളേജുകളിലെ അധ്യാപകരാണ്. സർവകലാശാലാ ആക്‌ട് അനുസരിച്ച് സ്വയംഭരണ കോളേജുകളുടെ സിലബസ് പരിശോധിച്ച് അംഗീകാരം നൽകുന്നത് സർവകലാശാലയിലെ പഠനവകുപ്പുകളാണ്.
പഠനബോർഡുകളിൽ സ്വയംഭരണ കോളേജുകളിലെ അധ്യാപകരുടെ എണ്ണം കൂടുമ്പോൾ സ്വന്തം സിലബസ് അവർ തന്നെ അംഗീകരിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് സിൻഡിക്കേറ്റ് ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് ബോട്ടണിയുടെ പഠനവകുപ്പിൽ പത്ത് പേരിൽ ചെയർപേഴ്‌സണുൾപ്പെടെ ആറു പേരും സ്വയംഭരണ കോളേജ് അധ്യാപകരാണ്. ഒരാൾ സർവകലാശാലയ്ക്ക് പുറത്തുനിന്നുള്ള അധ്യാപകനാണ്. മൂന്നുപേർ മാത്രമാണ് സർവകലാശാലാ സിലബസ് കൈകാര്യം ചെയ്യുന്നത്.
ജിയോളജിയുടെ പഠനവകുപ്പിലെ ഏഴ് അംഗങ്ങളും സർവകലാശാലയ്ക്ക് പുറത്തുനിന്നുള്ളവരാണ്. ഹോം സയൻസിൽ ആറുപേരിൽ മൂന്നുപേർ സർവകലാശാലയ്ക്ക് പുറത്തുനിന്നുള്ളവരും രണ്ട് പേർ സ്വയംഭരണ കോളേജിൽ നിന്നുള്ളവരുമാണ്. ഒരാൾമാത്രമാണ് സർവകലാശാലാ സിലബസ് പഠിപ്പിക്കുന്നത്.
സോഷ്യോളജിയിൽ അഞ്ചുപേരിൽ മൂന്നുപേർ സർവകലാശാലയ്ക്ക് പുറത്തുള്ളവരും രണ്ട് പേർ സ്വയംഭരണ കോളേജിൽനിന്നും. സർവകലാശാലാ സിലബസ് പഠിപ്പിക്കുന്ന ഒരാൾ പോലുമില്ല.
ടൂറിസത്തിൽ 11-ൽ ആറുപേരും മറ്റ് സർവകലാശാലകളിലെ അധ്യാപകരാണ്. നാലുപേർ സ്വയംഭരണകോളേജ് അധ്യാപകർ. പിന്നെയുള്ള ഒരാൾ പഠിപ്പിക്കുന്ന വിഷയം കൊമേഴ്‌സ് ആണ്. സ്വയംഭരണ കോളേജുകളിലെ അധ്യാപകരെയും പുറത്തുനിന്നുള്ളവരെയും ഉൾപ്പെടുത്താറുണ്ടെങ്കിലും പഠനബോർഡുകളിൽ ഭൂരിപക്ഷവും അവരെത്തന്നെ വെയ്‌ക്കുന്നത് അപൂർവമാണ്. ഒൻപത് ബോർഡുകളുടെ അധ്യക്ഷൻ പുറത്തുനിന്നുള്ളവരാണ്. ബോർഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളെ നിയമിക്കുന്നത് ഗവർണർ ആണെങ്കിലും അംഗീകരിക്കുന്നത് സിൻഡിക്കേറ്റാണ്. 54 പഠനബോർഡുകളിലായി 560 അധ്യാപകരെയാണ് നിയമിച്ചിരിക്കുന്നത്. പട്ടിക തിരിച്ചയയ്ക്കാനാണ് സിൻഡിക്കേറ്റ് തീരുമാനം.
Content Highlights: Syndicate claims reorganization lacks academic transparency., Majority of members are from outside the university or autonomous colleges., Concerns over conflict of interest regarding syllabus approval., Syndicate decided to return the list of 560 appointees for reconsideration.