നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവ് മരിച്ച നിലയിൽ; മൃതദേഹം കുഴിയിൽ; കൊലപാതകമെന്ന് സംശയം

കാസർകോട്: ദേശീയപാതയോരത്തിന് സമീപം കാസർകോട് നുള്ളിപ്പാടിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവിനെ മരിച്ചനിലയിൽ. കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. കർണാടക സ്വദേശിയാണെന്ന് സംശയിക്കുന്നു.
മൃതദേഹം കണ്ടെത്തിയ ഇടത്തിന് സമീപത്തുനിന്ന് ലഭിച്ച ആധാർകാർഡിൽ കെ.എൻ. മഞ്ചുനാഥ് (46), കർണാടക എന്ന വിലാസമാണുള്ളത്. ഇത് ഇയാളുടേതാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് കാസർകോട് ടൗൺ പോലീസ് അറിയിച്ചു.
മൃതദേഹത്തിൽ പലയിടങ്ങളിലായി മർദനമേറ്റതിന്റെയും വലിച്ചിഴച്ചതിന്റെയും പാടുകളുമുണ്ട്. ശരീരത്തിൽ പലയിടത്തായി രക്തംവാർന്ന നിലയിലുമാണ്.
ജില്ലാ പോലീസ് മേധാവി ബി.വി. വിജയ് ഭാരത് റെഡ്ഡി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിരലടയാളവിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
നുള്ളിപ്പാടിയിലെ മൃതദേഹം കണ്ടെത്തിയ കെട്ടിത്തിന് സമീപം സമൂഹവിരുദ്ധർ താവളമാക്കുന്നതായും ഇവിടെ രാത്രിയിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായും കെട്ടിട ഉടമയുടെ മകന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് മിക്ക ദിവസങ്ങളിലും ഇദ്ദേഹം രാത്രി പരിശോധിക്കുമായിരുന്നു.
കഴിഞ്ഞദിവസം രാത്രി എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ കാസർകോട് ടൗൺ പോലീസിൽ അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയിലാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.
Content Highlights: Body Found in Kasaragod Construction Site: Police Probe Murder