മലപ്പുറം കുതിക്കും നാളെ മുതല്‍ കടമെടുത്ത ഈ ട്രാക്കില്‍; ഞാനൊന്നും അറിഞ്ഞില്ലെന്ന് സ്വന്തം മന്ത്രി

മലപ്പുറം ജില്ലാ സ്‌കൂൾ കായികമേളയ്ക്ക് വേദിയാകുന്ന പാലക്കാട് ചാത്തനൂര്‍ ഗവ.ഹയര്‍സെക്കൻഡറി സ്‌കൂളിലെ സിന്തറ്റിക് ട്രാക്ക്‌
മലപ്പുറം ജില്ലാ സ്‌കൂൾ കായികമേളയ്ക്ക് വേദിയാകുന്ന പാലക്കാട് ചാത്തനൂര്‍ ഗവ.ഹയര്‍സെക്കൻഡറി സ്‌കൂളിലെ സിന്തറ്റിക് ട്രാക്ക്‌

മലപ്പുറം : കാലിക്കറ്റ് സര്‍വകലാശാലയിലെ ഗ്രൗണ്ടില്‍ കഴിഞ്ഞവര്‍ഷം വീണ കണ്ണീരിന് എടപ്പാള്‍ പ്രതികാരം വീട്ടുമോ. അതോ അട്ടിമറിയിലൂടെ നേടിയ കിരീടം മുറുക്കിപ്പിടിക്കാന്‍ തിരൂരിനാകുമോ. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാണ് വെള്ളിയാഴ്ച ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് തിരിതെളിയുന്നത്.

ഉദ്വേഗഭരിതമായ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്താന്‍ ജില്ലയിലെ കായികതാരങ്ങള്‍ അതിര്‍ത്തികടക്കണം. ജില്ലയില്‍ കായികമത്സരങ്ങള്‍ക്ക് അനുയോജ്യമായ ട്രാക്കില്ലാത്തതിനാല്‍ പാലക്കാട് ജില്ലയിലെ ചാത്തന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സിന്തറ്റിക് ട്രാക്കിലാണ് ഇത്തവണ മത്സരങ്ങള്‍. ജില്ലാ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് മറ്റൊരു ജില്ലയിലെ ഗ്രൗണ്ടില്‍ മത്സരങ്ങള്‍ നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

വെള്ളിയാഴ്ച രാവിലെ 8.30-ന് പതാക ഉയര്‍ത്തും. 10-ന് നടക്കുന്ന ഉദ്ഘാടനത്തോടെ മത്സരങ്ങള്‍ക്കു തുടക്കമാകും. മൂന്നുദിവസങ്ങളിലായി നടക്കുന്ന കായികമേളയില്‍ 98 ഫൈനലുകളാണ് നടക്കുക. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലാണ് പ്രതിഭകള്‍ മാറ്റുരയ്ക്കുന്നത്.

വേഗരാജാവിനെ നാളെയറിയാം

ആദ്യദിനത്തില്‍ നടക്കുക 26 ഫൈനലുകള്‍. ആകര്‍ഷക ഇനങ്ങളായ 100 മീറ്റര്‍ (സബ് ജൂനിയര്‍ ഗേള്‍സ്), 100 മീറ്റര്‍ (സബ് ജൂനിയര്‍ ബോയ്സ്), 100 മീറ്റര്‍ (ജൂനിയര്‍ ഗേള്‍സ്), 100 മീറ്റര്‍ (ജൂനിയര്‍ ബോയ്സ്), 100 മീറ്റര്‍ (സീനിയര്‍ ബോയ്സ്), 100 മീറ്റര്‍ (സീനിയര്‍ ബോയ്സ്) ഓട്ടമത്സരങ്ങളിലെ ജേതാക്കളെ വെള്ളിയാഴ്ച അറിയാം. ഷോട്ട്പുട്ട് നാലുകിലോ (സബ്ജൂനിയര്‍ ബോയ്സ്), ലോങ് ജമ്പ് (സബ് ജൂനിയര്‍ ബോയ്സ്), ഹൈജമ്പ് (സബ് ജൂനിയര്‍ ഗേള്‍സ്), ലോങ് ജമ്പ് (ജൂനിയര്‍ ഗേള്‍സ്), ഹൈജമ്പ് (സീനിയര്‍ ബോയ്സ്) തുടങ്ങിയ ഇനങ്ങളിലും ഫൈനലുണ്ടാകും.

