വയോജനശുശ്രൂഷയ്ക്ക് കുടുംബശ്രീ അംഗങ്ങൾ ഡെന്മാർക്കിലേക്ക്; കെ-4 കെയറിന്റെ ആദ്യഘട്ടത്തിന് തുടക്കമായി

#സ്വന്തം ലേഖിക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: യൂറോപ്യൻ രാജ്യമായ ഡെന്മാർക്കിലെ വയോജനശുശ്രൂഷാ രംഗത്തേക്ക് കുടുംബശ്രീ അംഗങ്ങൾ. വയോജന രോഗീപരിചരണ മേഖലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതിയായ കെ-4 കെയറിലൂടെയാണ് ഈ അവസരം.

ആദ്യഘട്ടം 1,000 അംഗങ്ങളെയാണ് ഡെന്മാർക്ക് ആവശ്യപ്പെട്ടിട്ടുള്ളത്. വയോജന പരിചരണം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകിയശേഷം സോഷ്യൽ ഹെൽത്ത്കെയർ ഹെൽപ്പറായാണ് ഇവരെ നിയമിക്കുക.

ഡെന്മാർക്കിൽ ആരോഗ്യ–ശുശ്രൂഷാ മേഖലയിൽ തൊഴിലാളിക്ഷാമമുണ്ട്. അതിനാൽ, കുടുംബങ്ങളോടുള്ള കരുതലും സംസ്കാരവും പരിശീലിച്ചിട്ടുള്ള ഇന്ത്യയിലെ ആരോഗ്യപ്രവർത്തകരെയാണു പരിഗണിക്കുന്നത്.

ഇവർക്ക് തൊഴിലവസരം നൽകുന്നതുമായി ബന്ധപ്പെട്ട് പഠിക്കാനാണ് ഡെന്മാർക്ക് ഉന്നതസംഘം രാജ്യത്തെത്തിയത്. ഇതിനിടെയാണ് കേരളത്തിലെ കുടുംബശ്രീയുടെ കെ-4 കെയർ പദ്ധതിയെക്കുറിച്ച് അറിയുന്നത്. തുടർന്ന് മന്ത്രി എം.ബി. രാജേഷുമായി ചർച്ച നടത്തി. വയോജന പരിചരണത്തിൽ അനുഭവപരിചയമുള്ള നഴ്സുമാരെയും തിരഞ്ഞെടുക്കാൻ പദ്ധതിയുണ്ട്.

കെ-4 കെയറിൽ ഇപ്പോൾ 1,124 അംഗങ്ങളാണ് പ്രവർത്തിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രമോഷൻ ട്രസ്റ്റ്, ആസ്പിരന്റ് ലേണിങ് അക്കാദമി തുടങ്ങിയവയുടെ സഹകരണത്തോടെ ഒരുമാസംനീണ്ട റസിഡൻഷ്യൽ പരിശീലനമാണ് കുടുംബശ്രീ നൽകുന്നത്. പ്രായം 25-നും 55-നും ഇടയ്ക്കാകണം. പ്ലസ്ടു ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

Content Highlights: Opportunity for Kudumbashree members! Work in Denmark`s elderly care sector through the K-4 Care project. Get trained and employed as a Social Healthcare Helper.