കുംഭമേളയിലെ വൈറൽ താരം, ഇൻഡോർ സ്വദേശിനിയ്ക്ക് കേരളത്തിൽ പ്രണയസാഫല്യം

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിയ്ക്ക് കേരളത്തിൽ പ്രണയസാഫല്യം. തിരുവനന്തപുരം അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിലെ ശ്രീനാരായാണ ഗുരു പ്രതിഷ്ഠയ്ക്കുമുന്നിൽ ബുധനാഴ്ച വൈകീട്ടായിരുന്നു താലികെട്ട്. നാട്ടുകാരുടെ ഭാവുകങ്ങളോടെ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഫർമാൻ ഇൻഡോർ സ്വദേശിനിയായ പെൺകുട്ടിയ്ക്ക് താലിചാർത്തി.
പെൺകുട്ടി നായികയായ സിനിമയുടെ ചിത്രീകരണത്തിനായാണ് തിരുവനന്തപുരം പൂവാറിലെത്തിയത്. സിനിമയിൽ മുഹമ്മദ് ഫർമാനാണ് നായകനായി വേഷമിടുന്നത്. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്നാണ് ഇരുവരും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയംതേടിയത്. പെൺകുട്ടിയുടെ അച്ഛൻ മകളെ വിട്ടുനൽകണമെന്ന ആവശ്യവുമായി എത്തിയെങ്കിലും പെൺകുട്ടി സമ്മതിച്ചില്ല. തുടർന്ന് പോലീസ് മുഹമ്മദ് ഫർഹാനൊപ്പം പെൺകുട്ടിയെ വിട്ടയച്ചു.
തുടർന്നാണ് വൈകീട്ട് ക്ഷേത്രത്തിലെത്തി വിവാഹച്ചടങ്ങുകൾ നടത്തിയത്. ആശീർവാദവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എം.പി. എന്നിവർ എത്തി.
സിനിമയുടെ ഓഡിഷനിടെ പരിചയത്തിലായ ഇരുവരും ആറുമാസമായി പ്രണയത്തിലായിരുന്നു. ഇതിനിടെ പെൺകുട്ടിയ്ക്ക് മറ്റൊരു വിവാഹം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു വീട്ടുകാർ. വിവാഹം രജിസ്റ്റർ ചെയ്തയുടൻതന്നെ കെ-സ്മാർട് വഴി ഇരുവർക്കും വിവാഹസർട്ടിഫിക്കറ്റ് നൽകി. പ്രയാഗ്രാജിൽ രുദ്രാക്ഷമാല വിൽക്കാനെത്തിയ പെൺകുട്ടിയുടെ കണ്ണുകളുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.
Content Highlights: Monalisa, the viral Kumbh Mela girl, married her co-star Mohammad Farman., The wedding took place at the Arumanoor Nainar Deva Temple in Thiruvananthapuram., The couple sought police protection due to family opposition before the wedding., Prominent political figures attended the event to offer their blessings., The couple received their official marriage certificate instantly via the K-SMART portal.