കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ കാർ അപകടത്തിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഏഴാം വളവിൽവെച്ച് എതിർദിശയിൽ വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് അഞ്ചടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
വില്യാപ്പള്ളി സ്വദേശികളായ കുഞ്ഞായിഷ (55), സൻഹ ഫാത്തിമ (10), ആയിഷ സെൻസ (13) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൊട്ടിൽപ്പാലം ഇഖ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മലയോര ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന കുറ്റ്യാടി ചുരത്തിൽ മഴക്കാലം എത്തിയതോടെ അപകടസാധ്യത കൂടുതലാണ്. ഏഴാം വളവിലെ റോഡിന്റെ വശം ഇടിഞ്ഞതാണ് കാർ താഴ്ചയിലേക്ക് മറിയാൻ കാരണമായത്.