ലോയേഴ്‌സ് കോൺഗ്രസിലും പൊട്ടിത്തെറി; സതീശനെ അനുകൂലിച്ച് വി.എസ്.ചന്ദ്രശേഖരൻ, അബ്ദുറഹ്‌മാന് വിമർശനം

#മാതൃഭൂമി ന്യൂസ്
വി.എസ്. ചന്ദ്രശേഖരൻ, വി.ഡി. സതീശൻ
വി.എസ്. ചന്ദ്രശേഖരൻ, വി.ഡി. സതീശൻ

കൊച്ചി: ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ ലോയേഴ്‌സ് കോൺഗ്രസിലും പൊട്ടിത്തെറി. മുഖ്യമന്ത്രി വി.ഡി. സതീശനെ അനുകൂലിച്ച് സംഘടനയുടെ മുൻ അധ്യക്ഷൻ വി.എസ്. ചന്ദ്രശേഖരൻ രംഗത്തെത്തി. താൻ ഇപ്പോഴും സംഘടനയുടെ പ്രസിഡന്റാണെന്നും മുഖ്യമന്ത്രിക്കെതിരേ രംഗത്തുവന്ന പി.കെ. അബ്ദുറഹന്മാൻ താത്കാലിക പ്രസിഡന്റ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജി ഇതുവരെ സ്വീകരിക്കപ്പെട്ടിട്ടില്ലെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. 

'അബ്ദുറഹ്‌മാൻ കൊടുത്ത പട്ടികയിൽ ആദ്യത്തെ പേര് അദ്ദേഹത്തിന്റെ തന്നെയാണ്, സ്‌പെഷൽ ഗവൺമെന്റ് പ്ലീഡറായിട്ട്. പിന്നെ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ ആകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ കൊടുത്തു. ഹൈക്കോടതിയിൽ ഒരു ദിവസം പോലും കോട്ടിട്ട് പ്രാക്ടീസ് ചെയ്യാത്ത ആളാണ് അബ്ദുറഹന്മാൻ. അന്വേഷണം നടത്തിയപ്പോൾ അദ്ദേഹത്തിന് അർഹതയില്ല എന്ന് കണ്ടെത്തിയിട്ടുണ്ടാവാം. അതുകൊണ്ടാകാം അദ്ദേഹത്തെ സ്‌പെഷൽ ഗവൺമെന്റ് പ്ലീഡറാക്കാൻ സർക്കാരിന് ചിലപ്പോൾ സാധിക്കാതെ വന്നിട്ടുണ്ടാവുക, ചന്ദ്രശേഖരൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്ലീഡർ നിയമന വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന വിഭാഗമെന്നും എതിർക്കുന്ന വിഭാഗമെന്നും രണ്ട് ചേരി രൂപപ്പെട്ടിരിക്കുകയാണ് ലോയേഴ്‌സ് കോൺഗ്രസിൽ. ‘ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് താൻ രാജിവെച്ചത്. എന്നാൽ അവ നിലനിൽക്കില്ലെന്ന് കണ്ട് പോലീസ് എഴുതിത്തള്ളി. അതിനാൽ താൻ ഇപ്പോഴും പ്രസിഡന്റാണ്. നിലവിലെ ആക്ടിങ് പ്രസിഡന്റായ അബ്ദുറഹ്‌മാൻ സംസ്ഥാന കമ്മിറ്റി വിളിക്കാത്തതിനാലാണ് തനിക്ക് സ്ഥാനത്തേക്ക് വരാൻ കഴിയാത്തത്, ചന്ദ്രശേഖരൻ പറഞ്ഞു. സർക്കാരിന്റെ ഗവൺമെന്റ് പ്ലീഡർ നിയമനം പൂർണമായും ശരിയാണെന്നും അത് മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്രമല്ല, ജിയോണ അടക്കമുള്ളവർ ലോയേഴ്‌സ് കോൺഗ്രസിന്റെ ഭാഗമാണ്. മോഹഭംഗത്താലാണ് അബ്ദുറഹ്‌മാൻ ആരോപണം ഉന്നയിക്കുന്നതെന്നും ചന്ദ്രശേഖരൻ പറഞ്ഞു. അബ്ദുറഹ്‌മാനെ ആ സ്ഥാനത്തുനിന്ന് നീക്കണമെന്ന് കെപിസിസിയോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഗവൺമെന്റ് പ്ലീഡർ നിയമനവിവാദം ഇപ്പോൾ കെഎസ്‌യു കടന്ന് ലോയേഴ്‌സ് കോൺഗ്രസിലെത്തി ആ സംഘടനയിലും ചേരിതിരിവിന് കാരണമായിരിക്കുകയാണ്.

Content Highlights: Internal division within Lawyers Congress regarding pleader appointments, V.S. Chandrasekharan claims presidency is still held by him, Allegations of personal interest against P.K. Abdul Rahman, Support for government's merit-based appointment process, Call for KPCC to intervene and remove current acting president