കനവുകളിലേക്ക് ബസ്സുകയറി, തിരിച്ചെത്തിയത് ചേതനയറ്റ്; കണ്ണീരണിഞ്ഞ് ചെറുകുളത്തൂർ ഗ്രാമം

#സ്വന്തം ലേഖകന്‍
മരിച്ച വൈഷ്ണവ്, അപകടത്തിൽപ്പെട്ട ബസ്
മരിച്ച വൈഷ്ണവ്, അപകടത്തിൽപ്പെട്ട ബസ്

മാവൂർ: ജോലിയെന്ന സ്വപ്നവുമായി പരീക്ഷയെഴുതാൻപോയ ചെറുപ്പക്കാരൻ തിരിച്ചുവരുന്നത് ചേതനയറ്റ്. കുറ്റിപ്പുറത്ത് ബസ്സപകടത്തിൽ മരിച്ച വൈഷ്ണവിനെയോർത്ത് തേങ്ങുകയാണ് വീടും ചെറുകുളത്തൂരെന്ന നാടും. വൈഷ്ണവിന്റെ സഹോദരൻ വൈശാഖിനും അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. തൃശ്ശൂരിൽ നടക്കുന്ന ദേവസ്വം വകുപ്പിലേക്കുള്ള പരീക്ഷയ്ക്കായാണ് വൈഷ്ണവ് കോഴിക്കോട്ടുനിന്ന് തിരിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനാണ് വൈശാഖ്.

ടൈൽസ് പണിക്കാരനായിരുന്നു വൈഷ്ണവ്. ഒരു സ്ഥിരംജോലിയായിരുന്നു സ്വപ്നം. വലിയ പ്രതീക്ഷകളോടെ അച്ഛനോടും അമ്മയോടും യാത്രപറഞ്ഞിറങ്ങിയതാണ് വൈഷ്ണവ്. അവസാനയാത്രയാണെന്ന് അവർക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല. ശനിയാഴ്ചവരെ ജോലിക്കുപോയിരുന്നു. വിവരമറിഞ്ഞ ബന്ധുക്കളും സുഹൃത്തുക്കളും അപകടം നടന്ന കുറ്റിപ്പുറത്തേക്കും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ഓടിയെത്തിയെങ്കിലും മരണവാർത്തയാണ് അറിയാൻസാധിച്ചത്.

മഴയിൽ നനഞ്ഞ ആറുവരിപ്പാതയിൽ, നിയന്ത്രണംവിട്ട് തെന്നിയോടിയ സ്വകാര്യബസ് ഡിവൈഡറിൽത്തട്ടി തലകീഴായി മറിയുകയായിരുന്നു. കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപമുണ്ടായ അപകടത്തിൽ കോഴിക്കോട് പെരുവയൽ ചെറുകുളത്തൂർ മാവന്നൂർ പടിക്കൽ വൈഷ്ണവ് (31) ആണ് മരിച്ചത്. 38 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 10.30-നായിരുന്നു അപകടം. തെന്നിനീങ്ങവേ ഡിവൈഡറിൽത്തട്ടി അതിനുമുകളിലേക്കുതന്നെ മറിഞ്ഞ ബസ് രണ്ടായിപ്പിളരുകയായിരുന്നു. അപകടത്തിൽ സീറ്റിനും കമ്പിക്കുമിടയിൽക്കുടുങ്ങിയ ഒരു യാത്രക്കാരനെ അഗ്‌നിരക്ഷാസേന അരമണിക്കൂറോളം നടത്തിയ പരിശ്രമത്തിനുശേഷമാണ് രക്ഷിച്ചത്.

കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ഡിഫൻഡർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 66-ൽ അത്താണി ബസാർ ഭാഗത്തുനിന്നുള്ള സർവീസ് റോഡ് അവസാനിക്കുന്നതിന്റെ 20 മീറ്ററോളം അകലെവെച്ചാണ് ബസ് നിയന്ത്രണംവിട്ടത്. തുടർന്നാണ് നിരങ്ങിനീങ്ങി റോഡിന്റെ ഇടതുഭാഗത്തെ കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞത്.

ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും കുറ്റിപ്പുറം പോലീസും ചേർന്നാണ് ബസ്സിനകത്തുനിന്ന് യാത്രക്കാരെ പുറത്തെടുത്തത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രി, കുറ്റിപ്പുറത്തെ ഹീൽഫോർട്ട്, അമാന, കോട്ടയ്ക്കൽ മിംസ്, എടപ്പാൾ ഹോസ്പിറ്റൽ, തൃശ്ശൂർ കുന്നംകുളം ദയ ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ ആദ്യമെത്തിച്ചത്.

മരിച്ച വൈഷ്ണവ് ബസ്സിന്റെ വലതുഭാഗത്തെ സീറ്റിലായിരുന്നു. കോൺക്രീറ്റ് ഡിവൈഡറിലുണ്ടായിരുന്ന തെരുവുവിളക്കിന്റെ ഇരുമ്പ് തൂണിന്റെ അടിഭാഗത്ത് ശക്തമായി ഇടിച്ച് വൈഷ്ണവിന്റെ തലയും മുഖവും പൂർണമായും തകർന്ന അവസ്ഥയിലായിരുന്നു.

വളാഞ്ചേരി പുറമണ്ണൂർ സ്വദേശി, ബെംഗളൂരുവിൽ താമസിക്കുന്ന കലയത്ത് പ്രേംദാസ് (63) ആണ് സീറ്റിനും കമ്പിക്കുമിടയിൽ കുടുങ്ങിയത്. ഇദ്ദേഹം പരിക്കുകളോടെ കുറ്റിപ്പുറത്തെ ഹീൽഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. വളാഞ്ചേരിയിൽനിന്ന് ഭാര്യക്കും മകൾക്കുമൊപ്പം കുറ്റിപ്പുറത്തേക്ക് വരുകയായിരുന്നു പ്രേംദാസ്. ഇവർക്കും പരിക്കേറ്റു.

ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറുമടക്കം പലർക്കും ഗുരുതരമായി പരിക്കേറ്റു. കണ്ടക്ടർ തൃശ്ശൂർ തണ്ടിലം പുത്തൻവീട്ടിൽ ബാലന്റെ മകൻ നിമോദ് (43), ഡ്രൈവർ ചങ്ങരംകുളം കാളച്ചാൽ വടക്കേക്കര ഷെബീർ (38) എന്നിവർ തൃശ്ശൂർ കുന്നംകുളം ദയ ആശുപത്രിയിൽ ചികിത്സയിലാണ്. തലയിൽ കാര്യമായ മുറിവുള്ള കണ്ടക്ടർ നിമോദിന് രക്തസ്രാവമുണ്ട്. കഴുത്തിനും പരിക്കുണ്ട്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടു.

വൈഷ്ണവിന്റെ അച്ഛൻ: രാധാകൃഷ്ണൻ. അമ്മ: വിലാസിനി. സഹോദരൻ: വൈശാഖ് (തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരൻ).