'എ.ഐയെക്കുറിച്ച് ധാരണയില്ല'; ജില്ലാ കലോത്സവ നാടകവിധിക്കെതിരെ ഒരുസംഘം നാടകപ്രവര്‍ത്തകര്‍

നാടകത്തില്‍നിന്ന്‌ | Photo: Screen grab/ Arranged Video
നാടകത്തില്‍നിന്ന്‌ | Photo: Screen grab/ Arranged Video

മലപ്പുറം: കോട്ടക്കലില്‍ നടന്ന ജില്ലാസ്‌കൂള്‍ കലോത്സവത്തില്‍ നാടക വിധി നിര്‍ണയത്തിനെതിരെ പരാതിയുമായി ഒരു സംഘം നാടകപ്രവര്‍ത്തകര്‍. പുലാമന്തോള്‍ എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളും നാടകപ്രവര്‍ത്തകരുമാണ് പരാതിയുമായെത്തിയത്. 16 നാടകങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. ഒന്നാം സ്ഥാനം ലഭിച്ചത് കരിന്തണ്ടന്‍ എന്ന നാടകത്തിനായിരുന്നു. എന്നാല്‍ തങ്ങളുടെ നാടകത്തിന്റെ ആശയം വിധികര്‍ത്താക്കള്‍ക്ക് കൃത്യമായി മനസ്സിലാകാത്തതാണ് കാസ്റ്റിങ് കാള്‍ എന്ന നാടകം തഴയപ്പെട്ടതെന്ന് അണിയറ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. രണ്ടര മാസത്തോളം നീണ്ട പരിശീലനത്തിനും അധ്വാനത്തിനുമാണ് ഇത്തരം വിധിയിലൂടെ വിലയില്ലാതായിപ്പോയതെന്നും ഇവര്‍ പറയുന്നു.

സമകാലിക വിഷയങ്ങളെക്കുറിച്ച് ധാരണകളില്ലാതെയാണ് നാടകവിധികര്‍ത്താക്കള്‍ പലപ്പോഴും വിധിനിര്‍ണയത്തിനെത്തുന്നതെന്നും നാടകങ്ങള്‍ കളിച്ചുള്ള പരിചയവും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നുള്ളതുമാണ് വിധി കര്‍ത്താക്കളുടെ യോഗ്യതയായി പറഞ്ഞതെന്നും ഇവര്‍ ആരോപിക്കുന്നു. ഇത് നല്ല നാടകങ്ങള്‍ ഇല്ലാതാകാനേ ഉപകരിക്കൂയെന്നും ഇവര്‍ കൂട്ടിച്ചര്‍ക്കുന്നു. ഇതിനെതിരെ അപ്പീലുമായി മുന്നോട്ടു പോവാനുള്ള തീരുമാനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

നാടകങ്ങളിലും സിനിമകളിലും എ.ഐ. എങ്ങനെ സ്വാധീനിക്കുന്നു എന്ന ആശയത്തെ പുരാണ കഥയുമായി ചേര്‍ത്താണ് പുലാമന്തോള്‍ എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ കാസ്റ്റിങ് കാളിലൂടെ പറയാന്‍ ശ്രമിച്ചത്. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ശരത് കുമാര്‍ ആണ് നാടകം സംവിധാനം ചെയ്തത്. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നീലമുടി എന്ന സിനിമയുടെ സംവിധായകനാണ്.

Content Highlights: malappuram district school kalolsavam HSS Pulamanthole drama ai students against judges