കർഷകരെ പിന്തുണച്ചതിന്റെ പേരില്‍ സ്ഥാനമൊഴിയാന്‍ തയ്യാർ- മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്
ന്യൂഡല്‍ഹി: കര്‍ഷകരെ പിന്തുണച്ചതിന്റെ ഭാഗമായി കേന്ദ്രം ആവശ്യപ്പെട്ടാല്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷക വിഷയത്തില്‍ താനെന്തെങ്കിലും പ്രതികരിച്ചാല്‍ അത് വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നും സത്യപാല്‍ മാലിക് വ്യക്തമാക്കി. ബി.ജെ.പി നേതാവായിരുന്ന സത്യപാല്‍ മാലിക് നേരത്തെയും കേന്ദ്ര സര്‍ക്കാരിനെതിരെ വമര്ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
"കര്‍ഷക വിഷയത്തില്‍ ഞാനെന്തെങ്കിലും പറഞ്ഞാല്‍ അത് വിവാദങ്ങള്‍ക്ക് തിരികൊളുത്തും. ഡല്‍ഹിയില്‍ നിന്നുള്ള വിളിക്കായി ഞാന്‍ കാത്തിരിക്കുകയാണ്. ഒരു ഗവര്‍ണര്‍ ഒരിക്കലും സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടരുത്. അതിനേക്കുറിച്ച് ഞാനെന്തെങ്കിലും പറയാനായി എന്റെ അഭ്യുദയകാംക്ഷികള്‍ കാത്തിരിക്കുകയാണ്. ഡല്‍ഹിയിലുള്ളവര്‍ പറയുന്ന ദിവസം ഞാന്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞിരിക്കും", സത്യപാല്‍ മാലിക്ക് പറഞ്ഞു.
മറ്റൊരു വീഡിയോയിലും കേന്ദ്ര സര്‍ക്കാരിനെ ശക്തമായ ഭാഷയില്‍ മാലിക് വിമര്‍ശിക്കുന്നുണ്ട്. '600 പേരാണ് ഈ കര്‍ഷക മുന്നേറ്റത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഡല്‍ഹിയില്‍ ഒരു മൃഗം മരിച്ചാല്‍ പോലും നേതാക്കള്‍ അനുശോചനവുമായി എത്തും. പക്ഷെ മരണപ്പെട്ട 600 പേര്‍ക്കായി അവര്‍ ഒന്നും ചെയ്യുന്നില്ല', അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ബി.ജെ.പി ഇനി അധികാരത്തില്‍ തിരിച്ചുവരില്ലെന്ന മാലികിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതുകഴിഞ്ഞ് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് പുതിയ വിമര്‍ശനം അദ്ദേഹം നടത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ പല ഗ്രാമങ്ങളിലും ഇപ്പോള്‍ ബി.ജെ.പി നേതാക്കള്‍ക്ക് പ്രവേശിക്കാന്‍ പോലും കഴിയില്ലെന്നും മാലിക് പറഞ്ഞിരുന്നു.
Content Highlights: Meghalaya Governor Satya Pal Malik hints at displeasure over farm issues
Content Highlights: