കത്വ,ഉന്നാവോ പെൺകുട്ടികളുടെ കണ്ണീരിൻ്റെ നനവ് ആ കടയുടെ ഓരോ സുഷിരത്തിലും അനുഭവിച്ചു- ഫിറോസിനെതിരേ ജലീൽ

പി.കെ.ഫിറോസ്, കെ.ടി.ജലീല്‍ |ഫോട്ടോ:മാതൃഭൂമി
പി.കെ.ഫിറോസ്, കെ.ടി.ജലീല്‍ |ഫോട്ടോ:മാതൃഭൂമി

മലപ്പുറം: ഇടത് എംഎൽഎ കെടി ജലീലും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസും തമ്മിലുള്ള വാക്പോര് തുടരുന്നു. ബിനാമി ആരോപണത്തിന് മറുപടി നൽകിയ ഫിറോസിന് ഫെയ്സ്ബുക്കിൽ മറുകുറിപ്പുമായാണ് ഇപ്പോൾ ജലീൽ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ആരോപണം ശരിവെച്ചതിന് നന്ദി എന്നാണ് ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. 

പട്ടാമ്പി കൊപ്പത്തെ കട തന്റേതെന്ന് ഫിറോസ് സമ്മതിച്ചതിന് ഒരായിരം നന്ദി. കത്വ- ഉന്നാവോ പെൺകുട്ടികളുടെ കണ്ണീരിന്റെ നനവ് ആ കടയുടെ ഓരോ സുഷിരത്തിലും അനുഭവിച്ചെന്നും ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ധോത്തി ചാലഞ്ചിൽ പറ്റിക്കപ്പെട്ട ലീഗുകാരുടെ മനോവേദനയും അവിടെ മുറ്റിനിൽക്കുന്നുവെന്നും ഇത് മനസ്സിനെ വല്ലാതെ മഥിച്ചുവെന്നും ജലീൽ കുറിച്ചു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരായിരം നന്ദി, പട്ടാമ്പിക്കടുത്തെ യമ്മി ഫ്രൈഡ് ചിക്കൻ കട തന്റേതെന്ന് പികെ ഫിറോസ് സമ്മതിച്ചതിന്. തിരുനാവായക്കാരൻ വെള്ളടത്ത് മുഹമ്മദ് അഷ്റഫ് സ്വന്തം ബിനാമിയാണെന്ന് അംഗീകരിച്ചതിന്. 

എൻബി: കത്വ- ഉന്നാവോ പെൺകുട്ടികളുടെ കണ്ണീരിന്റെ നനവ് ഞാനാ കടയുടെ ഓരോ സുഷിരത്തിലും അനുഭവിച്ചു. ദോതി ചാലഞ്ചിൽ പറ്റിക്കപ്പെട്ട ലീഗുകാരുടെ മനോവേദന അവിടെ മുറ്റി നിൽക്കുന്നത് മനസ്സിനെ വല്ലാതെ മഥിച്ചു- ജലീൽ കുറിച്ചു. 

ഗള്‍ഫിൽ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുകയും ബിനാമി ബിസിനസുകൾ ഫിറോസ് നടത്തുന്നുണ്ടെന്നും ജലീല്‍ ആരോപിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായി, പൊതുപ്രവര്‍ത്തനവും തൊഴിലും ബിസിനസും ഒരുമിച്ച് നടത്തിയ പിതാവാണ് തനിക്ക് മാതൃകയെന്ന് പി.കെ.ഫിറോസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കടിയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന കെടി ജലീലിന്റെ ഫോട്ടോ ഫിറോസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ് ജലീലിന്റെ മറുകുറിപ്പ്. 

Content Highlights: Kerala MLA KT Jaleel and PK Firoz Continue War of Words Over Benami Allegations