മെസ്സി വിവാദം: 'സർക്കാർ പരിപാടി'യെന്ന് ആന്റോ അഗസ്റ്റിൻ, കളി നടക്കാത്തതിനാൽ ജിഎസ്ടി അടയ്ക്കില്ല

തിരുവനന്തപുരം: കേരളത്തിലേക്ക് അർജന്റീന ഫുട്‌ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കൊണ്ടുവരാനുള്ള നീക്കം എൽഡിഎഫ് സർക്കാരിന്റെ പദ്ധതിയായിരുന്നുവെന്ന ആന്റോ അഗസ്റ്റിന്റെ വെളിപ്പെടുത്തലും ഇതുമായി ബന്ധപ്പെട്ട ജിഎസ്ടി കുടിശ്ശിക തർക്കങ്ങളും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മെസ്സിയെ കേരളത്തിലെത്തിക്കുന്നത് പിണറായി വിജയൻ സർക്കാരിന്റെ പദ്ധതിയായിരുന്നുവെന്നും താൻ വ്യക്തിഗതമായി മുന്നോട്ടുവന്ന സ്‌പോൺസറല്ലെന്നുമാണ് ആന്റോ അഗസ്റ്റിൻ നൽകിയ മൊഴി. ഗോൾഡ് മർച്ചന്റ് അസോസിയേഷൻ ഉൾപ്പെടെയുള്ളവർ പിന്മാറിയതിനെത്തുടർന്ന്, അന്നത്തെ കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ പൂർണ അറിവോടെയാണ് സ്‌പോൺസറാകാൻ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെയും ആന്റോ അഗസ്റ്റിനെയും സർക്കാർ സമീപിച്ചതെന്ന് യു. ഷറഫലിയും സമ്മതിച്ചിട്ടുണ്ട്
ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഒരു ചില്ലിക്കാശ് പോലും സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നാണ് അന്നത്തെ കായികമന്ത്രി വി. അബ്ദുറഹ്‌മാൻ വിശദീകരിച്ചിരുന്നത്. ഓഗസ്റ്റ് 11-ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മുൻമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മത്സരം നടത്താൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷനും സ്‌പോൺസറും തമ്മിലാണ് കരാർ ഒപ്പിട്ടതെന്നും പൊതുമേഖലാ ബാങ്ക് വഴിയാണ് തുക കൈമാറിയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, മൂട്ടിൽ മരംമുറി കേസ്, ബാങ്ക് ഓഫ് ഒമാൻ തട്ടിപ്പ് കേസ് തുടങ്ങി നിരവധി വെട്ടിപ്പ് കേസുകളിൽ പ്രതിയായ ആന്റോ അഗസ്റ്റിനെ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌പോൺസറാക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചതെന്ന ചോദ്യവും ശക്തമാകുന്നുണ്ട്.
അതേസമയം വിഷയത്തിൽ ജിഎസ്ടിയുമായുള്ള തർക്കവും മുറുകുകയാണ്. ജിഎസ്ടി അടയ്ക്കാൻ തയ്യാറല്ലെന്നാണ് ആന്റോയുടെ നിലപാട്. സ്‌പോർട്‌സ് ഇവന്റുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടന്നിട്ടുള്ളതിനാൽ അതിന്റെ ഭാഗമായുള്ള ജിഎസ്ടി തുകയും പിഴയും അടയ്ക്കാൻ ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും നിയമപരമായി ബാധ്യസ്ഥരാണെന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. പിണറായി സർക്കാരിന്റെ കാലത്തുതന്നെ കണ്ടെത്തിയ ഈ കുടിശ്ശികയിൽ പലതവണ നോട്ടീസ് നൽകിയതിനെത്തുടർന്ന് ഓഗസ്റ്റ് 3-നാണ് ആന്റോ അഗസ്റ്റിൻ കാഞ്ഞങ്ങാട്ടെ ഓഫീസിലെത്തി മൊഴി നൽകിയത്. എന്നാൽ, മത്സരം നടന്നിട്ടില്ലാത്തതിനാൽ ജിഎസ്ടിയോ പിഴയോ അടയ്ക്കില്ലെന്ന നിലപാടിലാണ് ആന്റോ അഗസ്റ്റിൻ. ഈ വാദത്തിന് നിയമസാധുതയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. കളി നടന്നിട്ടില്ലെങ്കിൽ ജിഎസ്ടി അടച്ച ശേഷം റിട്ടേൺ ഫയൽ ചെയ്ത് തുക റീഫണ്ടായി തിരികെ വാങ്ങാമെന്നും, അല്ലാതെ നികുതി അടയ്ക്കാതിരിക്കാൻ കഴിയില്ലെന്നും ജിഎസ്ടി വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.
ജിഎസ്ടി വകുപ്പിന്റെ നടപടികളെ 'ജിഎസ്ടി പരാക്രമം' എന്ന് വിശേഷിപ്പിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ള മുതിർന്ന സിപിഎം നേതാക്കൾ ആന്റോ അഗസ്റ്റിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കളി നടന്നിട്ടില്ലാത്തതിനാൽ ജിഎസ്ടി അടയ്‌ക്കേണ്ടതില്ലെന്ന തോമസ് ഐസക്കിന്റെ വാദം തന്നെയാണ് ആന്റോ അഗസ്റ്റിനും ഉന്നയിക്കുന്നത്.
Content Highlights: Kerala's plan to bring Messi leads to political controversy, with GST disputes and sponsorship issues involving Anto Augustine and the LDF government.