തിരിച്ചുപിടിക്കാന്‍ എടപ്പാള്‍; കൈവിടാതെ കാക്കാന്‍ തിരൂര്‍

: 15 വര്‍ഷം തുടര്‍ച്ചയായി ചാമ്പ്യന്‍മാരായിരുന്നു എടപ്പാള്‍ ഉപജില്ല. അവരെ ഒട്ടും പ്രതീക്ഷിക്കാതെ പിന്നിലാക്കിയാണ് കഴിഞ്ഞവര്‍ഷം തിരൂര്‍ ഒന്നാമതെത്തിയത്. 41 സ്വര്‍ണം, 26 വെള്ളി, 22 വെങ്കലം എന്നിവയുമായി 344 പോയിന്റാണ് അന്ന് തിരൂര്‍ നേടിയത്. രണ്ടാമതെത്തിയ എടപ്പാളിന് 33 സ്വര്‍ണവും 35 വെള്ളിയും 21 വെങ്കലവുമടക്കം 304 പോയിന്റായിരുന്നു സമ്പാദ്യം. അതുകൊണ്ടുതന്നെ കിരീടം തിരിച്ചുപിടിക്കണമെന്ന വാശിയോടെയാണ് എടപ്പാളെത്തുന്നത്. മൂന്നാമതുള്ള കിഴിശ്ശേരിക്ക് അഞ്ച് സ്വര്‍ണം, ഒന്‍പത് വെള്ളി, നാല് വെങ്കലമടക്കം 68 പോയിന്റായിരുന്നു അന്നുണ്ടായത്.

സ്‌കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായ 17-ാം തവണ ചാമ്പ്യന്‍മാരാകാനാണ് കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടികള്‍ പാലക്കാടിന്റെ മണ്ണിലേക്കു വരുന്നത്. കഴിഞ്ഞവര്‍ഷം 29 സ്വര്‍ണം, 32 വെള്ളി, 17 വെങ്കലമടക്കം 258 പേയിന്റാണ് ഐഡിയലിന്റെ സമ്പാദ്യം.

രണ്ടാമതെത്തിയ നാവാമുകുന്ദ തിരുനാവായയ്ക്ക് 180 പോയിന്റാണുണ്ടായിരുന്നത്. 23 സ്വര്‍ണവും 18 വെള്ളിയും 11 വെങ്കലവുമാണ് നാവാമുകുന്ദ നേടിയത്. സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കിടെയുണ്ടായ വിവാദങ്ങള്‍ക്ക് ട്രാക്കിലൂടെ മറുപടി പറയാനും അവര്‍ ഒരുങ്ങിക്കഴിഞ്ഞു.

85 പോയിന്റുമായി മൂന്നാമതെത്തിയ കെഎച്ച്എംഎച്ച്എസ്എസ് ആലത്തിയൂര്‍ 11 സ്വര്‍ണം, ഏഴ് വെള്ളി, ഒന്‍പത് വെങ്കലം എന്നിവയും സ്വന്തമാക്കി.

ഞാനൊന്നും അറിഞ്ഞില്ലെന്ന് സ്വന്തം മന്ത്രി

മലപ്പുറം ജില്ലാ സ്‌കൂള്‍ കായികമേള പാലക്കാട് നടത്താന്‍ തീരുമാനിച്ചത് താന്‍ അറിഞ്ഞില്ലെന്ന് മലപ്പുറം ജില്ലയുടെ ചുമതലയുള്ള കായികമന്ത്രി വി. അബ്ദു റഹ്‌മാന്‍. മലപ്പുറം ജില്ലാതല സ്‌കൂള്‍ കായികമേള പാലക്കാട് ജില്ലയില്‍ നടത്തുന്നതിനെക്കുറിച്ച് തനിക്കൊരറിവുമില്ല. ജില്ലാ വിദ്യാ ഭ്യാസ ഓഫീസറും വിദ്യാഭ്യാസവകു പ്പും വിദ്യാഭ്യാസമന്ത്രിയും ഒക്കെയാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍ കാന്‍ കഴിയുന്നവര്‍. അക്കാര്യങ്ങള്‍ കായികമന്ത്രിയുമായി ആലോചിക്കേണ്ട കാര്യവുമില്ല മന്ത്രി മാതൃഭൂമിയോട് പറഞ്ഞു.

ഏതാനും വര്‍ഷങ്ങളായി സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ചാമ്പ്യന്‍മാരാണ് മലപ്പുറം. മലപ്പുറം. കായികമന്ത്രിയുടെ ജില്ലയുമാണ്. പക്ഷേ, ജില്ലാ സ്‌കൂള്‍ കായികമേള കായികമേള നടത്താന്‍കൊ ള്ളാവുന്ന നല്ലൊരു വേദി ഈ ജില്ലയില്‍ ഇല്ല. അതുകൊണ്ടാണ് അയല്‍ജില്ലയിലേക്കു പോകേണ്ടിവന്നത്.

Content Highlights: Malappuram District School Athletics Meet in Palakkad