‘ആ കണ്ണുകൾ നിറഞ്ഞത് കണ്ടു; ദുഃഖംകൊണ്ടല്ല, ആത്മസംതൃപ്തികൊണ്ട്’- ഒരു ഫോട്ടോഗ്രാഫറുടെ കുറിപ്പ്

#ന്യൂസ് ഡെസ്ക്
ശബരിമലയിൽ ദർശനം നടത്താനാവാതെ ബുധനാഴ്ച കാലത്ത് നിലയ്ക്കലിൽ തിരിച്ചെത്തിയ അമ്മമാരടങ്ങിയ കല്ലുവാതുക്കലിൽ നിന്നുള്ള സംഘം പോലീസിന്റെ സഹായത്താൽ തിരികെ വീണ്ടുമെത്തി അയ്യപ്പദർശനം നടത്തിയപ്പോൾ.
ശബരിമലയിൽ ദർശനം നടത്താനാവാതെ ബുധനാഴ്ച കാലത്ത് നിലയ്ക്കലിൽ തിരിച്ചെത്തിയ അമ്മമാരടങ്ങിയ കല്ലുവാതുക്കലിൽ നിന്നുള്ള സംഘം പോലീസിന്റെ സഹായത്താൽ തിരികെ വീണ്ടുമെത്തി അയ്യപ്പദർശനം നടത്തിയപ്പോൾ.

നിലയ്ക്കൽ (ശബരിമല): മൂടിക്കെട്ടിയ നിലയ്ക്കലിലെ അന്തരീക്ഷത്തിൽ വെളിച്ചമില്ലാത്ത മുഖവുമായി ഓടിനടക്കുന്ന അനേകായിരങ്ങൾ. മലമടക്കുകൾക്കപ്പുറത്തുള്ള അയ്യപ്പന്റെ അരികിലെത്താൻ എന്ന് കഴിയും, എങ്ങനെ കഴിയും എന്നുമാത്രം ചോദിക്കുകയും പറയുകയും ചെയ്യുന്നവർ. കണ്ടിറങ്ങിയവർ കഠിനയാത്രയുടെ കഥകൾ പങ്കുവെക്കുന്നു. പാതിവഴിക്ക് മടങ്ങിയവർ ആരോടെന്നില്ലാതെ പരാതി പറയുന്നു.

രാവിലെ നിലയ്ക്കലിലെ തിരക്കിന്റെ ചിത്രങ്ങൾ പകർത്താൻ എത്തിയതായിരുന്നു ഞാൻ. അപ്പോഴാണ് കൊല്ലം കല്ലുവാതുക്കൽനിന്നെത്തിയ സംഘത്തിലെ രണ്ട് അമ്മമാർ എന്റെ അടുത്തെത്തിയത്. അയ്യപ്പനെ കാണാനാകാത്തതിന്റെ ദുഃഖം ആ കണ്ണുകളിലുണ്ടായിരുന്നു. ‘‘മോനേ... മോൻ പത്രത്തിൽനിന്നാണോ’’ -എന്റെ ക്യാമറ കണ്ടിട്ടാവണം അവർ ചോദിച്ചു.

‘‘മല ചവിട്ടിയിട്ട് മരക്കൂട്ടംവരെ എത്താനേ സാധിച്ചുള്ളൂ. കുട്ടികളടക്കം കൂടെയുണ്ടായിരുന്നതുകൊണ്ട് സുരക്ഷകരുതി തിരിച്ചിറങ്ങേണ്ടിവന്നു’’ -അവർ പറഞ്ഞു. എന്നെക്കൊണ്ട് സാധിക്കുന്നത് ചെയ്യണമെന്ന് ഞാനും ഉറപ്പിച്ചു.

മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ സി.കെ. അഭിലാലിനെയും സീനിയർ ക്യാമറാമാൻ സുധീഷ് തിരുവല്ലയെയും വിവരമറിയിച്ചു. പിന്നീട് നടന്നതെല്ലാം അദ്‌ഭുതംപോലെയായിരുന്നു. മാതൃഭൂമി ചാനലിൽ വാർത്തവരികയും എഡിജിപി എസ്. ശ്രീജിത്ത് ഇടപെടുകയും ചെയ്തെന്നറിഞ്ഞപ്പോൾ അതിയായ സന്തോഷം തോന്നി. ദർശനം സാധിക്കാതെവന്ന അമ്മമാർക്കും കുട്ടികൾക്കും ദർശനത്തിന് സൗകര്യമൊരുങ്ങി.

അവരുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു; ദുഃഖം കൊണ്ടല്ല, ആത്മസംതൃപ്തികൊണ്ട്. അവരെന്റെ കൈയിൽ തൊട്ടു. ചെറുപുഞ്ചിരി നൽകി മടങ്ങി.

നന്ദി മാതൃഭൂമി

തങ്ങളെ സഹായിച്ച ‘മാതൃഭൂമി’ക്കും എഡിജിപിക്കും നന്ദി പറഞ്ഞാണ് മാളികപ്പുറങ്ങളും മണികണ്ഠൻമാരും ഉൾപ്പെട്ട ആ സംഘം നാട്ടിലേക്ക് മടങ്ങിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ മീനമ്പലം കിളുക്കത്തിൽ ഭദ്രകാളീക്ഷേത്രത്തിൽനിന്ന് ഇവർ അയ്യനെ കാണാൻ യാത്രതിരിച്ചത്. ശൈലജ, ഗിരിജ, കാശിനാഥ്, ഇന്ദിര, മല്ലിക തുടങ്ങി 15 പേരാണ് സംഘത്തിലുണ്ടായിരുന്നത്.

Content Highlights: mathrubhumi photographer shares experience of helpinng pilgrims to have ayyappa darsanam at sabarimala