'എഴുതൂ, സുഹൃത്തിനൊരു ലഹരി വിരുദ്ധ സന്ദേശം': ലഹരി വിരുദ്ധ ദിനത്തിൽ വ്യത്യസ്തമായ ചലഞ്ചുമായി മാതൃഭൂമി

കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ജനമനസ്സുകളിൽ ബോധവൽക്കരണം ശക്തമാക്കാൻ വേറിട്ടൊരു ക്യാമ്പയിനുമായി 'മാതൃഭൂമി'. 'എഴുതൂ സുഹൃത്തിനൊരു ലഹരി വിരുദ്ധ സന്ദേശം' എന്ന പേരിലാണ് മാതൃഭൂമി ക്യാമ്പയിൻ. നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളെയും യുവാക്കളെയും സുഹൃത്തുക്കളെയും ലഹരിയുടെ വഴിയിൽ നിന്ന് പിന്തിരിപ്പിക്കാനും, അവർക്ക് കരുത്തുപകരാനും ലക്ഷ്യമിട്ടാണ് ഈ ക്യാമ്പയിൻ.
ലഹരി വിരുദ്ധ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനായി തയ്യാറാക്കുന്ന ലഹരി വിരുദ്ധ സന്ദേശം മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ഫോട്ടോയ്ക്കൊപ്പം വെച്ചാണ് ഈ ചലഞ്ചിൽ പങ്കാളികളാകേണ്ടത്. ‘നശാ മുക്ത് ഭാരത്’ അഭിയാന്റെയും ഓപ്പറേഷൻ തൂഫാന്റെയും ഭാഗമായി ജില്ലാ സാമൂഹികനീതിവകുപ്പും ജില്ലാ പോലീസും സംയുക്തമായി കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ‘ഞാൻ മയക്കുമരുന്നിനെ വെറുക്കുന്നു’ എന്ന മുദ്രാവാക്യവുമായി 2000 വിദ്യാർഥികളെ അണിനിരത്തിയതിന്റെ ആകാശക്കാഴ്ചയാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ സന്ദേശമെഴുതിയ ശേഷം ഇതിന്റെ ഫോട്ടോ എടുത്ത് #MbiNoDrugs എന്ന ഹാഷ് ടാഗോടെ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെക്കാം.