വിവാഹാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയത് ദുരന്തത്തിലേക്ക്; തീരാനോവായി അപകടത്തിൽമരിച്ച മൂന്നംഗകുടുംബം

ചാവക്കാട്: വിവാഹത്തലേന്നത്തെ ആഘോഷങ്ങളിൽനിന്നും സന്തോഷങ്ങളിൽനിന്നും മുനീറും കുടുംബവും യാത്രപറഞ്ഞിറങ്ങി മിനിറ്റുകൾക്കകം ഇടിത്തീ പോലെ ആ ദുരന്തവാർത്തയെത്തി. പൊട്ടിച്ചിരികൾ നിറഞ്ഞ കല്യാണവീട്ടിൽനിന്ന് കരച്ചിലുയർന്നു. കുന്നംകുളം ആർത്താറ്റ് ശനിയാഴ്ച അർധരാത്രിയോടെ കാർ ബൈക്കിലിടിച്ച് മരിച്ച മുനീറും ഭാര്യ ഷിഫ്‌നയും മൂന്നുവയസ്സുകാരൻ മകൻ എമിൽ ഐബക്കും മാതൃസഹോദരിയുടെ മകളുടെ വിവാഹഘോഷം പൂർത്തിയാകും മുൻപേയാണ് എന്നെന്നേയ്ക്കുമായി വിടപറഞ്ഞത്.
മുനീറിന്റെ മാതൃസഹോദരി ഫാത്തിമയുടെ മകൾ അൽഫിതയുടെ കല്യാണത്തലേന്നത്തെ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് അപകടം. വിവാഹത്തലേന്നത്തെ ചടങ്ങിനായാണ് മുനീറും കുടുംബവും ചൊവ്വന്നൂരിലെ വീട്ടിലെത്തിയത്. ഇവിടെനിന്ന് എടക്കഴിയൂരിലെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് കുന്നംകുളത്ത് ആർത്താറ്റിനടുത്തുവെച്ച് നിയന്ത്രണം വിട്ട കാറിടിച്ച് മൂന്നുപേർക്കും ജീവൻ നഷ്ടപ്പെട്ടത്. ഹാളിലെ ചടങ്ങിനിടെ പകർത്തിയ ഇവരുടെ അവസാനചിത്രം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൊമ്പരക്കാഴ്ചയായി. വധുവിനൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയ്ക്ക് പുറമേ തങ്ങൾ മൂന്നുപേരും മാത്രമുള്ള ചിത്രവും ഫോട്ടോഗ്രാഫറോട് പറഞ്ഞ് പ്രത്യേകം ഇവർ എടുപ്പിച്ചിരുന്നു. ആ ചിത്രം അവരുടെ അവസാനചിത്രമായി മാറുമെന്ന് കരുതിയില്ലെന്ന് ചടങ്ങിന്റെ ഫോട്ടോ പകർത്തിയ മാജിദ് വേദനയോടെ പറഞ്ഞു.
മുനീറിന്റെയും കുടുംബത്തിന്റെയും വിയോഗത്തെത്തുടർന്ന് ഞായറാഴ്ച ചൊവ്വന്നൂർ അൽ അമീൻ ഓഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ നടത്താനിരുന്ന വിവാഹസത്‌കാരങ്ങളും ആഘോഷങ്ങളും ഉപേക്ഷിച്ചു. തുടർന്ന് പന്നിത്തടം ജുമാമസ്ജിദിൽ അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിൽ ചടങ്ങുമാത്രമാക്കി വിവാഹം നടത്തി.
കാർ ഡ്രൈവറുടെ പേരിൽ ലുക്കൗട്ട് നോട്ടീസ്
ആർത്താറ്റ് കുറുക്കൻപാറ കുരിശുപള്ളിക്ക് സമീപം അധിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ ദമ്പതിമാരും മൂന്നു വയസ്സുള്ള കുട്ടിയും മരിച്ച സംഭവത്തിൽ കാർ ഡ്രൈവറുടെ പേരിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആർത്താറ്റ് അയ്യൻകുളങ്ങര വീട്ടിൽ ബെന്നി (31)ന്റെ പേരിലാണ് കുന്നംകുളം പോലീസ് നോട്ടീസ് പുറപ്പെടുവിച്ചത്. വിദേശത്തായിരുന്ന ഇയാൾ അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇയാൾ രാജ്യം വിടുന്നത് തടയാൻ വിമാനത്താവളങ്ങളിലേക്കും പോലീസ് അറിയിപ്പ് നൽകി.
ശനിയാഴ്ച രാത്രി 11.40-നാണ് അപകടം. കുടുംബം റോഡരികിൽ ബൈക്ക് നിർത്തി ഫോൺ ചെയ്യുന്നതിനിടെ പിറകിൽ നിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാർ ബൈക്കിലിടിച്ച ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ മൂവരെയും നാട്ടുകാരും നന്മ ആംബുലൻസ് പ്രവർത്തകരും ചേർന്ന് കുന്നംകുളത്തെ ദയാ റോയൽ ആശുപത്രിയിലും മലങ്കര ആശുപത്രിയിലുമെത്തിച്ചെങ്കിലും മുനീറും ഷിഫ്‌നയും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. എമിൽ ഐബക് ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്.
അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് വൈദ്യുതിക്കമ്പി പൊട്ടിവീണത് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു. കാർ ഓടിച്ച ബെൻ ഉൾപ്പെടെ നാലുപേരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബെൻ ഒഴികെ മറ്റു മൂന്നുപേരും പോലീസിന്റെ കരുതൽ തടങ്കലിലുണ്ട്. ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് പോലീസ് ബെന്നിന്റെ പേരിൽ കേസെടുത്തിരിക്കുന്നത്.
Content Highlights: Three members of a family, including a 3-year-old child, died in a car-bike collision., The accident occurred near Arthat in Kunnamkulam on Saturday midnight., The family was returning from a pre-wedding celebration when the tragedy struck., Wedding celebrations were canceled, and the marriage was conducted simply as a low-key ritual.