ഇനി കാലാവസ്ഥാ മുന്നറിയിപ്പുകൾ കിറുകൃത്യം; മംഗളൂരുവിൽ ഡോപ്ലർ റഡാർ പ്രവർത്തനമാരംഭിച്ചു

#സി.കെ. റിംജു
മംഗളൂരുവിൽ പ്രവർത്തനമാരംഭിച്ച ഡോപ്ലർ റഡാർ
മംഗളൂരുവിൽ പ്രവർത്തനമാരംഭിച്ച ഡോപ്ലർ റഡാർ

മംഗളൂരു: മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന് പറഞ്ഞ് ഇനി കാലാവസ്ഥാനിരീക്ഷണകേന്ദ്രം ജീവനക്കാരെ കളിയാക്കാൻ പറ്റില്ല. മഴ, കാറ്റ്, ഇവയ്ക്ക് കാരണമാകുന്ന അന്തരീക്ഷമർദം, കാലാവസ്ഥാവ്യതിയാനം എന്നിവ കൃത്യമായും സൂക്ഷ്‌മമായും മുൻകൂട്ടി മനസ്സിലാക്കാനും മുന്നറിയിപ്പ് നൽകാനും പറ്റുന്ന സി-ബാൻഡ് ഡോപ്ലർ റഡാറിന്റെ പ്രവർത്തനം മംഗളൂരുവിൽ തുടങ്ങി. ശക്തിനഗറിലെ കാലാവസ്ഥാവകുപ്പിന്റെ ഓഫീസിലാണ് റഡാർ സ്ഥാപിച്ചത്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് ഓൺലൈൻ വഴി റഡാർ ഉദ്ഘാടനം ചെയ്തു.

കർണാടകയിലെ ആദ്യത്തെ ഡോപ്ലർ റഡാറാണിത്. വടക്കൻ കേരളവും റഡാറിന്റെ പരിധിയിൽ വരും അതുകൊണ്ടുതന്നെ കണ്ണൂർ കാസർകോട് ജില്ലകളിലെ കാലാവസ്ഥാവ്യതിയാനം, മഴ, ചുഴലിക്കാറ്റ്, ന്യൂനമർദം, ഇടിമിന്നൽ എന്നിവയുടെ വ്യാപ്തിയും മറ്റും മുൻകൂട്ടി അറിയാനാവും. നിലവിൽ കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും മാത്രമാണ് ഡോപ്ലർ റഡാർ സംവിധാനം ഉള്ളത്. അതിനാൽ കണ്ണൂർ, കാസർകോട് ജില്ലകൾ ഇതിന്റെ സിഗ്നൽ പരിധിയിൽ പെട്ടിരുന്നില്ല. മംഗളൂരുവിൽ ഡോപ്ലർ റഡാർ സ്ഥാപിച്ചതോടെ കണ്ണൂർ, കാസർകോട് ജില്ലകളുൾപ്പെടെ കേരളം മൊത്തം കൃത്യതയാർന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകാനാവും.

250 കിലോമീറ്റർ നിരീക്ഷണം നടത്താൻ കഴിയുന്ന സി-ബാൻഡ് റഡാറാണ് മംഗളൂരുവിൽ സ്ഥാപിച്ചത്. വടക്കൻ കേരളം, മംഗളൂരുവിനോട് ചേർന്നുള്ള അറബിക്കടലിന്റെ മേഖലകൾ, ലക്ഷദ്വീപ് തീരം, തീരദേശ കർണാടക, ഗോവ എന്നിവിടങ്ങളിലെ കൃത്യമായ കാലാവസ്ഥാവ്യതിയാനം ഇനി ഈ റഡാർ വഴി അറിയാനാവും.

Content Highlights: Mangaluru's New Doppler Radar to Enhance Coverage for Kerala's Northern Districts