കേരളത്തിന്റെ പ്രതീക്ഷ പാഴായി; മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്കില്ല, പകരം യശ്വന്ത്പുരിലേക്ക് നീട്ടി

#ന്യൂസ് ഡെസ്ക്
വന്ദേഭാരത് എക്സ്പ്രസ് - പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
വന്ദേഭാരത് എക്സ്പ്രസ് - പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

പയ്യന്നൂർ: മംഗളൂരു-ഗോവ വന്ദേഭാരത് യശ്വന്ത്പുരിലേക്ക് നീട്ടി. സമയം പ്രഖ്യാപിച്ചുള്ള റെയിൽവേ ഉത്തരവിറങ്ങി. കോഴിക്കോട്ടേക്ക് നീട്ടുമെന്ന പ്രതീക്ഷ ഇതോടെ അവസാനിച്ചു. വന്ദേഭാരത് എക്സ്പ്രസുകളിൽ നഷ്ടത്തിലോടുന്ന വണ്ടിയാണ് മംഗളൂരു-മഡ്ഗാവ് വണ്ടി. ഞായറാഴ്ച ഒഴികെ ശരാശരി 30-40 ശതമാനം യാത്രക്കാർ മാത്രമേ ഈ വന്ദേഭാരതിൽ കയറുന്നുള്ളൂ.

വണ്ടി കോഴിക്കോട്ടേക്ക് നീട്ടണമെന്ന് ആവശ്യമുയർന്നിരുന്നു. നീട്ടുമെന്ന് ബി.ജെ.പി. നേതാവ് പി.കെ.കൃഷ്ണദാസ് മുൻപ് അറിയിച്ചിരുന്നു. എം.പി.മാരായ എം.കെ.രാഘവൻ, കെ.സുധാകരൻ, സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു. ഉത്തരമലബാറിലെ നാലു ജില്ലകളിൽ നിന്നുള്ള യാത്രാവരുമാനവും ടൂറിസ്റ്റ് പാക്കേജും വഴി യാത്രക്കാർ കയറുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ റെയിൽവേ മന്ത്രാലയം പരിഗണിച്ചില്ല.

പകൽ ബെംഗളൂരു വണ്ടി

മംഗളൂരു ജങ്‌ഷൻ വഴി ബെംഗളൂരുവിലേക്കുള്ള യാത്രക്കാർക്ക് പകൽ വന്ദേഭാരത് ഗുണംചെയ്യും. മഡ്‌ഗാവ്-യശ്വന്ത്പുർ വന്ദേഭാരത് (26656) രാവിലെ 8.20-ന് ഗോവയിൽനിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1.50-ന് മംഗളൂരു ജങ്‌ഷനിലെത്തും. വൈകിട്ട് 6.43-ന് യശ്വന്ത്പൂരിലെത്തും. മംഗളൂരുവിനും യശ്വന്ത്പുരിനും ഇടയിൽ അഞ്ച് സ്റ്റേഷനുകളിൽ നിർത്തും.

യശ്വന്ത്പുരിൽനിന്ന് (26655) രാവിലെ 7.35-ന് പുറപ്പെടും. വൈകിട്ട് 3.05-ന് മംഗളൂരു ജങ്‌ഷനിലും രാത്രി 8.55-ന് ഗോവയിലുമെത്തും. മൂകാംബിക റോഡ് (ബൈന്ദൂർ), മുരുഡേശ്വർ ഉൾപ്പെടെ സ്റ്റോപ്പുണ്ട്. ആഴ്ചയിൽ ആറുദിവസമാണ് സർവീസ്.

Content Highlights: Hopes of extending the underperforming Mangaluru-Madgaon Vande Bharat Express to Kozhikode ended after Indian Railways issued orders extending the service to Yesvantpur (Bengaluru) six days a week.