കോൺഗ്രസിനെ രണ്ടായിപ്പിളർത്തിയ വീരാൻകുട്ടിയുടെ ഫാക്‌സ് സന്ദേശം

#എം.പി. സൂര്യദാസ്
വീരാന്‍കുട്ടി |ഫോട്ടോ:മാതൃഭൂമി
വീരാന്‍കുട്ടി |ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ ഫാക്സ് സന്ദേശം പാർട്ടിയെത്തന്നെ നെടുകണ്ടം പിളർത്തിയ അത്യപൂർവ സംഭവത്തിന്റെ കാരണക്കാരൻ എന്ന നിലയിൽ അന്തരിച്ച കോഴിക്കോട് മുൻ ഡി.സി.സി. പ്രസിഡന്റ് അഡ്വ. എം വീരാൻകുട്ടി എന്നും ഓർമ്മിക്കപ്പെടും. 2001-ൽ മുഖ്യമന്ത്രിയായി എ.കെ. ആന്റണി അധികാരത്തിലേറിയതുമുതൽ കോൺഗ്രസിലെ എ, ഐ ഗ്രൂപ്പ് പോര് പരിധിവിട്ട നിലയിലേക്കു നീങ്ങി. അതിനിടെയാണ് മൂന്നുമേഖലകൾ തിരിച്ച് ശക്തി തെളിയിക്കാനായി റാലി നടത്താൻ തീരുമാനിച്ചത്.

കോഴിക്കോട്ടെ റാലിയുടെ മുഖ്യസംഘാടകനായിരുന്നു ഡി.സി.സി. പ്രസിഡന്റ് കൂടിയായ വീരാൻകുട്ടി. 2005 മാർച്ച് ഒമ്പതിന് റാലി നടക്കേണ്ടതിന്റെ രണ്ടു ദിവസം മുൻപ് ദേഹാസ്വാസ്ഥ്യം കാരണം വീരാൻകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് 48 മണിക്കൂറിൽനടന്ന അന്തർനാടകങ്ങളാണ് കെ. കരുണാകരന്റെ നേതൃത്വത്തിൽ ഒരുവിഭാഗം പാർട്ടി വിടുന്നതിലേക്ക് നയിച്ചത്. കോഴിക്കോട്ടെ റാലി പാർട്ടി നടത്തുന്ന ഔദ്യോഗികറാലിയെന്നാണ് കരുണാകരൻ കോൺഗ്രസ് ഹൈക്കമാൻഡിനെ ധരിപ്പിച്ചത്.

ഇത് വിഭാഗീയറാലിയാണെന്ന് എ ഗ്രൂപ്പും അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയും നിലപാടെടുത്തു. ഇതിനിടെ ആശുപത്രിയിൽക്കഴിയുന്ന വീരാൻകുട്ടിയെ കാണാൻ രണ്ടുതവണ അന്നത്തെ മന്ത്രി ആര്യാടൻമുഹമ്മദ് എത്തി.

കെ.എസ്.യു. കാലം മുതൽ കരുണാകരന്റെയും ഐ ഗ്രൂപ്പിന്റെയും വിശ്വസ്തനായിരുന്ന വീരാൻകുട്ടി ഗ്രൂപ്പ് മാറുമെന്ന് ആരും കരുതിയതല്ല. ഒടുവിൽ എ.ഐ.സി.സി. ജനറൽസെക്രട്ടറി അഹമ്മദ് പട്ടേലിന്റെ ചോദ്യത്തിനുള്ള മറുപടി മാർച്ച് എട്ടിന് രാത്രി വീരാൻകുട്ടി ഫാക്‌സ് സന്ദേശമായി നൽകി. ഡി.സി.സി. പ്രസിഡന്റ് എന്ന നിലയിൽ വീരാൻകുട്ടി കോഴിക്കോട് റാലി ഔദ്യോഗിക റാലിയാണെന്നു പറഞ്ഞാൽ ഹൈക്കമാൻഡിന് ഒരു നടപടിയും എടുക്കാൻ സാധിക്കുമായിരുന്നില്ല. എന്നാൽ, റാലി ഔദ്യോഗികമല്ല എന്ന് വീരാൻകുട്ടി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. പിന്നാലെ അടുത്തദിവസം കെ. മുരളീധരനെ കോൺഗ്രസിൽനിന്ന് സസ്‌പെൻഡ് ചെയ്തു.

കരുണാകരനും കൂട്ടരും കോൺഗ്രസ് വിടാനും ഡി.ഐ.സി. എന്ന പാർട്ടി രൂപവത്കരിക്കാനും വഴിവെച്ചത് വീരാൻകുട്ടിയുടെ ആ ഫാക്‌സ് സന്ദേശമാണ്. ഈ റാലിയിലാണ് കെ. മുരളീധരൻ അഹമ്മദ്പട്ടേലിനെ അലൂമിനിയം പട്ടേൽ എന്നു വിളിച്ച് പരിഹസിച്ചത്.

കോൺഗ്രസിനെ പൊട്ടിത്തെറിയിലേക്ക് നയിച്ച ഫാക്‌സ് നൽകിയശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴും വീരാൻകുട്ടിക്ക് ഒരു പതർച്ചയുമുണ്ടായില്ല. ' എന്നെ തട്ടിക്കൊണ്ടുപോയി എന്നൊക്കെ ചിലർ വെറുതെ പറഞ്ഞുപരത്തിയതാണ്. ഞാൻ ഇവിടെത്തന്നെയുണ്ട്. കോൺഗ്രസിന്റെ തീരുമാനം ലംഘിച്ചുകൊണ്ട് എനിക്ക് ഒന്നുംചെയ്യാൻ കഴിയില്ല. പാർട്ടി തീരുമാനമാണ് ഞാൻ കേന്ദ്രത്തെ അറിയിച്ചത്.''

ഗ്രൂപ്പ് മാറുമ്പോൾ പുതിയ മേലാളൻമാരെ സന്തോഷിപ്പിക്കാൻ പഴയ നേതാക്കളെ തെറിവിളിക്കുന്ന രീതികളൊന്നും വീരാൻകുട്ടിക്ക് അറിയുമായിരുന്നില്ല.

അസുഖംകാരണം ഏതാനുംവർഷങ്ങളായി സജീവരാഷ്ട്രീയത്തിൽനിന്ന് അകന്നുനിൽക്കുകയായിരുന്നു. മാസങ്ങൾക്കു മുൻപ് മുൻ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബുവിനൊപ്പം വീരാൻകുട്ടിയെ കാണാൻ വീട്ടിൽച്ചെന്നപ്പോൾ അധികം സംസാരിക്കാതെ കിടക്കുകയായിരുന്നു.

ഇതിനിടെ എ.കെ. ആന്റണിയെ വിളിച്ച് കെ.സി. അബു ഫോൺ കൈമാറിയപ്പോൾ, അവശനായി കിടക്കുന്നിടത്തുനിന്ന് തലയുയർത്തി ആവേശത്തോടെ അദ്ദേഹം ആന്റണിയുമായി സംസാരിച്ചു. ഗ്രൂപ്പ് പോരിലൂടെ രാഷ്ട്രീയത്തിൽ ഇടംകണ്ടെത്തിയപ്പോഴും ഗ്രൂപ്പുകൾക്കതീതമായി ബന്ധങ്ങൾ കാക്കാൻ വീരാൻകുട്ടിക്കു കഴിഞ്ഞിരുന്നു.

Content Highlights: Explore the history of M. Veerankutty's fax message that sparked a major factional split in the Congress party in Kerala. Read the full political history.