സംസ്ഥാനസർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജാഗ്രതക്കുറവ്; സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശം

കണ്ണൂർ : അടുത്തകാലങ്ങളിൽ സംസ്ഥാനസർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജാഗ്രതക്കുറവുണ്ടാകുന്നുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് വിമർശമുയർന്നത്. സമീപകാലത്തുണ്ടായ സംഭവങ്ങളിൽ ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടായിട്ടുണ്ടെന്ന കാര്യം സത്യമാണ്.
പലകാര്യങ്ങളും പർവതീകരിച്ച് യുഡിഎഫും ബിജെപിയും പ്രചരിപ്പിച്ചു. ഇത്തരം പ്രചാരങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെങ്കിലും പാർട്ടിയുടെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ജനങ്ങൾ പ്രതീക്ഷയോടെയാണ് പാർട്ടിയെ നോക്കിക്കാണുന്നത്. ജില്ലയിൽ വോട്ടുചോർച്ചയുണ്ടായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.
പാർട്ടിക്ക് ലഭിക്കേണ്ട ചെറിയൊരു വിഭാഗം വോട്ടുകൾ ബിജെപിയിലേക്ക് പോയിട്ടുണ്ട്. മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ ഒരു പരിധിവരെ യുഡിഎഫിലേക്കും പോയിട്ടുണ്ട്. കണ്ണൂർ കോർപ്പറേഷനിൽ ഇത് പ്രകടമാണ്. മയ്യിൽ ഡിവിഷനിലെ തോൽവി അപ്രതീക്ഷിതമായിപ്പോയി.
ഡിവിഷൻ വിഭജനത്തിൽ വേണ്ടത്ര ജാഗ്രത പാലിച്ചില്ല. യുഡിഎഫ് കേന്ദ്രങ്ങൾ കൂട്ടിച്ചേർത്തതാണ് തിരിച്ചടിക്ക് കാരണം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനം ആരംഭിക്കാനും സർക്കാരിന്റെ ഭരണനേട്ടങ്ങളും ബിജെപിയുടെ ഭീഷണിയും ജനങ്ങളെ ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ പേരിൽ ട്വിസ്റ്റ്
നിലവിലെ വൈസ് പ്രസിഡന്റായ ബിനോയ് കുര്യനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാൻ യോഗം തീരുമാനിച്ചു. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പിണറായി ഡിവിഷനിൽനിന്ന് വിജയിച്ച അനുശ്രീയെ തള്ളി. ജില്ലാ കമ്മിറ്റി അനുശ്രീയുടെ പേരാണ് പരിഗണിച്ചിരുന്നതെങ്കിലും സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം മറ്റൊരാളുടെ പേര് കണ്ടെത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാട്യം ഡിവിഷനിൽനിന്ന് വിജയിച്ച ടി. ശബ്നയായിരിക്കും വൈസ് പ്രസിഡന്റ്. യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു.
Content Highlights: kannur cpm district committee criticism