നിർണായകമായത് ഡിജിറ്റൽ തെളിവുകൾ, കുട്ടിയെ പോലെ നിഷ്‌കളങ്കനായ മനുഷ്യനായിരുന്നു മധുവെന്ന് കോടതി

കൊച്ചി: ആൾക്കൂട്ടം മധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ശിക്ഷിക്കാൻ നിർണായകമായത് ഡിജിറ്റൽ തെളിവുകളെന്ന് ഹൈക്കോടതി. നീതിന്യായ സംവിധാനത്തിൽ ഇലക്ട്രോണിക് തെളിവുകളുടെ പ്രധാന്യം ഈ കേസിൽ വ്യക്തമായതായി കോടതി പറഞ്ഞു. മധുവിന് എന്ത് സംഭവിച്ചു എന്നത് വെളിപ്പെടുത്തിയത് മനുഷ്യന്റെ മൊഴിയായിരുന്നില്ല, മറിച്ച് ഡിജിറ്റൽ തെളിവുകളായിരുന്നു എന്നാണ് അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടത്. മൂന്ന് സി.സി.ടി.വി. ദൃശ്യങ്ങളും ആറ് മൊബൈൽ ഫോണുകളും ഫോൺകോൾ രേഖകളുമൊക്കെയാണ് തെളിവായി മാറിയത്.
സംഭവത്തിന്റ ചില ഭാഗങ്ങൾ പ്രതികൾതന്നെ ചിത്രീകരിച്ചു. അത് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു. പോലീസ് ഫോൺ പിടിച്ചെടുക്കുംവരെ ഈ ദൃശ്യങ്ങൾ അവർ മൊബൈലിൽ സൂക്ഷിക്കുകയും ചെയ്തു. ആൾക്കൂട്ട ആക്രമണത്തിന്റെ ശക്തമായ തെളിവായി അത് മാറിയെന്ന് കോടതി പറഞ്ഞു. കേസിൽ സാക്ഷിയായവരുടെ മൗനംകൊണ്ടും സത്യം പറയാൻ തയ്യാറാകാത്തതുകൊണ്ടും പല പ്രതികളും രക്ഷപ്പെടുമായിരുന്ന ഇടത്താണ് ഡിജിറ്റൽ തെളിവുകൾ നിർണായകമായതെന്ന് കോടതി പറഞ്ഞു.
എന്നാൽ ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയമായി പരിശോധിക്കുന്നതിലുള്ള അടിസ്ഥാന സൗകര്യത്തിന്റെ കുറവും കോടതി ചൂണ്ടിക്കാട്ടി. മധുവിനെതിരേനടന്ന അതിക്രമം ഒറ്റപ്പെട്ട സംഭവം അല്ലെന്നും കോടതി പറഞ്ഞു. അടുത്ത കടയിൽനിന്ന് ഭക്ഷണം എടുത്തെന്ന ആരോപണം നേരിടുന്ന ആദിവാസിയായ മനുഷ്യനെ പിടികൂടാനും ശിക്ഷിക്കാനുമൊക്കെ അധികാരമുണ്ടെന്ന് കരുതുന്നവർ ഇന്നും സമൂഹത്തിലുണ്ടെന്നതിനും തെളിവാണ് മധുവിനെതിരായ അതിക്രമം. കുട്ടിയെ പോലെ നിഷ്‌കളങ്കനായ ചെറിയ മനുഷ്യനായിരുന്നു മധു എന്നാണ് ഫോട്ടോയിൽനിന്ന് വ്യക്തമാകുന്നത്. വിദ്യാഭ്യാസവും വികസനവുമൊക്കെ ഉണ്ടെങ്കിലും ജാതിയുടെ അടിസ്ഥാനത്തിലുള്ള അതിക്രമത്തിന് ഇവിടെയും കുറവില്ല.
ആദിവാസികളോടുള്ള സമീപനത്തിൽതന്നെ മാറ്റം വേണം. അട്ടപ്പാടിയില ആദിവാസികൾക്കും ഭരണഘടന ഉറപ്പ് നൽകുന്ന സംരക്ഷണം ഉണ്ട്. സമൂഹത്തിലെ ഏറ്റവും ദുർബലരായ മനുഷ്യരുടെ സംരക്ഷണത്തിനായി പാർലമെന്റ് പാസാക്കിയ പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കെതിരായുള്ള അതിക്രമം തടയുന്ന നിയമത്തിന്റെ പ്രാധാന്യവും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
പത്തുവർഷമോ അതിൽ കൂടുതലോ തടവിന് ശിക്ഷിക്കാവുന്ന കുറ്റകൃത്യം പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്കെതിരേയാണ് ഉണ്ടാകുന്നതെങ്കിൽ ജീവപര്യന്തം തടവും പിഴയും ശിക്ഷിക്കണമെന്നാണ് നിയമം. ഇക്കാര്യത്തിൽ യാതൊരു ഇളവും അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
Content Highlights: Digital evidence (CCTV, mobile footage) was pivotal for conviction., Court highlighted the failure of witnesses to testify due to social pressure., Reiteration of the SC/ST (Prevention of Atrocities) Act enforcement., Criticism of societal caste-based discrimination and violence against tribals.