മിന്നലേറ്റാൽ ആദ്യ 30 സെക്കൻഡ് നിർണായകം; ഇടിമിന്നലുകളുടെ എണ്ണവും തീവ്രതയും കൂടുമെന്ന് മുന്നറിയിപ്പ്

കാസർകോട്: സംസ്ഥാനത്ത് വേനൽമഴയെത്തിയതോടെ ചൂട് കുറഞ്ഞെങ്കിലും ഇടിമിന്നലിനോട് കരുതൽ വേണം. മഴയോടൊപ്പം മിന്നലുമെത്തുന്നതാണ് കാരണം. ആഗോളതാപനത്തിന്റെയും കാലാവസ്ഥാമാറ്റത്തിന്റെയും ഭാഗമായി ഇടിമിന്നലുകളുടെ എണ്ണവും തീവ്രതയും കൂടാൻ സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽമഴയോടൊപ്പവും ഒക്ടോബർ, നവംബർ കാലത്ത് തുലാവർഷത്തോടൊപ്പവുമാണ് സംസ്ഥാനത്ത് ഇടിമിന്നൽ ശക്തമാകുന്നത്. മിന്നലിൽ സംസ്ഥാനത്ത് വർഷം ശരാശരി 71 പേർ മരിക്കുന്നതായാണ് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ കണക്ക്. മിന്നലേറ്റ് വളർത്തുമൃഗങ്ങൾ ചാകുന്നതും വീടുകൾക്കും മറ്റ് എടുപ്പുകൾക്കും വൈദ്യുതോപകരണങ്ങൾക്കും നാശമുണ്ടാകുന്നതും പതിവാണ്. വീടും വളർത്തുമൃഗങ്ങളെയും ഇൻഷ്വർ ചെയ്യുന്നതുവഴി വലിയ നഷ്ടങ്ങൾ ഒഴിവാക്കാനാകും. കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽതന്നെ അപകടമൊഴിവാക്കാൻ മുൻകരുതലെടുക്കണം. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതലെടുക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ പാടില്ല.
മിന്നലുണ്ടാകും; കരുതൽ വേണം
* ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത കൂട്ടും.
* ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതിരിക്കുക. കെട്ടിടത്തിനകത്തുതന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.
* ഗൃഹോപകരണങ്ങളുടെ വൈദ്യുതബന്ധം വിച്ഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക.
* ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
* അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.
* വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.
* വാഹനത്തിനകത്തുതന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നതുവരെ സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടുകയും വേണം.
* മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്.
* മിന്നൽസമയം കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽനിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽമൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
* ജലാശയത്തിൽ മീൻപിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും നിർത്തിവെക്കണം.
* പട്ടം പറത്തുന്നത് ഒഴിവാക്കുക.
* ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
* വളർത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റികെട്ടാനും മഴമേഘം കാണുന്ന സമയത്ത് പോകരുത്.
* അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്തവിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവെച്ച് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
* ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽരക്ഷാചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
മിന്നലേറ്റാൽ
മിന്നലിന്റെ ആഘാതത്താൽ പൊള്ളലേൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാകുകയോ ഹൃദയാഘാതം സംഭവിക്കുകയോ വരെ ചെയ്യാം. മിന്നലാഘാതമേറ്റ ആളുടെ ശരീരത്തിൽ വൈദ്യുതപ്രവാഹം ഉണ്ടാകില്ല. അതിനാൽ പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്.
മിന്നലേറ്റാൽ ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യസഹായം എത്തിക്കുക.
ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥാവകുപ്പ് തയ്യാറാക്കിയ ‘ദാമിനി’ മൊബൈൽ ആപ്ളിക്കേഷൻ ഉപയോഗിക്കാം.
Content Highlights: Increased frequency and intensity of lightning due to climate change in 2026., Peak lightning months: April, May, October, and November., Annual average of 71 lightning-related deaths reported in Kerala., Insurance for homes and livestock is highly recommended to mitigate financial loss., Precautionary measures must be taken as soon as clouds form.