ഇസ്രയേൽ യുദ്ധം: മട്ടാഞ്ചേരി ജൂതപ്പള്ളിയുടെ സുരക്ഷ കൂടുതൽ ശക്തമാക്കി

സുരക്ഷാ സംവിധാനം ശക്തമാക്കിയ ജൂതപ്പള്ളിയിലേക്ക് സഞ്ചാരികൾ എത്തിയപ്പോൾ | ഫോട്ടോ: മാതൃഭൂമി
സുരക്ഷാ സംവിധാനം ശക്തമാക്കിയ ജൂതപ്പള്ളിയിലേക്ക് സഞ്ചാരികൾ എത്തിയപ്പോൾ | ഫോട്ടോ: മാതൃഭൂമി

മട്ടാഞ്ചേരി: ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയുടെ സുരക്ഷ കൂടുതൽ ശക്തമാക്കി. യുദ്ധം തുടങ്ങിയ ഘട്ടത്തിൽ പള്ളിക്കുസമീപം പോലീസിനെ നിയോഗിച്ചിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളാണ് പള്ളിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. പള്ളിക്കകത്തുതന്നെയാണ് സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. 24 മണിക്കൂറും പോലീസ് സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്. 

കൊച്ചി പരദേശി സിനഗോഗ് എന്നറിയപ്പെടുന്ന' ജൂതപ്പള്ളി 'ഇന്ത്യയിലെതന്നെ ഏറ്റവും പുരാതനമായ ജൂത ദേവാലയമാണ്. കൊച്ചിയിൽ ഏറ്റവുമധികം സഞ്ചാരികൾ എത്തുന്നതും ഇവിടെയാണ്. ലോക ശ്രദ്ധ നേടിയിട്ടുള്ള ഈ സിനഗോഗ് കേന്ദ്രസർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ള ചരിത്രസ്മാരകമാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ പള്ളിക്ക് കൂടുതൽ സുരക്ഷ നൽകണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശവുമുണ്ടത്രെ. 

ഒരു കാലത്ത് ജൂതസമൂഹം കൂട്ടത്തോടെ താമസിച്ചിരുന്ന കേന്ദ്രമാണിത്. അവരുടേതായി രണ്ട് പള്ളികളാണ് ഇവിടെയുണ്ടായിരുന്നത്. ഇസ്രയേൽ സ്വതന്ത്രമായതോടെ കൊച്ചിയിലുണ്ടായിരുന്ന ജൂതർ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. കൊച്ചിയിൽ ഒരാൾ മാത്രമാണ് ശേഷിക്കുന്നത്. സമൂഹം ഒന്നാകെ ഇസ്രയേലിലേക്ക് മടങ്ങിയെങ്കിലും, അവർതന്നെയാണ് ജൂതപ്പള്ളിയുടെ മേൽനോട്ട ചുമതല വഹിക്കുന്നത്. അതിനായി ഒരു ട്രസ്റ്റുമുണ്ട്. വേണ്ടത്ര ആളില്ലാത്തതിനാൽ പള്ളിയിൽ ആരാധന നടക്കാറില്ല. എന്നാൽ വിദേശസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കേന്ദ്രമാണിത്. 

ഇസ്രയേൽ-ഹമാസ് യുദ്ധം ശക്തമായ കാലത്തും വിദേശ വിനോദസഞ്ചാരികളടക്കം നൂറുകണക്കിനാളുകൾ പള്ളി സന്ദർശിച്ചുവരുകയാണ്. പള്ളിയുമായി ബന്ധപ്പെട്ട ടൂറിസത്തെ ആശ്രയിച്ചാണ് ഈ പ്രദേശത്തിന്റെ നിലനിൽപ്പ്. നിരവധി കച്ചവട കേന്ദ്രങ്ങളും ഇതിനെ ആശ്രയിച്ച് നിൽക്കുന്നു. പോലീസ് സുരക്ഷ ശക്തമാക്കിയെങ്കിലും ബുദ്ധിമുട്ടൊന്നുമില്ലാതെ സഞ്ചാരികൾക്ക് പള്ളി സന്ദർശിക്കുന്നതിന് സംവിധാനമുണ്ട്.

Content Highlights: Mattancherry Synagogue Security Bolstered Amidst Israel Conflict