അഭിജിത് ദീപ്കെയ്ക്കും ഐഷി ഘോഷിനുമൊപ്പം സമരംചെയ്യാനായി വീണ്ടും യുവാവാകണം –എം. മുകുന്ദൻ

കണ്ണൂർ: വീണ്ടും യുവാവായിരിക്കാൻ ആഗ്രഹമുണ്ടെന്നും അത് അഭിജിത് ദീപ്കെയ്ക്കും ഐഷി ഘോഷിനുമൊപ്പം സമരം ചെയ്യാനാണെന്നും എഴുത്തുകാരൻ എം.മുകുന്ദൻ പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ‘മുകുന്ദമാനസം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരൻ ശരീരം കൊണ്ട് സമരമുഖത്തേക്ക് പോകേണ്ടതില്ല. വാക്കുകൾകൊണ്ട് സമരങ്ങളെ നയിക്കാൻ എഴുത്തുകാരന് കഴിയും. അത്തരം എഴുത്തുകാർ ലോകത്തുണ്ടായിട്ടുണ്ടെന്നും മുകുന്ദൻ പറഞ്ഞു.
എഴുത്തുകാർ രചനകളിൽ സത്യസന്ധത പാലിക്കണം. അത് എല്ലാകാലത്തും ഞാൻ പാലിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഡൽഹിയെക്കുറിച്ച് എഴുതിയതെല്ലാം ഞാൻ കണ്ട യാഥാർഥ്യങ്ങളാണ്. കേരളത്തിൽ ഇന്ന് പട്ടിണിയില്ല. പട്ടിണിയില്ലാതാക്കിയത് കമ്യൂണിസമാണ്. ഇങ്ങനെ എഴുതിയതിന് എനിക്കുനേരേ സാമൂഹികമാധ്യമത്തിൽ ആക്രമണമുണ്ടായി. ഇരുട്ടിനെ ആരാധിക്കുന്നവരാണ് സത്യം പറയരുതെന്ന് ആഗ്രഹിക്കുന്നത്. അവരാണ് ഈ ആക്രമണത്തിനുപിന്നിൽ. സത്യംപറയൽ എളുപ്പമല്ല. കാവിവത്കരണം നടന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇന്നും പട്ടിണിജീവിതം കാണാനാകുക -മുകുന്ദൻ പറഞ്ഞു.
'മുകുന്ദമാനസം' സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹത്തിന്റെയും മാനവികതയുടെയും എഴുത്തുകാരനാണ് എം.മുകുന്ദനെന്ന് സ്വരാജ് പറഞ്ഞു.
എം.കെ.മനോഹരൻ അധ്യക്ഷനായി. എഴുത്തുകാരി വി.എസ്.ബിന്ദു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ, പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, കെ.വി.സുനുകുമാർ, പി.ജനാർദനൻ എന്നിവർ സംസാരിച്ചു. 'കുട്ടിക്കൂട്ടം' ശില്പശാല നടത്തി.
Content Highlights: Speaking at an event in Kannur, writer M Mukundan expressed a desire to be young again to join protests with Abhijit Dipke and Aishe Ghosh, while emphasizing that writers must maintain absolute truthfulness in their work.