പി ജയരാജന്റെ വഴിമുടക്കിയത് ജില്ലാകമ്മിറ്റിയുടെ കത്ത്?; തഴഞ്ഞതിനെ വിമർശിച്ച് സാമൂഹികമാധ്യമ കുറിപ്പുകൾ

#മാതൃഭൂമി ന്യൂസ്
പി. ജയരാജൻ | Photo: Mathrubhumi
പി. ജയരാജൻ | Photo: Mathrubhumi

കണ്ണൂര്‍: പി. ജയരാജനെ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാതിരിക്കാന്‍ കാരണമായത് കണ്ണൂര്‍ ജില്ലാ കമ്മറ്റി, സംസ്ഥാന നേതൃത്വത്തിന് നല്‍കിയ കത്തെന്ന് സൂചന. ജയരാജന് ക്വട്ടേഷന്‍-സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന കണ്ണൂര്‍ സി.പി.എം. ജില്ലാ കമ്മിറ്റി മുന്‍ അംഗം മനു തോമസിന്റെ ആരോപണത്തിലാണ് സംസ്ഥാന കമ്മിറ്റിക്ക് ജില്ലാ നേതൃത്വം കത്തുനല്‍കിയത്. അതേസമയം, പി. ജയരാജന് പിന്തുണയറിയിച്ചുള്ള പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 

കണ്ണൂരില്‍ വലിയ ജനസ്വാധീനമുള്ള നേതാവായാണ് ജയരാജന്‍ പരിഗണിക്കപ്പെടുന്നത്. അദ്ദേഹം ഇക്കുറിയും സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കപ്പെട്ടില്ലെന്നത് താഴേത്തട്ടിലുള്ള അണികള്‍ക്കിടയില്‍ അമര്‍ഷമായി മാറുന്നുണ്ട്. കഴിഞ്ഞ തവണയും ജയരാജന്‍ സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടാതിരുന്ന സമയത്ത് സാമൂഹികമാധ്യമങ്ങളില്‍ വലിയ പ്രചാരണമുണ്ടായിരുന്നു.

കണ്ണൂര്‍ ജില്ലാ സമ്മേളനം നടക്കുന്ന സമയത്തുതന്നെ ജയരാജന്‍, സെക്രട്ടേറിയറ്റിലേക്ക് എത്തിപ്പെടില്ല എന്ന സൂചന മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നുതന്നെ ഉണ്ടായിരുന്നു. കാരണം, മനു തോമസ് പാര്‍ട്ടി വിടുന്ന സമയത്ത് ജയരാജനെതിരേ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളുമായി ജയരാജന് ബന്ധമുണ്ടെന്നായിരുന്നു ആരോപണം.

ജില്ലാ സെക്രട്ടറിയായിരുന്ന എം.വി. ജയരാജന്‍ ഇതിന് മറുപടി പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍, പി. ജയരാജന്‍ വിഷയത്തില്‍ സാമൂഹികമാധ്യമത്തിലൂടെ പ്രതികരണം നടത്തി. ഇതോടെ പാര്‍ട്ടി പ്രതിസന്ധിയിലാകുന്ന നിലയുണ്ടായെന്നായിരുന്നു ജില്ലാനേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത് ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നുവരികയും ജയരാജനെതിരേ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു കത്തും ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കൈമാറി. 

ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ മറുപടി പറയുമ്പോഴാണ് ജയരാജനെതിരായ ഒരു കത്ത് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ടെന്നും അത് പാര്‍ട്ടി ഗൗരവമായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത്. പി. ജയരാജന് സെക്രട്ടേറിയറ്റിലേക്ക് അവസരമുണ്ടാകില്ലെന്ന് അപ്പോള്‍തന്നെ വ്യക്തമായിരുന്നു.

ജയരാജന് 72 വയസ്സാണ് ഇപ്പോള്‍ പ്രായം. മൂന്നുവര്‍ഷം കഴിഞ്ഞ് അടുത്ത സമ്മേളനം നടക്കുമ്പോള്‍ 75 വയസ്സിലേക്ക് കടക്കും. പ്രായപരിധിയുള്ളതിനാല്‍ സെക്രട്ടേറിയറ്റിലേക്ക് അദ്ദേഹത്തെ ഉള്‍പ്പെടുത്താനും സാധ്യതയില്ല. പി. ജയരാജനെക്കാള്‍ ജൂനിയറായ എം.വി. ജയരാജന്‍ സെക്രട്ടേറിയറ്റിലെത്തിക്കഴിഞ്ഞു. മാത്രമല്ല, എം. സ്വരാജും മുഹമ്മദ് റിയാസും ഉള്‍പ്പെടെയുള്ള യുവനേതാക്കന്മാരും ഇതിനകം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി കഴിഞ്ഞു. അപ്പോഴും പി. ജയരാജനെ പോലൊരു മുതിര്‍ന്ന നേതാവ് തഴയപ്പെടുന്നു എന്നതാണ് അണികള്‍ക്കിടയില്‍ ഉയരുന്ന ചിന്ത. എന്നാല്‍, കഴിഞ്ഞ തവണത്തേപോലെ അത്രയും ശക്തമായ രീതിയിലല്ലെങ്കില്‍ കൂടിയും സാമൂഹികമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

Content Highlights: letter from kannur committee to state leadership led to the exclusion of jayarajan from secretariat