കുറ്റ്യാടി ചുരത്തിൽ ലോറിയിടിച്ച് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു; ഏഴുപേർക്ക് പരിക്ക്

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ മൂന്നാംവളവിനും നാലാംവളവിനുമിടയിൽ നിയന്ത്രണംവിട്ട ലോറിയിടിച്ച് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വയനാട്ടിൽനിന്ന് വരികയായിരുന്ന ഹരിതം കറി പൗഡറിന്റെ ലോറി നിയന്ത്രണംവിട്ട് രണ്ട് കാറുകളിൽ ഇടിച്ചശേഷം വയനാട്ടിൽനിന്ന് വളർത്തുപശുവിനെയും കയറ്റിവന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. പിക്കപ്പ്വാൻ 10 അടിയോളം താഴ്ച്ചയിൽ
കൽവർട്ടിനുള്ളിലേക്ക് മറിഞ്ഞു. ഡ്രൈവർ അരമണിക്കൂറോളം വാനിനുള്ളിൽ കുടുങ്ങിക്കിടന്നു. പിക്കപ്പിലെ ഡ്രൈവർ പന്തീരിക്കര സ്വദേശി മുഹമ്മദ്, പിക്കപ്പിലുണ്ടായിരുന്ന മുട്ടുകാട് സ്വദേശികളായ വിജയൻ, വൈശാഖ്, ചുരം കയറി വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിനി ഹിദ, റോഡിലുണ്ടായിരുന്ന ഊരാളുങ്കൽ സൊസൈറ്റി ജീവനക്കാരൻ രാജീവൻ ഉൾപ്പെടെ ഏഴുപേർക്കാണ് പരിക്കേറ്റത്. ഇവരെ തൊട്ടിൽപ്പാലം ഇഖ്റ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലുമായി പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
നാദാപുരത്തുനിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് പിക്കപ്പിലെ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. കൽവർട്ടിനുള്ളിലേക്ക് തെറിച്ചുപോയ പശുവിനെയും ഫയർഫോഴ്സ് പുറത്തെത്തിച്ചു. മലയോര ഹൈവേ നിർമാണപ്രവർത്തി നടക്കുന്ന ഭാഗത്ത് വാഹനങ്ങൾ സിഗ്നലിൽ നിർത്തിയ സമയത്താണ് പിന്നിൽനിന്ന് നിയന്ത്രണംവിട്ട് വന്ന ലോറി ഇടിച്ച് അപകടമുണ്ടായത്.
Content Highlights: Kuttiady Ghat Road Accident: Truck Collision Leaves 7 Injured