സർക്കാരിന്റെ പ്രതിച്ഛായാനിർമിതിക്ക് ജീവനക്കാരുടെ സന്നദ്ധ സേന; ലക്ഷ്യം മൂന്നാം തുടർഭരണം

#രതീഷ് രവി
മുഖ്യമന്ത്രി പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി

കൊല്ലം: സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ ഉയർത്താൻ ജീവനക്കാരുടെ സന്നദ്ധ സേന രൂപവത്കരിക്കുന്നു. ഇടത് സർവീസ് സംഘടനകളിൽനിന്നുള്ള 1000 അംഗങ്ങളെ ചേർത്താണ് അനൗദ്യോഗിക സന്നദ്ധസേന രൂപവത്കരിക്കുന്നത്. സിപിഎം, സിപിഐ ബന്ധമുള്ള സർവീസ്, അധ്യാപക സംഘടനകളിൽനിന്നാണ് ആളെ ചേർക്കുക.

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന പരാതികൾക്ക് കൃത്യമായ പരിഹാരംകാണുകയാണ് ഇവരുടെ പ്രധാന ജോലി. നൂലാമാലകൾ ഒഴിവാക്കി സർക്കാർസേവനം സാധാരണക്കാർക്ക് എത്തിക്കുന്നതിനും ഈ ഉദ്യോഗസ്ഥസംഘം ഇടപെടും.

പരിഹാരംകാണുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് മാധ്യമ, സാമൂഹിക മാധ്യമ പ്രചാരണത്തിനുള്ള നടപടികളും സേനയുടെ ചുമതലയാണ്. സെപ്റ്റംബർ അവസാനത്തോടെ രൂപവത്കരിക്കുന്ന സേനയിലേക്ക് കൃത്യമായ ഇടതുപക്ഷ രാഷ്ട്രീയാഭിമുഖ്യമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക സർവീസ് സംഘടനകളിൽനിന്ന് ശേഖരിച്ചുകഴിഞ്ഞു. ഇതിനുപുറമേ മന്ത്രിമാരുടെ ഓഫീസുകൾവഴി 100 ഉന്നതോദ്യോഗസ്ഥരുടെ പട്ടികയും തയ്യാറാക്കിയതായാണ് വിവരം. സേന രൂപവത്കരിച്ചുകഴിഞ്ഞാൽ സർവീസ് സംഘടനാ നേതൃത്വങ്ങൾക്ക് ഇവരുടെ പ്രവർത്തനങ്ങളിൽ ഇടപെടാനാവില്ല. സർക്കാർതലത്തിൽ തന്നെയായിരിക്കും ഇവരെ ഏകോപിപ്പിക്കുക.സേനാംഗങ്ങൾക്ക് തിരുവനന്തപുരം എകെജി പഠനഗവേഷണകേന്ദ്രത്തിൽ അനൗദ്യോഗിക പരിശീലനം നൽകുമെന്നാണ് അറിയുന്നത്.

Content Highlights: ldf government pinarayi vijayan employees team formation