പൊളിയല്ലേ ഈ പേര്, ടാഷ്മോൻ പുഞ്ചിരിക്കുന്നു

കൊച്ചി: സാമൂഹികമാധ്യമ ഗ്രൂപ്പുകളിൽ ഇപ്പോൾ പേരുകൊണ്ട് ശ്രദ്ധാകേന്ദ്രമായി ഒരാളുണ്ട്, എം.ഡി. ടാഷ്മോൻ. ചേരാനല്ലൂർ സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗവും സി.പി.ഐ. ചേരാനല്ലൂർ ലോക്കൽ കമ്മിറ്റി അംഗവുമാണ് ഈ 54 കാരൻ.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മുഖ്യമന്ത്രിയും രേവന്ദറെഡ്ഡിയുമായി വാക്കുകൾകൊണ്ട് പോരാടിയപ്പോൾ വീണ ‘ഡാഷ് മോൻ’ എന്ന പ്രയോഗത്തോടെയാണ് ടാഷ് മോൻ പലരുടെയും ശ്രദ്ധയിലെത്തിയത്. അതോടെ പേര് സൈബർലോകത്ത് ചർച്ചയായി. ടാഷ്മോൻ സഹകരണ ബാങ്കിലേക്ക് മത്സരിച്ചപ്പോൾ തയ്യാറാക്കിയ ഫോട്ടോയും പേരുമുള്ള നോട്ടീസും വൈറലായി. പേരിന്റെ അർഥം തേടി ടാഷ്മോന് വിളികളും നിരവധി വന്നു.
‘‘കേട്ടിട്ടില്ലാത്ത ഒരു പേരായതിനാൽ പണ്ട് സ്കൂളിലൊക്കെ പഠിക്കുമ്പോൾ ചില കുട്ടികൾ കളിയാക്കിയിട്ടുണ്ട്. പക്ഷേ, എനിക്ക് ഇഷ്ടമാണ്. അച്ഛൻ ഇഷ്ടപ്പെട്ട് ഇട്ട പേരല്ലേ.’’മാട്ടുമ്മൽ ദാസിന്റെയും വള്ളിയുടെയും മകനായ
ടാഷ്മോൻ പറയുന്നു. ടൈനീഷ്, ടാജീഷ് എന്നിവരാണ് സഹോദരങ്ങൾ.
അച്ഛന് മഞ്ഞുമ്മൽ ഒഗേല ഗ്ലാസ് ഫാക്ടറിയിലായിരുന്നു ജോലി. എന്താണ് പേരിന്റെ പിന്നിലെ കഥയെന്ന് അച്ഛൻ ടാഷ്മോനോട് പറഞ്ഞിട്ടില്ല. പക്ഷേ, രാഷ്ട്രീയത്തിൽ വന്നപ്പോൾ വ്യത്യസ്തമായ പേരായതിനാൽ ശ്രദ്ധിക്കപ്പെട്ടു.
എ.സി. മെക്കാനിക്കായ ടാഷ്മോൻ കുറച്ചുകാലം ഗൾഫിലായിരുന്നു. പിന്നെ എൽ.പി.ഒ.എല്ലിൽ ജോലി ചെയ്തു. ഇപ്പോൾ കാക്കനാട് പെർഫെക്ട് കൂൾ എന്നൊരു സ്ഥാപനം ഉണ്ട്. ടാഷ്മോനും വിനീതയ്ക്കും രണ്ടു മക്കളാണ്. പത്താംക്ലാസുകാരിയായ ലക്ഷ്മിയും സി.എ.യ്ക്ക് പഠിക്കുന്ന സൂര്യദേവും.
Content Highlights: M.D. Tashmon is a 54-year-old CPI local committee member and bank director., His name gained viral attention in 2026 due to political debates., Despite childhood teasing, he embraces his unique name given by his father., He balances a career as an AC mechanic with his active political involvement.