LDF യോഗം ചേരാത്തതിലും പ്രതിപക്ഷ ഉപ നേതൃപദവി തീരുമാനംആകാത്തതിലും സിപിഐക്ക് കടുത്ത എതിർപ്പ്

തിരുവനന്തപുരം: മൂന്നാംവട്ടവും അധികാരം നേടുമെന്ന ശുഭപ്രതീക്ഷ തകർന്നതിനുപിന്നാലെ ഇടതുമുന്നണിയിൽ തർക്കം രൂക്ഷമാവുന്നു. യു.ഡി.എഫ്. അധികാരമേറ്റ് ഒന്നരമാസം കഴിഞ്ഞിട്ടും ഇടതുമുന്നണി യോഗം ചേർന്നിട്ടില്ല. എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടിയോഗവും നടന്നില്ല. പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സി.പി.എം.-സി.പി.ഐ. തർക്കമാണ് പ്രശ്നം.
മറ്റു ഘടകകക്ഷികളും സി.പി.എം. സമീപനത്തിൽ അതൃപ്തരായി മാറിനിൽക്കുകയാണ്. പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.എം. എടുക്കുന്നതാണ് കീഴ്‌വഴക്കമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞതിനെച്ചൊല്ലിയാണ് ഏറ്റവുമൊടുവിൽ തർക്കമുടലെടുത്തത്.
ഉപനേതാവ് പദവിയിൽ സി.പി.ഐ. പിന്നോട്ടില്ലെന്നും സി.പി.ഐ. പറഞ്ഞതു കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതിവരില്ലായിരുന്നുവെന്നുമുള്ള ശക്തമായ മറുപടിയോടെ സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ രംഗത്തെത്തിയത് ഇടതുകേന്ദ്രങ്ങളെത്തന്നെ ഞെട്ടിച്ചിട്ടുണ്ട്. ഏകപക്ഷീയമായ നിലപാടുകൾ അനുവദിക്കില്ലെന്നാണ് സി.പി.ഐ. നേതൃത്വം വ്യക്തമാക്കുന്നത്.
ഇടഞ്ഞുനിന്ന് സി.പി.ഐ.
പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടിലാണ് സി.പി.ഐ. പ്രതിപക്ഷനേതാവ്, ഉപനേതാവ് പദവികൾ സി.പി.എം. എടുക്കുന്നതാണ് കീഴ്‌വഴക്കമെന്നതാണ് പിണറായി വിജയനും എം.വി. ഗോവിന്ദനും ആവർത്തിച്ച് പറയുന്നത്.
കീഴ്‌വഴക്കം മാറണമെന്നകാര്യം സി.പി.ഐ. ഉന്നയിക്കുന്നത്, സി.പി.എമ്മിലെ ഉൾപാർട്ടി തർക്കം കൂടി കണക്കിലെടുത്താണ്. സി.പി.ഐ.യെ ഒറ്റയടിക്ക് അവഗണിച്ച് ഒഴിവാക്കാൻ രണ്ടുപേരും പാർട്ടിക്കുള്ളിൽ ഇപ്പോൾ അത്രശക്തരല്ല.
ഉപനേതൃപദവി അടഞ്ഞ അധ്യായമാണെന്ന് കഴിഞ്ഞദിവസം പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. അതിനെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കടുത്തഭാഷയിൽത്തന്നെ ചോദ്യം ചെയ്യുകയും ചെയ്തു. അടഞ്ഞ അധ്യായം തുറക്കാൻ എൽ.ഡി.എഫ്. ചേരണമെന്ന് പറഞ്ഞതിലൂടെ, മുന്നണിയോഗം ചേരാത്തതിലുള്ള അനിഷ്ടംകൂടിയാണ് സി.പി.ഐ. പ്രകടമാക്കിയത്.
സി.പി.എമ്മിൽ ഉൾപ്പോര്
സി.പി.എമ്മിലും സ്ഥിതി ഭേദമല്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷനേതാവ് പിണറായി വിജയനും എതിരായ ഉൾപ്പോര് കനംവെക്കുന്നുണ്ട്. കേരളപാർട്ടിയുടെ പോക്കിൽ ജനറൽ സെക്രട്ടറി എം.എ. ബേബിയടക്കം അതൃപ്തനാണ്.
തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിലുള്ള ഔചിത്യമില്ലായ്മ ബേബിയാണ് പരസ്യമായി പ്രകടിപ്പിച്ചത്. ജനറൽസെക്രട്ടറിയെ തിരുത്തുന്ന രീതിയിലേക്ക് പി.ബി. അംഗങ്ങളായ പിണറായി വിജയനും എം.വി. ഗോവിന്ദനും രംഗത്തുവന്നതും അസാധാരണമായി.
നിയമസഭയിൽ ‘പ്രതിപക്ഷനേതാവ് എന്താണ് പറയാത്തതെന്ന് മനസ്സിലാകുന്നില്ല, എന്തിനാണ് ഇത് കേട്ടിരിക്കുന്നതെന്ന’ കെ.എൻ. ബാലഗോപാലിന്റെ പ്രതികരണവും പാർട്ടിക്കുള്ളിലെ ഭിന്നസ്വരമായാണ് വിലയിരുത്തുന്നത്.
തളിപ്പറമ്പിലെ സ്ഥാനാർഥിത്വത്തിൽ ബേബിയുടെ പ്രതികരണം സംസ്ഥാന കമ്മിറ്റി വിലയിരുത്താത്ത കാര്യമാണെന്നാണ് അദ്ദേഹത്തിനും പിണറായിക്കും ഒപ്പമുള്ളവരുടെ വാദം. ബേബിയുടെ അനുഗ്രഹത്തോടെയാണ് പാർട്ടിക്കുള്ളിൽ പുതുചേരി രൂപപ്പെടുന്നതെന്ന സംശയത്തിനൊരുകാരണവും ഇതാണ്.
പരാജയം ചർച്ചചെയ്ത സംസ്ഥാനകമ്മിറ്റി യോഗത്തിലേക്ക് പി.ബി.യിൽനിന്ന് മൂന്ന് നിരീക്ഷകരെത്തിയതും സംശയത്തോടെയാണ് കാണുന്നത്. സംഘടാപരമായ തിരുത്തലിന്റെ കാര്യത്തിൽ നിർണായകമായ, ഓഗസ്റ്റിലെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ ചർച്ചകൾക്ക് മൂർച്ചകൂട്ടാനുള്ള ആളൊരുക്കലാണ് ഇപ്പോൾ നടക്കുന്നത്.
‘‘പിണറായി പറഞ്ഞത് സി.പി.എമ്മിന്റെ ആകെ നിലപാടാണോ? പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടിൽ സി.പി.ഐ. പിന്നോട്ടില്ല. ഏകപക്ഷീയമായി എടുക്കേണ്ട ഒരു തീരുമാനമല്ലിത്. പരസ്പരം കൂടിയാലോചനയിലൂടെ നടത്തേണ്ട വിഷയം ഏകപക്ഷീയമായി പറയുന്നത് ശരിയല്ല. സി.പി.ഐ. പറഞ്ഞിരുന്ന പല വിഷയങ്ങളും കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു’’
- പി.പി. സുനീർ, സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി
‘‘സ്ഥാനാർഥിനിർണയത്തിലെ പോരായ്മ തോൽവിക്ക് കാരണമായി. പയ്യന്നൂരിൽ മറ്റൊരാൾ ആയിരുന്നെങ്കിൽ ജയിക്കാമായിരുന്നു. തളിപ്പറമ്പ് ഉറപ്പിച്ച് പറയാനാവില്ല. വോട്ടിന്റെ ഘടനയിലൊക്കെ മാറ്റം വന്നിട്ടുണ്ട്’’- എം.വി. ജയരാജൻ, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം.
‘‘ഓരോരുത്തർ അവിടെയും ഇവിടെയുമായി ഓരോ ചാനലിൽ സംസാരിക്കുന്നതിന് മറുപടി പറയേണ്ട കാര്യമില്ല. പാർട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്’’- എം.വി. ഗോവിന്ദൻ, സി.പി.എം. സംസ്ഥാനസെക്രട്ടറി
Content Highlights: LDF has failed to convene a meeting 1.5 months after the UDF took office. CPI strongly opposes CPM's unilateral decision regarding the Opposition Deputy Leader position. Internal dissent within CPM regarding candidate selection and leadership decisions is growing. CPI leader P.P. Suneer emphasized that the alliance requires consultation, not unilateralism. The party is bracing for critical organizational reviews in the upcoming August extended state committee meeting.