ആയിരങ്ങൾ സാക്ഷി; പ്രാർഥനകളുടെ നിറവിൽ മണ്ണാറശാലയിൽ ആയില്യം എഴുന്നള്ളത്ത്

മണ്ണാറശ്ശാലയില്‍ ആയില്യം തൊഴാനെത്തിയ ഭക്തര്‍
മണ്ണാറശ്ശാലയില്‍ ആയില്യം തൊഴാനെത്തിയ ഭക്തര്‍

ഹരിപ്പാട്: ഭക്തരുടെ പ്രാർഥന നിറഞ്ഞ മണ്ണാറശാലക്കാവിൽ വലിയമ്മ സാവിത്രി അന്തർജനം ആയില്യത്തിനെഴുന്നള്ളി. നാഗരാജാവിന്റെ തങ്കത്തിടമ്പും നാഗഫണവും കൈയിലേന്തിയായിരുന്നു എഴുന്നള്ളത്ത്. ആയിരക്കണക്കിനു ഭക്തരാണ് ചടങ്ങുകൾക്കു സാക്ഷ്യംവഹിച്ചത്.

തുലാംമാസത്തിലെ ആയില്യം നാളായ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് എഴുന്നള്ളത്ത് തുടങ്ങിയത്. ശ്രീകോവിലിൽ പൂജയ്ക്കുശേഷം വലിയമ്മ കുത്തുവിളക്കിലേക്ക്‌ ദീപം പകർന്നു. വിളക്കിനൊപ്പം വലിയമ്മ കിഴക്കേനടയിലെ പടിക്കെട്ടിറങ്ങിവന്നു. ഇളയമ്മ സതി അന്തർജനം സർപ്പയക്ഷിയുടെയും ഇല്ലത്തെ കാരണവർമാരായ എം.കെ. കേശവൻ നമ്പൂതിരി നാഗചാമുണ്ഡിയുടെയും എം.ജി. ജയകുമാർ നാഗയക്ഷിയുടെയും തിടമ്പുകളുമായി അനുഗമിച്ചു. ക്ഷേത്രത്തിന്റെ തെക്കേനടയിലൂടെ കടന്നുവന്ന എഴുന്നള്ളത്ത് വടക്കുഭാഗത്തെത്തിയപ്പോഴേക്കും പുള്ളുവർസംഘം പാടുന്നുണ്ടായിരുന്നു. വലിയമ്മ അവരെ അനുഗ്രഹിച്ചാണ് വടക്കേനടയിലേക്കു നീങ്ങിയത്.

ഇല്ലത്തെ പുരാതന നിലവറയിലാണ് എഴുന്നള്ളത്ത് സമാപിച്ചത്. നിലവറത്തളത്തിലെ നാഗപദ്മക്കളങ്ങളിൽ ബിംബങ്ങൾ സമർപ്പിച്ച് വലിയമ്മ ആയില്യം പൂജ തുടങ്ങി. നൂറുംപാലും ഗുരുതിയും ഉൾപ്പെടെയുള്ള ചടങ്ങുകളോടെയായിരുന്നു ഇത്. ഒൻപതു മണിക്കൂറോളം നീണ്ട പൂജകൾക്കൊടുവിൽ തട്ടിന്മേൽ നൂറുംപാലും അഭിഷേകം നടന്നു. ഇല്ലത്തിന്റെ തെക്കേമുറ്റത്ത് കെട്ടിയുയർത്തിയ തട്ടിന്മേൽ വലിയമ്മയുടെ അനുവാദത്തോടെ കാരണവരാണ് നൂറുംപാലും നടത്തിയത്.

ബുധനാഴ്ച പുലർച്ചെ നാലിനു നടതുറന്നു. രാവിലെ കുടുംബകാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തിയാണ് പൂജകൾ തുടങ്ങിയത്. പിന്നാലെയാണ് ഇല്ലത്തെ നിലവറയുടെ തെക്കേത്തളത്തിൽ നാഗപദ്മക്കളമെഴുതിയത്. തുടർന്ന് വലിയമ്മ ആയില്യം എഴുന്നള്ളത്തിനായി ക്ഷേത്രത്തിലെത്തി. മകംനാളായ വ്യാഴാഴ്ച ശുദ്ധിക്രിയകൾക്കുശേഷം ഉച്ചകഴിഞ്ഞ് നട തുറക്കും.

Content Highlights: Witness the sacred Mannarasala Ayilyam procession with Valiyamma Savithri Antharjanam carrying the Nagaraja idol.