സ്റ്റാര്‍ട്ട് ചെയ്തതിന് പിന്നാലെ കാറിന് തീപ്പിടിച്ചു; യുവാവിന് ഗുരുതരപരിക്ക്; അപകടം വീടിന് മുന്നില്‍

തേഞ്ഞിപ്പലം(മലപ്പുറം): യാത്രകഴിഞ്ഞെത്തിയ കാര്‍ വീട്ടുവളപ്പിലേക്കെടുക്കുന്നതിനിടെ കത്തിനശിച്ചു. കാര്‍ ഓടിച്ചിരുന്ന തേഞ്ഞിപ്പലം ചെനയ്ക്കലങ്ങാടി പള്ളിപ്പടിക്ക് സമീപംതാമസിക്കുന്ന ആദില്‍ (30)ന് ഗുരുതരമായി പൊള്ളലേറ്റു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.

ചേളാരി ഭാഗത്തുനിന്ന് വീട്ടിലേക്ക് വരികയായിരുന്ന ആദില്‍ വീടിന് സമീപം കാര്‍ നിര്‍ത്തി ഗെയ്റ്റ് തുറന്ന് വീണ്ടും കാര്‍ സ്റ്റാര്‍ട്ടാക്കി മുന്നോട്ടെടുത്തപ്പോഴാണ് തീപിടിക്കുന്നത്. വാതില്‍തുറന്ന് പുറത്തിറങ്ങിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് തീയണച്ചത്.

ആദിലിനെ കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വിദേശത്ത് ജോലിയുള്ള ആദില്‍ തിരിച്ചുപോകാനിരിക്കെയാണ് അപകടം. തീ എങ്ങനെ പടര്‍ന്നൂവെന്ന കാര്യം വ്യക്തമായിട്ടില്ല.

Content Highlights: A car burst into flames while entering a home compound in Thenippalam, Malappuram. The driver, Adil (30), sustained severe burns and is in ICU.